Sections

മെഴ്‌സിഡസ് ബെൻസിന്റെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ചു

Tuesday, Jun 16, 2026
Reported By Admin
Mercedes-Benz S 450e Plug-in Hybrid Launched in India

കൊച്ചി: മെഴ്സിഡസ് ബെൻസിന്റെ ഫ്ലാഗ്ഷിപ്പ് വാഹനമായ എസ്-ക്ലാസിലെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡൽ എസ് 450ഇ ഇന്ത്യയിൽ അവതരിപ്പിച്ചു. ലോഞ്ച് എഡിഷൻ, മാനുഫാക്ചർ എഡിഷൻ എന്നീ രണ്ട് മോഡലുകളിലായാണ് വാഹനം എത്തുന്നത്.

യൂറോ 7 മാനദണ്ഡങ്ങൾ പാലിക്കുന്ന 3.0 ലിറ്റർ എം256 ഇവൊ ഇൻലൈൻ 6 ടർബോ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 326എച്ച്പി കരുത്തും 540എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ വാഹനത്തിന് സാധിക്കും. ഇതിനൊപ്പം 120കിലോവാട്ടിന്റ ഇലക്ട്രിക് മോട്ടോർ കൂടി ചേരുന്നതോടെ വാഹനത്തിന്റെ ആകെ കരുത്ത് 320 കിലോവാട്ടായും (435എച്ച്പി) ആയും ടോർക്ക് 680എൻഎം ആയും വർദ്ധിക്കും.

9 സ്പീഡ് 9ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഈ വാഹനം വെറും 5.7 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കും. 250 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. മറ്റ് എസ് ക്ലാസ് മോഡലുകളിൽ നിന്നും വ്യത്യസ്തമായി ഈ മോഡൽ പൂർണ്ണമായും റിയർ വീൽ ഡ്രൈവ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.

ഇതിലെ 22 കെഡബ്ല്യൂഎച്ച് ലിഥിയം അയൺ ബാറ്ററി ഏകദേശം 115 കിലോമീറ്റർ വരെയുള്ള പ്യുവർ ഇലക്ട്രിക് റേഞ്ച് നൽകുന്നു. ദൈനംദിന യാത്രകൾക്ക് പെട്രോൾ എഞ്ചിന്റെ സഹായമില്ലാതെ തന്നെ ഈ റേഞ്ച് പര്യാപ്തമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. ദീർഘദൂര യാത്രകളിൽ ആവശ്യാനുസരണം പെട്രോൾ എഞ്ചിനും ഉപയോഗിക്കാം. എസ് ക്ലാസിൽ കമ്പനി നൽകുന്ന ഏറ്റവും വലിയ അപ്ഡേറ്റാണ് എസ് 450ഇ മോഡലിലുള്ളത്.

എ.ഐ. പിന്തുണയുള്ള അത്യാധുനിക മെഴ്സിഡസ് ബെൻസ് ഓപ്പറേറ്റിംഗ് സിസ്റ്റം, എംബിയുഎക്സ് സൂപ്പർസ്ക്രീൻ ഉൾപ്പടെ പുതിയതോ നവീകരിച്ചതോ ആയ 2,700ലധികം ഘടകങ്ങളാണ് ഈ വാഹനത്തിലുള്ളത്. മൈക്രോ എൽഇഡി സാങ്കേതികവിദ്യയുള്ള ട്വിൻ-സ്റ്റാർ ഡിജിറ്റൽ ലൈറ്റ് ഹെഡ്ലാമ്പുകൾ മുൻ മോഡലിനേക്കാൾ 40% കൂടുതൽ പ്രകാശം നൽകുന്നു(600 മീറ്റർ വരെ). കൂടാതെ 20% വലുപ്പം കൂടിയ ഇല്ല്യൂമിനേറ്റഡ് ഗ്രില്ലും മുൻവശത്തുണ്ട്.

കൂടാതെ ഇന്ത്യയിലാദ്യമായാണ് ഒരു എസ്-ക്ലാസ് മോഡലിൽ 15 വരെ എയർബാഗുകൾ നൽകുന്നത്. മികച്ച യാത്രയ്ക്കായി എയർമാറ്റിക് എയർ സസ്പെൻഷൻ, 4.5 ഡിഗ്രി റിയർ ആക്സിൽ സ്റ്റിയറിംഗ് എന്നിവ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഇടുങ്ങിയ റോഡുകളിലും നഗരങ്ങളിലുമൊക്കെ എളുപ്പത്തിൽ തിരിക്കാൻ സഹായിക്കുന്ന ഈ സ്റ്റിയറിംഗ് സംവിധാനം ആവശ്യമെങ്കിൽ 10 ഡിഗ്രി വരെ അപ്ഗ്രേഡ് ചെയ്യാനും സാധിക്കും.

എസ് 450ഇ ലോഞ്ച് എഡിഷന് 2.20 കോടി രൂപയും മാനുഫാക്ചർ എഡിഷന് 2.38 കോടി രൂപയുമാണ് എക്സ്-ഷോറൂം വില. ഈ പുതിയ വാഹനങ്ങൾക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2026 നാലാം പാദത്തോടെ ഡെലിവറി ആരംഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.