- Trending Now:
കൊച്ചി: ലോകത്തിൽ അതിവേഗം നശിച്ചു കൊണ്ടിരിക്കുന്ന മണ്ണിനെ സംരക്ഷിക്കുന്നതിന് പ്രാദേശിക ജനതയുടെ അതിജീവനം അത്യാവശ്യമാണെന്ന് കൊച്ചി മുസിരിസ് ബിനാലെയിൽ നടന്ന ദി സോയിൽ അസംബ്ലി സമ്മേളനം അഭിപ്രായപ്പെട്ടു. മണ്ണിനെക്കുറിച്ചുള്ള ബോധവത്കരണം ശരിയായ രീതിയിൽ നടത്തിയില്ലെങ്കിൽ രണ്ട് പതിറ്റാണ്ടിനകം തന്നെ വലിയ പ്രത്യാഘതം നേരിടേണ്ടി വരുമെന്ന് നാല് ദിവസത്തെ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മണ്ണുമായി ബന്ധപ്പെട്ട ഇത്തരം അന്താരാഷ്ട്ര ഇടപെടലുകൾ വർത്തമാനകാലത്ത് നടത്തുന്നതിന് വ്യക്തമായ രാഷ്ട്രീയബോധം വേണമെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സഹസ്ഥാപകനായ ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളെ സമകാലീന കലയിലൂടെ അവതരിപ്പിക്കുമ്പോൾ അതിന് ലഭിക്കുന്ന സ്വീകാര്യത വലുതാണെന്ന് ബോസ് ചൂണ്ടിക്കാട്ടി. രാജ്യാന്തര തലത്തിൽ ഇത്തരം വിഷയങ്ങളെ അവതരിപ്പിക്കുന്നതിന് സംഘാടകർ പ്രദർശിപ്പിക്കുന്ന ധൈര്യവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പെഡ്രോ സോളർ, ഡാനിയേല മോറേനോ എന്നിവർ ഇക്വഡോറിലെ ജനങ്ങളുടെ അതിജീവനത്തിനെക്കുറിച്ചുള്ള ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. സോയിൽ അസംബ്ലിയുടെ ക്യൂറേറ്റർ മീന വാരി, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഡയറക്ടർ ഓഫ് പ്രോഗ്രാംസ് മാരിയോ ഡിസൂസ, സാമൂഹ്യപ്രവർത്തകനായ മനോജ് കുമാർ, അസുൻസിയോൺ മോലിനോസ് ഗോർഡോ, റാമോൺ ഗ്രെൻഡേൻ തുടങ്ങിയവർ സംസാരിച്ചു.
ശില്പശാലയിൽ ചതുപ്പ് നിലങ്ങൾ, കണ്ടൽക്കാടുകൾ, സമുദ്ര വ്യാപാരം, മണ്ണിലെ സൂക്ഷ്മ ജീവജാലങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും. കേരളത്തിലെ തീരദേശങ്ങളുടെ ശോച്യാവസ്ഥ വിവരിക്കുന്ന ആരതി എം ആർ സംവിധാനം ചെയ്ത ഉപ്പുവീടുകൾ അടക്കം മൂന്ന് ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും.
ബ്രസീൽ, ചൈന, ജപ്പാൻ, ഇന്തോനേഷ്യ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഇതിൽ പങ്കുചേരും. രണ്ടാം ദിവസമായ ബുധനാഴ്ച മംഗളവനം പക്ഷി സങ്കേതത്തിൽ പ്രത്യേകം സെഷനും സംഘടിപ്പിക്കുന്നുണ്ട്. പരിസ്ഥിതി പ്രവർത്തക ശ്രുതി തേരായിലിന്റെ നേതൃത്വത്തിൽ ചുറ്റുമുള്ള ഭക്ഷ്യയോഗ്യമായ കാട്ടുചെടികളെ പരിചയപ്പെടുത്തുന്ന സെഷനും ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.