- Trending Now:
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ (കെ.എം.ബി) കലാമികവ്, സാമൂഹിക പങ്കാളിത്തം, പ്രവർത്തനം തുടങ്ങിയവ അനുകരണീയമാണെന്ന് മേഘാലയ ടൂറിസം വകുപ്പ് കമ്മീഷണറും സെക്രട്ടറിയുമായ ഡോ. വിജയ് കുമാർ പറഞ്ഞു. ബിനാലെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ ബിനാലെകളിലെ പതിവ് സന്ദർശകനായ അദ്ദേഹം ഇക്കാലയളവിൽ ബിനാലെ നേടിയ വളർച്ച അത്ഭുതപ്പെടുത്തുന്നതാണെന്ന് പറഞ്ഞു. ഓരോ വർഷം കഴിയുന്തോറും ബിനാലെ കൂടുതൽ വിപുലമാവുകയാണെന്നും കലയുടെ നിലവാരവും ക്യൂറേഷനും ജനപങ്കാളിത്തവും തികച്ചും അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. സമുദ്രസാന്നിദ്ധ്യവും പ്രകൃതിരമണീയമായ ചുറ്റുപാടുകളും പ്രദർശന വേദികളും ബിനാലെയുടെ പ്രധാന ആകർഷണങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആസ്പിൻവാൾ ഹൗസ് പോലുള്ള പൈതൃക കെട്ടിടങ്ങളും പുനരുദ്ധരിച്ച സുഗന്ധവ്യഞ്ജന വെയർഹൗസുകളും ബിനാലെ വേദികളായി ഉപയോഗിക്കുന്നത് പ്രദർശനം കാണുന്നവർക്ക് നവ്യാനുഭവം പകരുന്നതായി ഡോ. വിജയ് കുമാർ ചൂണ്ടിക്കാട്ടി. മട്ടാഞ്ചേരിയിലെ ആനന്ദ് വെയർഹൗസിൽ ഒരുക്കിയിട്ടുള്ള ഇബ്രാഹിം മഹാമയുടെ 'പാർലമെന്റ് ഓഫ് ഗോസ്റ്റ്‌സ്' എന്ന കലാപ്രതിഷ്ഠ ചിന്തോദ്ദീപകമാണെന്ന് അദ്ദേഹം പറഞ്ഞു. വെനീസ് ബിനാലെയോട് കിടപിടിയ്ക്കുന്നതാണ് കൊച്ചി ബിനാലെയെന്ന് പറഞ്ഞ അദ്ദേഹം ഇത്രയും വലിയൊരു അന്താരാഷ്ട്ര കലാമേള ഇന്ത്യയിൽ നടക്കുന്നത് അഭിമാനകരമാണെന്നും കൂട്ടിച്ചേർത്തു.
ആർട്ടിസ്റ്റ് മീര ദേവിദയാൽ, പ്രശസ്ത ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, ചലച്ചിത്ര സംവിധായകൻ പാ. രഞ്ജിത്ത് എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ ബിനാലെ സന്ദർശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.