Sections

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ ക്ലസ്റ്റർ മാതൃകയ്ക്ക് ഊന്നൽ നൽകി സ്റ്റാർട്ടപ്പ് ഉച്ചകോടി

Sunday, Mar 08, 2026
Reported By Admin
KSUM IEDC Startup Summit 2026 Concludes in Kottayam

ഐഇഡിസി സ്റ്റാർട്ടപ്പ് ഉച്ചകോടി 2026 ന് കോട്ടയത്ത് സമാപനം


കോട്ടയം: സംസ്ഥാനത്തെ വിദ്യാർത്ഥി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ ശക്തി പ്രദർശിപ്പിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിച്ച ഐഇഡിസി സ്റ്റാർട്ടപ്പ് ഉച്ചകോടി 2026 ന് കോട്ടയത്ത് സമാപനം. സംസ്ഥാനത്തുടനീളമുള്ള കലാലയങ്ങളിൽ നിന്ന് ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും സംരംഭക ആശയങ്ങളും ഉയർത്തിക്കാട്ടുന്നതിനായി നൂതനാശയക്കാർ, നയരൂപകർത്താക്കൾ, അക്കാദമിക വിദഗ്ധർ എന്നിവരെ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവന്നു. കോട്ടയം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആണ് ഉച്ചകോടിക്ക് വേദിയായത്.

കേരളത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് മാതൃകയായി ഉയർന്നുവന്നിട്ടുണ്ടെന്ന് ഇലക്ട്രോണിക്സ്- ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. കേരളത്തിന്റെ ഏറ്റവും വലിയ ശക്തി മാനുഷിക മൂലധനമാണ്. ഇത് മലയാളികളെ ലോകമെമ്പാടും പ്രവർത്തിക്കാനും മികവ് പുലർത്താനും പ്രാപ്തരാക്കിയിട്ടുണ്ട്. വിജ്ഞാന കേന്ദ്രീകൃത നവീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ഉയർന്ന മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ നിർമ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വ്യക്തമാക്കി.

ഉയർന്ന മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ എങ്ങനെ സൃഷ്ടിക്കാം എന്നതായിരിക്കണം നമ്മുടെ ശ്രദ്ധ. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ഇന്നൊവേഷൻ ഹബ്ബുകൾ സ്ഥാപിക്കണം. അത്തരം സംരംഭങ്ങളെ പരിപോഷിപ്പിക്കണമെന്നും സാംബശിവ റാവു കൂട്ടിച്ചേർത്തു.

മാറുന്ന കാലത്തെ തിരിച്ചറിഞ്ഞ് കേരളം എപ്പോഴും മുന്നോട്ട് പോയിട്ടുണ്ടെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത എൻ ജയരാജ് എംഎൽഎ പറഞ്ഞു. സമൂഹം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

നിർമ്മിതബുദ്ധി അടക്കമുള്ള സാങ്കേതിക മുന്നേറ്റം പ്രോട്ടോടൈപ്പുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ സമയം ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. നേരത്തെ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിക്കാൻ മാസങ്ങൾ എടുക്കുമായിരുന്നു. ഇപ്പോൾ എഐയുടെ സഹായത്തോടെ അത് ദിവസങ്ങൾക്കുള്ളിൽ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാന്റുകൾക്കോ ധനസഹായത്തിനോ വേണ്ടി കാത്തിരിക്കുന്നതിനുപകരം വിദ്യാർത്ഥികൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. ക്ലാസ് മുറിയിലെ പഠനത്തെ യഥാർത്ഥ നവീകരണങ്ങളിലേക്ക് വിവർത്തനം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കണം.

വിദ്യാർത്ഥികൾ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ (ഐഇഡിസി) ക്ലസ്റ്ററുകൾ വഴി കൂടുതൽ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചുകൊണ്ട് പ്രായോഗിക സമീപനം സ്വീകരിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിൽ കേരളത്തിലുടനീളം ഏകദേശം 550 ഐഇഡിസി ക്ലസ്റ്ററുകളുണ്ട്.

ഓരോ ജില്ലയ്ക്കും ഇന്നൊവേഷൻ ആവാസവ്യവസ്ഥയിൽ സജീവമായി പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ക്ലസ്റ്ററുകളുടെ വികേന്ദ്രീകരണത്തിന്റെ ആവശ്യകത അംബിക ഊന്നിപ്പറഞ്ഞു. കോളേജുകൾക്ക് ധനസഹായം നൽകുന്നതിനുപകരം ഉൽപ്പന്ന വികസനവും സംരംഭക പ്രവർത്തനവും ശക്തിപ്പെടുത്തുന്നതിന് ഓരോ ക്ലസ്റ്ററിനും പ്രവർത്തന മൂലധനമായി 10 ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ആകെ 100-ലധികം വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾ ഭാഗമായ ഉച്ചകോടിയിൽ 3,500-ലധികം വിദ്യാർത്ഥി സംരംഭകർ പങ്കെടുത്തു.

ആറ് വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾ നൂതന പരിഹാരങ്ങൾ എടുത്തുകാണിക്കുന്ന അവരുടെ ഉൽപന്നങ്ങൾ ഉച്ചകോടിയിൽ പുറത്തിറക്കി. ഫ്ലക്സ് ടെറ സിംവർക്ക്സ്, ഗുഡ്ഗംസ്, അഗ്രോട്ടീൻ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഇക്കോസി, എസ്സിഐഎഫൈ്വ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻസിയൽ എന്നിവയാണ് ഈ സ്റ്റാർട്ടപ്പുകൾ.

സംസ്ഥാനമെമ്പാടുമുള്ള ഐഇഡിസി വിദ്യാർത്ഥികൾക്ക് പിന്തുണയും അവസരങ്ങളും നൽകുന്നതിനായി രൂപകൽപ്പന ചെയ്ത കേരള സ്റ്റാർട്ടപ്പ് മിഷന്റെ സംരംഭമായ ഇന്നോവിസ സ്റ്റുഡന്റ് കാർഡിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.