Sections

സംരംഭങ്ങൾക്ക് കൈത്താങ്ങായി വ്യവസായ ഏകജാലക അനുമതി ബോർഡ് 24 സംരംഭങ്ങൾക്ക് അനുമതി നൽകി

Friday, Feb 21, 2025
Reported By Admin
Business approval meeting, Kerala industry board, district collector meeting

സംരംഭങ്ങൾക്ക് വിവിധ അനുമതികൾ ലഭ്യമാക്കുന്നതിനുള്ള വ്യവസായ ഏകജാലക അനുമതി ബോർഡ് യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. 45 അപേക്ഷകൾ പരിഗണിച്ചതിൽ 24 സംരംഭങ്ങൾക്ക് അനുമതി നൽകി. ശേഷിക്കുന്ന അപേക്ഷകളിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഉടൻ തീരുമാനമെടുക്കാൻ നിർദ്ദേശം നൽകി . മലിനീകരണ നിയന്ത്രണ ബോർഡിലെ അനുമതികൾക്കായി സമർപ്പിച്ച എട്ട് സംരംഭങ്ങൾക്കും കൃഷിവകുപ്പിലെ വിവിധ അനുമതികൾക്കായി സമർപ്പിച്ച അഞ്ച് സംരംഭങ്ങൾക്കും അനുമതി നൽകി. തദേശ സ്വയംഭരണസ്ഥാപനങ്ങളിൽ വിവിധ അനുമതികൾക്കായി സമർപ്പിച്ചിരുന്ന മൂന്ന് അപേക്ഷകളും ഭക്ഷ്യ സുരക്ഷാവകുപ്പുമായി ബന്ധപ്പെട്ട നാല് അപേക്ഷകളും തീർപ്പാക്കി. കെട്ടിട നമ്പർ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ച് ദീർഘകാലമായി കാത്തിരുന്ന നിലമ്പൂരിലെ മെ. റഹ്മത്ത് പെയിന്റ്സ് എന്ന സ്ഥാപനത്തിന് കെട്ടിട നമ്പർ അനുവദിക്കുന്നതിനും ഗ്രാമപഞ്ചായത്ത് അനുമതികൾക്കായി ദീർഘകാലമായി കാത്തിരുന്ന പൊന്നാനിയിലെ മെ.എസ്.ആർ.ബി അൽഗൂബ് എന്ന സ്ഥാപനത്തിന് ഏകജാലക അനുമതി ബോർഡ് നേരിട്ട് നൽകുന്നതിനും തീരുമാനിച്ചു.

ഇതിനോടൊപ്പം സംഘടിപ്പിച്ച ജില്ലാതല പരാതി പരിഹാര കമ്മറ്റി യോഗത്തിൽ ലഭ്യമായ 10 പരാതികളിൽ ആറ് എണ്ണം തീർപ്പാക്കുന്നതിനും ശേഷിക്കുന്ന അപേക്ഷകളിൽ ഉടൻ തീർപ്പ് കൽപ്പിക്കുവാനും വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

പരാതികളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സംരംഭങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ പാടില്ലെന്നും അപ്രോയോഗികമായ വ്യവസ്ഥകൾ നിർദേശിക്കരുതെന്നും ജില്ലാ കളക്ടർ വകുപ്പുകൾക്ക് നിർദേശം നൽകി പരാതികൾ ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വിദഗ്ധ സ്ഥാപനങ്ങളുടെ അഭിപ്രായം തേടി മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നും അടിസ്ഥാനമില്ലാത്ത പരാതികൾ തള്ളിക്കളയണമെന്നും ജില്ലാ കളക്ടർ കൂട്ടിചേർത്തു.

വ്യവസായ ഏകജാലക അനുമതി ബോർഡിന്റെ പ്രവർത്തനം ജില്ലയിലെ സംരംഭകർക്ക് വലിയ സഹായകരമാണെന്ന് യോഗത്തിൽ പങ്കെടുത്ത സംരംഭക പ്രതിനിധികൾ അറിയിച്ചു. ഏകജാലക അനുമതി ബോർഡിലേക്ക് അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർ കെ സ്വിഫ്റ്റ് ഓൺലൈൻ സംവിധാനം മുഖേനയോ മലപ്പുറം സിവിൽ സ്റ്റേഷനിൽ ഉള്ള ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുമായോ താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസുകളുമായോ ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.