- Trending Now:
കൊച്ചി: മെഴ്സിഡസ് ബെൻസിന്റെ പുതിയ സിഎൽഎ ബിഇവി ഇലക്ട്രിക് സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ചു. മെഴ്സിഡസ് മോഡുലാർ ആർക്കിടെക്ചർ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ആദ്യ അടുത്ത തലമുറ വാഹനമായ സിഎൽഎ ബിഇവി ബ്രാൻഡിന്റെ ഇവി വാഹനങ്ങളിലെ നിർണായക ഘട്ടമായാണ് വിലയിരുത്തുന്നത്. ലോഞ്ചിന് മുൻപ് തന്നെ 400ലധികം ബുക്കിംഗുകൾ നേടിയത് രാജ്യത്തുടനീളമുള്ള അഡംബര വാഹന പ്രേമികളുടെ അംഗീകാരമായാണ് കമ്പനി കണക്കാക്കുന്നത്.
സിഎൽഎ 250+ ലോഞ്ച് എഡിഷൻ, സിഎൽഎ 250+ ലോംഗ് റേഞ്ച് എഎംജി ലൈൻ, സിഎൽഎ 200 സ്റ്റാൻഡേർഡ് റേഞ്ച് പ്രോഗ്രസീവ് ലൈൻ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് സിഎൽഎ ബിഇവി പുറത്തിറക്കിയത്. ഇതിനു പുറമെ ഇന്ത്യയിൽ ആദ്യമായി ഹൈ വോൾട്ടേജ് ബാറ്ററി റിപ്പോർട്ട് അവതരിപ്പിച്ച് ഇലക്ട്രിക് വാഹനങ്ങളിൽ കൂടുതൽ വ്യക്തതയും ഉപഭോക്തൃ വിശ്വാസവും ഉറപ്പാക്കാനും മെഴ്സിഡസ് ബെൻസ് ലക്ഷ്യമിടുന്നു.
പുതിയ എംഎംഎ പ്ലാറ്റ്ഫോമിൽ നിർമിച്ച സിഎൽഎ ബിഇവി 800വോൾട്ട് ആർക്കിടെക്ചറാണ് ഉപയോഗിക്കുന്നത്. 240കെഡബ്ല്യൂ ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് സിഎൽഎ 250+ മോഡൽ 20 മിനിറ്റിൽ 400 കിലോമീറ്റർ റേഞ്ച് വരെ ചാർജ് ചെയ്യാം. സിഎൽഎ 200 മോഡൽ 320 കിലോമീറ്റർ റേഞ്ച് വരെയും ചാർജ് ചെയ്യാം. സിഎൽഎ 250+ ലോംഗ് റേഞ്ച് പതിപ്പിന് ഡബ്ല്യൂഎൽടിപി പ്രകാരം 792 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ 6.7 സെക്കൻഡ് മാത്രം മതി.
എംബി.ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മെഴ്സിഡസ് ബെൻസിന്റെ ആദ്യ മോഡലും സിഎൽഎ ബിഇവിയാണ്. നാലാം തലമുറ എംബിയുഎക്സ് സംവിധാനവും ചാറ്റ് ജിപിറ്റി 4, എംഎസ് ബിംഗ്, ജെമിനി എന്നിവ സംയോജിപ്പിച്ചുള്ള വർച്ച്വൽ അസിസ്റ്റന്റും ഗൂഗിൾ മാപ്പും ഇതിലുണ്ട്. എൻവിഡിഐഎ ചിപ്പുകൾ ഉപയോഗിക്കുന്ന ഈ വാഹനത്തിന് സെക്കൻഡിൽ 508 ട്രില്യൺ ഓപ്പറേഷനുകൾ വരെ കംപ്യൂട്ടിംഗ് ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അഡാസ് ലെവൽ 2 സിസ്റ്റം സ്റ്റാൻഡേർഡായി ലഭിക്കുന്ന സിഎൽഎ ബിഇവി ഒടിഎ അപ്ഡേറ്റുകൾ വഴി എൽ2+ ലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്നതാണ്. ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ സസ്പെൻഷൻ സംവിധാനമാണ് വാഹനത്തിലുള്ളത്.
രാജ്യത്തുടനീളം 9,000-ത്തിലധികം ചാർജിംഗ് പോയിന്റുകളുള്ള എംബി. ചാർജ് പബ്ലിക് നെറ്റ്വർക്ക് സിഎൽഎ ബിഇവി ഉപഭോക്താക്കൾക്ക് ലഭ്യമാണ്. മെഴ്സിഡസ് ബെൻസ് ഫിനാൻഷ്യൽ സർവീസസിന്റെ സ്റ്റാർ അജിലിറ്റി പദ്ധതിയിലൂടെ 59% വരെ ബൈബാക്ക് മൂല്യവും 62,000രൂപ മുതലുള്ള ഇഎംഐയും 6.99% പലിശ നിരക്കിലും വാഹനം ലഭിക്കും.
8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വരെ ബാറ്ററി വാറന്റിയും 60,000രൂപ മുതൽ ആരംഭിക്കുന്ന സർവീസ് പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹീറ്റ് പ്രൊട്ടക്ഷൻ കോട്ടിംഗുള്ള പനോരാമിക് സൺറൂഫ് ഉൾപ്പടെ നിരവധി ആധുനിക സവിശേഷതകളും സിഎൽഎ ബിഇവിയിലുണ്ട്.
സിഎൽഎ ബിഇവി ലോഞ്ച് എഡിഷന് 64 ലക്ഷം രൂപയും സിഎൽഎ 250+ ലോംഗ് റേഞ്ചിന് 59 ലക്ഷം രൂപയും സിഎൽഎ 200 സ്റ്റാൻഡേർഡ് റേഞ്ചിന് 55 ലക്ഷം രൂപയുമാണ് പ്രാരംഭ വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.