Sections

നിരവധി സംരംഭങ്ങൾക്ക് നോർക്ക വഴി വായ്പാനുമതി

Thursday, Mar 02, 2023
Reported By admin
norka

സംരംഭങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ വായ്പാത്തുക അനുവദിക്കും


പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയിൽ 203 സംരംഭങ്ങൾക്കായി 18.22 കോടി രൂപയുടെ വായ്പാ അനുമതി നൽകി. 251 അപേക്ഷകരാണ് വായ്പാ മേളയിൽ പങ്കെടുത്തത്. സംരംഭങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോഴിക്കോട്ടെ കേരള ബാങ്ക് ശാഖകൾ വായ്പാത്തുക അനുവദിക്കും. കേരളാ ബാങ്കിന്റെ പ്രവാസികിരൺ, പ്രവാസി ഭദ്രത പദ്ധതികളിൽ പെടുത്തിയാണ് വായ്പകൾ അനുവദിച്ചത്.

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം) പ്രകാരമാണ് വായ്പാമേള സംഘടിപ്പിച്ചത്. കേരള ബാങ്കിന്റെ പ്രവാസികിരൺ പദ്ധതിയിൽ പെടുത്തി 50 അപേക്ഷകർക്കായി 11.32 കോടി രൂപയുടെ വായ്പയ്ക്കാണ് അനുമതി നൽകിയത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും. കേരള ബാങ്കിന്റെ പ്രവാസി ഭദ്രത പദ്ധതിയിൽ 153 പേർക്കായി 6.90 കോടി രൂപയുടെയും വായ്പാ അനുമതി നൽകി.

കേരള ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന വായ്പാമേള കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. റീജിയണൽ ജനറൽ മാനേജർ സി അബ്ദുൽ മുജീബ് അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് കോഴിക്കോട് സെന്റർ മാനേജർ അബ്ദുൽ നാസർ വാക്കയിൽ നോർക്ക റൂട്ട്സ് പദ്ധതികളും കേരള ബാങ്ക് വായ്പാ വിഭാഗം മാനേജർ ടി കെ ജീഷ്മ കേരള ബാങ്ക് വായ്പാ പദ്ധതികളും വിശദീകരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.