Sections

കലാധിഷ്ഠിത സംരംഭങ്ങൾക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടു

Sunday, Jan 25, 2026
Reported By Admin
KSUM Partners with Kerala Kalamandalam to Launch Creative Incubator

  • കലാമണ്ഡലത്തിൽ ക്രിയേറ്റീവ് ഇൻകുബേറ്റർ സ്ഥാപിക്കും

തിരുവനന്തപുരം: സാംസ്കാരിക മേഖലയിലെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം ) കലാ-സാംസ്കാരിക സർവകലാശാലയായ കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടു. ഇതിൻറെ ഭാഗമായി ചെറുതുരുത്തിയിലെ കലാമണ്ഡലം കാമ്പസിൽ കെഎസ് യുഎം ക്രിയേറ്റീവ് ഇൻകുബേറ്റർ സ്ഥാപിക്കും.

സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസിൻറെ സാന്നിധ്യത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയും കേരള കലാമണ്ഡലം വൈസ് ചാൻസലർ ബി. അനന്തകൃഷ്ണനും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കേരളത്തിൻറെ സാംസ്കാരികവും സർഗ്ഗാത്മകവുമായ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ പങ്കാളിത്തമെന്ന് അനൂപ് അംബിക പറഞ്ഞു. കല, സംസ്കാരം, സർഗ്ഗാത്മകത, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവ ഒരുമിച്ച് കൊണ്ടുവന്ന് സമഗ്ര ഇന്നവേഷൻ എക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള കെഎസ് യുഎമ്മിൻറെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നത്. സർഗാത്മക സംരംഭകത്വത്തിൻറെ ഒരു മുൻനിര കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സ്റ്റാർട്ടപ്പ് മിഷനും കേരള കലാമണ്ഡലവും സംയുക്തമായാണ് ക്രിയേറ്റീവ് ഇൻകുബേഷൻ സെൻറർ സ്ഥാപിക്കുക. കലാരംഗത്തെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക, വിദ്യാർത്ഥികൾക്കും കലാകാരന്മാർക്കും സാങ്കേതികവിദ്യ, നവീകരണം, സംരംഭകത്വം എന്നിവ പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുക തുടങ്ങിയവ ഇതിലൂടെ ലക്ഷ്യമിടുന്നു.

പരിശീലന പരിപാടികൾ, മെൻറർഷിപ്പ്, കലാ- സാങ്കേതിക പ്രദർശനങ്ങൾ തുടങ്ങിയവയ്ക്ക് ഈ പങ്കാളിത്തം വഴിതുറക്കും. സംസ്ഥാനത്തുടനീളമുള്ള കലാധിഷ്ഠിത സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലേക്കുള്ള പ്രവേശനം സാധ്യമാക്കുകയും ചെയ്യും.

ചടങ്ങിൽ സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. സന്തോഷ് ബാബു ഐഎഎസ്, കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ് കുമാർ.പി, സ്റ്റാർട്ടപ്പ് മിഷൻ മാനേജർ സൂര്യ തങ്കം എന്നിവരും പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.