- Trending Now:
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിലെ ലക്ഷ്മി നിവാസ് കളക്ടീവിന്റെ കലാസൃഷ്ടികൾ ശ്രദ്ധേയമാകുന്നു. സമകാലീന, പരിസ്ഥിതീയിൽ അസമത്വത്തിന്റെ ഭയാനകമായ ഓർമ്മപ്പെടുത്തലുകൾ ചിത്രീകരിച്ചിരിക്കുന്ന റെസിസ്റ്റൻസ് പ്രെയർ സോംഗ് 2025, ഫെയ്ത്ത് വാസ് നെവർ എബൗട്ട് അസ് (2025) എന്നീ ശില്പങ്ങളും 'വെയ്റ്റ് (2025)' എന്ന വീഡിയോ ഇൻസ്റ്റലേഷനുമാണ് ശ്രദ്ധയാകർഷിക്കുന്നത്.
വില്ലിംഗ്ഡൺ ഐലൻഡിലെ വെയർഹൗസിലാണ് കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുള്ളത്. മരത്തിൽ താങ്ങിനിർത്തിയിരിക്കുന്ന ഗ്രാഫൈറ്റ്, ടെറാക്കോട്ട, പനമരത്തടി എന്നിവകൊണ്ടുള്ള മൃഗങ്ങളുടെ ശരീരഭാഗങ്ങളാണ് ഇതിന്റെ പ്രധാന ആകർഷണം. ജന്തുക്കളുടെ തുറന്നിരിക്കുന്ന വായ, കാലുകൾ തുടങ്ങിയവ ഇന്നത്തെ ഭീതിതമായ ചുറ്റുപാടുകളെ ഓർമ്മപ്പെടുത്തുന്നു. ഒരുകാലത്ത് ഭൂമി എല്ലാത്തരം ജീവികളുടെയും ആവാസവ്യവസ്ഥയായിരുന്നുവെന്ന സൂചന നൽകുന്ന ശില്പങ്ങളാണിവ.
പശുവിന്റെയും ആടിന്റെയും കുളമ്പുകളുടെയും കാലുകളുടെയും ആകൃതിയിലുള്ള സൃഷ്ടികളിൽ മനുഷ്യനും മറ്റ് ജന്തുക്കളും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്നു. മനുഷ്യവംശം, മൃഗങ്ങൾ, സസ്യങ്ങൾ, അവയുടെ സഹവർത്തിത്വം എന്നിവയും ഇതിനോട് ചേർത്ത് വായിക്കാം. മനുഷ്യരും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കായുള്ള പ്രവർത്തനങ്ങളും ശില്പങ്ങൾ പ്രമേയമാക്കുന്നു.
ഋതുക്കളെയും ഋതുക്കളെക്കുറിച്ചുള്ള മനുഷ്യന്റെ കാഴ്ചപ്പാടിനെയും പ്രതിപാദിക്കുന്ന വീഡിയോ ഇൻസ്റ്റലേഷനാണ് 'വെയ്റ്റ് (2025)'.
വിഷ്വൽ ആർട്ടിസ്റ്റ് സുനോജ് ഡിയും പുരാവസ്തുശാസ്ത്രം, നരവംശശാസ്ത്രം, ചരിത്രം എന്നിവയിൽ അഗ്രഗണ്യയായ നമ്രത നിയോഗുമാണ് 2018 ൽ സ്ഥാപിതമായ ലക്ഷ്മി നിവാസ് കളക്റ്റീവിന് പിന്നിൽ.
പ്രകൃതിയോടിണങ്ങി ജീവിക്കാനായി സുനോജിന്റെ ജന്മദേശമായ പാലക്കാട്ട് കുറച്ച് ഭൂമി പാട്ടത്തിനെടുത്തതിനൊപ്പം തദ്ദേശീയമായി പശു വളർത്തൽ ആരംഭിച്ചിരുന്നതായി നമ്രത പറഞ്ഞു. അതിന്റെ പരിപാലന അനുഭവങ്ങളിലൂടെ കൂടുതൽ ഉൾക്കാഴ്ചയും പുത്തൻ കാഴ്ചപ്പാടുകളും ഭാഷയും ലഭിച്ചു. നമ്മെയും പ്രകൃതിദൃശ്യങ്ങളെയും മനസ്സിലാക്കാൻ മൃഗങ്ങൾ ലെൻസ് ആയെന്നും അവർ കൂട്ടിച്ചേർത്തു.
പ്രകൃതിദൃശ്യങ്ങളുടെയും മനുഷ്യനിർമിത, മനുഷ്യകേന്ദ്രിക ഘടനയുടെയും സഹവർത്തിത്വത്തിനും കുടിയേറ്റ-നഗര സമൂഹങ്ങളുടെ ആശയങ്ങൾക്കും വ്യവസായവൽക്കരണത്തിനും അവ പ്രകൃതിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കും ഈ ഇൻസ്റ്റലേഷനുകൾ ഒരു മികച്ച ദൃശ്യഭാഷ നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.