Sections

ഇന്ത്യയിലെ ആദ്യ മിക്‌സഡ് റിയാലിറ്റി മൾട്ടിപ്ലെയർ ലേണിംഗ് ലാബ് മധ്യപ്രദേശിൽ സ്ഥാപിച്ച് മലയാളി കമ്പനി

Thursday, Sep 24, 2026
Reported By Admin
KSUM Startup Infusory Launches India’s First Mixed Reality Lab

കൊച്ചി: മധ്യപ്രദേശിലെ റേവയിലുള്ള ജ്യോതി സീനിയർ സെക്കൻഡറി സ്കൂളിൽ രാജ്യത്തെ ആദ്യത്തെ 'മിക്സഡ് റിയാലിറ്റി മൾട്ടിപ്ലെയർ ലേണിങ് ലാബ്' സ്ഥാപിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) സ്റ്റാർട്ടപ്പ്. ഇമ്മേഴ്സീവ് ടെക്നോളജി സ്റ്റാർട്ടപ്പായ ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്സാണ് ഈ നേട്ടം കൈവരിച്ചത്.

കോട്ടയം സ്വദേശി തോംസൺ ടോം, തൃശൂർ സ്വദേശി ശ്യാം പ്രദീപ് ആലിൽ എന്നിവർ ചേർന്ന് 2018-ൽ സ്ഥാപിച്ച ഇൻഫ്യൂസറി, സ്കൂൾ വിദ്യാഭ്യാസ രംഗത്തിനായി 'ട്യൂട്ടർ എക്സ്ആർ' അത്യാധുനിക പ്ലാറ്റ്ഫോം വികസിപ്പിച്ചിരുന്നു.

സ്കൂളിലെ 1,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്നലാബിലൂടെ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ തന്നെ ത്രിമാന (ത്രിഡി) ഡിജിറ്റൽ മാതൃകകളുമായി നേരിട്ട് ഇടപഴകി പഠിക്കാനാകും.

പരമ്പരാഗത വെർച്വൽ റിയാലിറ്റി (വിആർ) സംവിധാനങ്ങളിൽ ഓരോ വിദ്യാർത്ഥിയും കമ്പ്യൂട്ടർ സൃഷ്ടിച്ച ലോകത്തിനുള്ളിൽ ഒറ്റപ്പെടുകയാണ് ചെയ്യുന്നതെങ്കിൽ, മിക്സഡ് റിയാലിറ്റി സാങ്കേതികവിദ്യയിലൂടെ ക്ലാസ് മുറിയും അധ്യാപകരെയും സഹപാഠികളെയും കണ്ടുകൊണ്ട് തന്നെ കൂട്ടായി പഠനം നടത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു.

ഭൗതികശാസ്ത്രത്തിലെ പ്രകാശ പ്രതിഫലനം പോലുള്ള പരീക്ഷണങ്ങളിൽ ഒരേസമയം ഒരുമിച്ച് നിന്ന് വെർച്വൽ കണ്ണാടിയും പ്രകാശകിരണങ്ങളും ക്രമീകരിച്ച് നിരീക്ഷണങ്ങൾ പങ്കുവെക്കാൻ ഇതുവഴി സാധിക്കും. മൂവായിരത്തിലധികം ഇമ്മേഴ്സീവ് ലേണിങ് മൊഡ്യൂളുകളാണ് ട്യൂട്ടർ എക്സ് ആർ വാഗ്ദാനം ചെയ്യുന്നത്.

മൾട്ടിപ്ലെയർ എക്സ്ആർ അന്തരീക്ഷത്തിൽ പ്രത്യേക ട്രാക്കിങ് ഉപകരണങ്ങളോ ഹാർഡ്വെയർ സെറ്റപ്പുകളോ ഇല്ലാതെ തന്നെ എല്ലാവർക്കും ഒരേ വെർച്വൽ വസ്തുക്കൾ ഒരേ സ്ഥാനത്ത് കൃത്യതയോടെ ട്യൂട്ടർ എക്സ് ആർ ലഭ്യമാക്കും. സ്വന്തം സാങ്കേതികവിദ്യയായ 'റിലേറ്റീവ് ആങ്കറിങ് സിസ്റ്റം' ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഹാർഡ്വെയറുകളെ ആശ്രയിക്കാതെ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏക സാങ്കേതികവിദ്യയാണിത്.

സാങ്കേതികവിദ്യയിലൂടെ പഠനം കൂടുതൽ ആസ്വാദ്യകരമാക്കാൻ ട്യൂട്ടർ എക്സ് ആർ ലാബ് സഹായിക്കുമെന്ന് ജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ മാനേജർ അഡ്വ. ഫാ. ജെസ്ബിൻ മാത്യുവും, ഇത്തരമൊരു സൗകര്യം സ്കൂളിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പൽ ഫാ. സിജു ജോണും പറഞ്ഞു.

പാഠപുസ്തകങ്ങളിലും കേവല വിവരണങ്ങളിലും ഒതുങ്ങാതെ പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയും കുട്ടികളിൽ പഠനം സാധ്യമാക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങൾക്ക് സംരംഭം കരുത്തുപകരുന്നു. സിംഗപ്പൂർ എയർലൈൻസ് ഉൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങൾക്കായി സാങ്കേതിക പദ്ധതികൾ നടപ്പിലാക്കിയിട്ടുള്ള ഇൻഫ്യൂസറി, രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഇതിലൂടെ തുടക്കമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.