- Trending Now:
കൊച്ചി: പാർശ്വവൽക്കരിക്കപ്പെട്ടവരെയും സ്ത്രീകളെയും കലയിലും സിനിമയിലും എങ്ങനെ ആവിഷ്കരിച്ചിരിക്കുന്നുവെന്ന് ചർച്ചചെയ്ത് കൊച്ചി-മുസിരിസ് ബിനാലെയിലെ ക്രോസ്ഓവർ എബിസി വർക്ക്ഷോപ്പ്. ചലച്ചിത്രകാരിയും അക്കാദമിഷ്യനും എഴുത്തുകാരിയുമായ ജ്യോതി നിഷയാണ് കലയിലെയും സിനിമയിലെയും വ്യക്തി ആവിഷ്കാരത്തെയും അവരിലേക്കുള്ള നോട്ടത്തെയും കുറിച്ചുള്ള ഈ സെഷന് നേതൃത്വം നൽകിയത്.
കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) ആറാം പതിപ്പിന്റെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) എബിസി ആർട്ട് റൂം സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ 15-ഓളം പേർ പങ്കെടുത്തു. നോട്ടത്തിലെ ഭിന്ന സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് നൽകുന്നതായിരുന്നു ഈ സെഷൻ.
സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള കാലത്തെ സിനിമകളിൽ ദളിതരെ വിഷയങ്ങളായല്ല, വസ്തുക്കളായാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് നിഷ പറഞ്ഞു. അംബേദ്കർ, പെരിയാർ, ഫൂലെ തുടങ്ങിയവരുടെ ജാതിവിരുദ്ധ പ്രസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല അത്. മറിച്ച് ഉപരിപ്ലവമായ സൃഷ്ടികളായിരുന്നു അവയെല്ലാം. സ്വാഭാവികമായും അവയോട് ഒരു അകലം തോന്നിയെന്നും നിഷ കൂട്ടിച്ചേർത്തു.
താൻ ഒരു ദളിതനെപ്പോലെ കാണപ്പെടുന്നില്ലെന്നും നന്നായി വസ്ത്രം ധരിക്കുന്നുവെന്നും നന്നായി സംസാരിക്കുന്നുവെന്നും പറഞ്ഞു കേട്ടപ്പോഴാണ് നോട്ടം എന്ന ആശയം തന്നിൽ രൂപപ്പെതെന്ന് നിഷ പറയുന്നു. ഈ ചിന്ത അസാധാരണമാണെന്നും ഈ വിവേചനം ചിത്രീകരിക്കണമെന്നും തോന്നി. എന്നാൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയും ജേണലിസവും മറ്റ് കോഴ്സുകളും ചെയ്തിട്ടും ചിത്രീകരണത്തിന് ഒരു ഭാഷ കണ്ടെത്താൻ പാടുപെട്ടുവെന്ന് നിഷ പറയുന്നു.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ബെൽ ഹുക്സിന്റെ കാഴ്ചപ്പാടുകളിൽ നിന്നാണ് നോട്ടം എന്ന ആശയത്തെക്കുറിച്ച് നിഷ കൂടുതൽ മനസ്സിലാക്കിയത്. പുരുഷ ഉപഭോഗത്തിനായി ശരീരത്തിന്റെ ചില ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ, ക്യാമറ ചലനത്തിന്റെയും ശബ്ദസന്നിവേശത്തോടെയും സഹായത്തോടെയുള്ള ഇമേജുകൾ എന്നിവയെല്ലാം പുരുഷന്മാർക്കും ഉന്നതശ്രേണിയിലുള്ള പ്രേക്ഷകർക്കും വേണ്ടി പുരുഷ സിനിമാ സംഘം നിർമ്മിക്കുന്ന സിനിമകളാണെന്ന നിരീക്ഷണം 14-ാം നൂറ്റാണ്ടിലെ കലാ നിരൂപകനായ ജോൺ ബെർഗറിന്റെ 'വേയ്സ് ഓഫ് സീയിംഗ്' എന്ന കൃതിയിൽ നിന്ന് കടമെടുത്തുകൊണ്ട് നിഷ ചൂണ്ടിക്കാട്ടി.
പുരുഷ നോട്ടത്തെക്കുറിച്ചുള്ള ലോറ മാൽവിയുടെ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട് സമത്വം, മാനവികത, യുക്തിബോധം, സമാന ചിന്താഗതിക്കാരായ പരിഷ്കർത്താക്കളുടെ വീക്ഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള അംബേദ്കറിയൻ ഭരണഘടനാ വീക്ഷണങ്ങളിൽ ഊന്നി നിന്നുകൊണ്ട് ഡോ. ബി.ആർ. അംബേദ്കർ: നൗ ആൻഡ് ദെൻ എന്ന സിനിമ നിഷ സൃഷ്ടിച്ചു.
