Sections

മുത്തൂറ്റ് ഫിനാൻസ് എംജി ജോർജ് മുത്തൂറ്റ് സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു

Sunday, Mar 08, 2026
Reported By Admin
MG George Muthoot Memorial Hall Inaugurated in Kochi

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് കമ്പനിയുടെ മുൻ ചെയർമാൻ എംജി ജോർജ് മുത്തൂറ്റിൻറെ സ്മരണയ്ക്കായി പണി കഴിപ്പിച്ച എംജി ജോർജ് മുത്തൂറ്റ് സ്മാരക ഹാൾ പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ജേക്കബ്ബ് ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. ഫോർട്ട് കൊച്ചിയിലെ സാമൂഹിക ഒത്തു ചേരലുകൾക്കും ചടങ്ങുകൾക്കും വേദിയാകുന്ന വൈഎംസിഎയിലെ ഈ ഹാൾ 3400 ചതുരശ്ര അടിയിൽ 27 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്. ഹാളിനു നാമകരണം ചെയ്യുന്ന ശിലാഫലകം മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് എം ജോർജ് അനാച്ഛാദനം ചെയ്തു.

ജനങ്ങൾക്ക് ഒത്തുചേരാൻ അവസരം നൽകുന്നതിൽ ഇത്തരം വേദികൾ നിർണായക പങ്കാണു വഹിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജസ്റ്റിസ് ജേക്കബ്ബ് ബെഞ്ചമിൻ കോശി പറഞ്ഞു. ജനങ്ങൾക്ക് സഹകരിക്കാനും ബന്ധപ്പെടാനും മേഖലയിലെ സാമൂഹിക, സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് സംയുക്തമായി ഇടപെഴകാനും ഇത്തരം സൗകര്യങ്ങൾ പ്രധാന കേന്ദ്രമായി വർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിൻറെ വികസനത്തിൽ അധിഷ്ടിതമായ കാഴ്ചപ്പാടുകളുമായി എന്നും മുന്നോട്ടു പോയിരുന്ന തങ്ങളുടെ മുൻ ചെയർമാൻ എം ജി ജോർജ്ജ് മുത്തൂറ്റിൻറെ പാരമ്പര്യത്തോടുള്ള പ്രണാമമാണ് ഈ സ്മാരക ഹാളെന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് എം ജോർജ് പറഞ്ഞു. സാമൂഹിക മുന്നേറ്റങ്ങളിലൂടേയും സമൂഹത്തിനായുള്ള പ്രവർത്തനങ്ങളിലൂടേയും ഉള്ള ശാക്തീകരണത്തിൽ വൈഎംസിഎ പോലുള്ള സ്ഥാപനങ്ങൾ പ്രധാനപ്പെട്ട പങ്കാണ് സ്ഥിരമായി വഹിച്ചു പോരുന്നത്. അവരുടെ ഈ ശ്രമത്തിനു പിന്തുണ നൽകുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക വികസനത്തിനു പിന്തുണ നൽകുന്ന വിധത്തിൽ മുത്തൂറ്റ് ഫിനാൻസ് ഫോർട്ട്കൊച്ചിയിൽ സ്ഥിരമായ സിഎസ്ആർ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. 2025 ഒക്ടോബറിൽ കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ട്രോളികൾ നൽകിയത് ഹെറിറ്റേജ് മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങളെ ശക്തമാക്കിയിരുന്നു. വൈഎംസിഎയുമായി ചേർന്ന് നിരവധി സാമൂഹിക പദ്ധതികളിൽ മുഖ്യ പങ്കാളി എന്ന നിലയിൽ കമ്പനി സഹകരിച്ചിരുന്നു.

ചടങ്ങിനെ കൊച്ചി രൂപത വികാരി ജനറൽ റെവ. ഡോ.ജോസി കണ്ടനാട്ടുതറ ആശീർവദിച്ചു. വൈഎംസിഎ ഇന്ത്യ നാഷണൽ കൗൺസിൽ ദേശീയ സെക്രട്ടറി എൻ വി എൽദോ, വൈഎംസിഎ ദക്ഷിണ-പശ്ചിമ ഇന്ത്യ ട്രഷറർ അനിൽ ജോർജ്ജ്, കോർപ്പറേഷൻ കൗൺസിലർമാരായ ടി കെ അഷറഫ്, കെ എ മനാഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.