കാഴ്ച എന്നത് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തന്റെ നോട്ടം അംബേദ്കറെ അടിസ്ഥാനമാക്കിയുള്ളതും ഭരണഘടനാപരവുമാണെന്നും നിഷ പറഞ്ഞു.
പങ്കെടുക്കുന്നവർ ക്രോസ്ഓവർ കരാറിൽ ഒപ്പുവച്ചുകൊണ്ടാണ് അഞ്ച് ദിവസത്തെ വർക്ക്ഷോപ്പ് ആരംഭിച്ചത്. സർഗ്ഗാത്മകതയിലും സംസ്കാരം, വർഗം, ജാതി, ലിംഗഭേദം, ലൈംഗികത എന്നിവയിലും സ്വയം കണ്ടെത്താനുള്ള വഴികൾ തേടുക, വ്യായാമം, ധ്യാനം, വായന, സിനിമ കാണൽ, കേൾക്കാൻ പഠിക്കുക, ആന്തരിക ശബ്ദം കേൾക്കുക, നിരീക്ഷിക്കുക, മറ്റുള്ളവരുടെ അനുഭവങ്ങളോടും കാഴ്ചപ്പാടുകളോടും അനുഭാവമുള്ളവരാകുക എന്നിവയ്ക്ക് സ്വയം സമർപ്പിക്കാൻ സമ്മതിച്ചുകൊണ്ടുള്ളതാണ് ഈ കരാർ.
സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു ജീവിതരീതിയാണ് പരിചയപ്പെടുത്തിയതെന്ന് ഇടക്കൊച്ചിയിൽ നിന്നുള്ള ചലച്ചിത്രകാരനായ ഭരത് സുവർണൻ പറഞ്ഞു. പങ്കെടുത്തവർ നോട്ടത്തെക്കുറിച്ച് വിശദമായി പരിശോധിക്കുകയും പുരുഷാധിപത്യപരമായ നോട്ടം, സവർണ പുരുഷ നോട്ടം, കറുത്ത നോട്ടം, സ്ത്രീ നോട്ടം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. അത്തരം നോട്ടങ്ങൾ സിനിമകളിലെ ആഖ്യാനത്തിൽ എങ്ങനെ ആധിപത്യം സ്ഥാപിക്കുന്നു, പൊതുവെ സ്ത്രീകളെ വസ്തുനിഷ്ഠമാക്കുന്നു എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണയും നേടി. ക്രാഫ്റ്റിനേക്കാൾ സിനിമ എന്ന മാധ്യമത്തിലൂടെ നോട്ടത്തെയും കാഴ്ചപ്പാടിനെയും കുറിച്ചുള്ള തന്റെ സന്ദേശത്തിലൂടെ ജ്യോതി നിഷ തന്റെ സിദ്ധാന്തത്തോട് നീതി പുലർത്തിയിട്ടുണ്ട്. രോഹിത് വെമുല, ജിഗ്നേഷ് മേവാനി, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഉന കേസിലൂടെയും അവർ ദളിത് അവബോധത്തെ ചിത്രീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഞങ്ങളുടെ കാഴ്ചപ്പാടും മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യത്യസ്ത നോട്ടങ്ങളെ മനസ്സിലാക്കാൻ പ്രവർത്തനങ്ങളും ചർച്ചകളും അവതരണങ്ങളും സഹായിച്ചുവെന്ന് ബെംഗളൂരുവിലെ സെന്റ് ജോസഫ്സ് കോളേജിലെ പിഎച്ച്ഡി ഗവേഷകൻ ഗോഡ്വിൻ ഇ പറഞ്ഞു.
വർക്ക്ഷോപ്പ് ആകർഷകവും രസകരവുമായിരുന്നുവെന്ന് തമിഴ്നാട്ടിൽ നിന്നുള്ള മൾട്ടി ഡിസിപ്ലിനറി ആർട്ടിസ്റ്റ് പത്മശ്രീ പറഞ്ഞു. സംവദിക്കാനും കൂടുതലറിയാനും സെഷനുകൾ സഹായിച്ചു. നിഷയുടെ വീക്ഷണങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ പ്രദർശനം സംശയങ്ങൾക്ക് കൂടുതൽ വ്യക്തത നൽകിയെന്നും പത്മശ്രീ പറഞ്ഞു.
ഒരാൾക്ക് അർഹമായ ഇടം ലഭിക്കുന്നതിന് ശാസ്ത്രീയമായി ചിന്തിക്കുകയും സൃഷ്ടിക്കുകയും കഥകൾ പറയുകയും ചെയ്യുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് ക്രോസ്ഓവർ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.