Sections

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ

Wednesday, Dec 31, 2025
Reported By Admin

കൊച്ചി: സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ-ചെറുകിട വ്യവസായങ്ങൾ തുടങ്ങിയവയുടെ മാറിക്കൊണ്ടിരിക്കുന്ന തൊഴിലിട ആവശ്യങ്ങൾ ഫലപ്രദമായി മനസ്സിലാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) കൊച്ചിയിൽ 'വർക്ക്സ്പേസ് ഡിമാൻഡ് സർവ്വേ' ആരംഭിച്ചു. സംരംഭകരുടെ ആവശ്യങ്ങൾക്ക് ഇണങ്ങുന്നതും, ചിലവ് കുറഞ്ഞതും, ഭാവിക്കനുയോജ്യവുമായ ഫ്ലെക്സിബിൾ തൊഴിലിടങ്ങൾ കൊച്ചിയിൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ വളരുന്നതിനൊപ്പം തൊഴിലിടങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും ആവശ്യങ്ങളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒറ്റയാൾ സംരംഭങ്ങളിൽ നിന്ന് വലിയ ടീമുകളിലേക്കുള്ള വളർച്ചയിൽ സഹായകമാകുന്ന, പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് വർത്തമാനകാല ആവശ്യം. നിലവിലെ തൊഴിലിടങ്ങളുടെ രീതി, ഭാവിയിലെ ആവശ്യങ്ങൾ, കോ-വർക്കിംഗ് സ്പേസുകൾ, സ്വകാര്യ ഓഫീസുകൾ, ഇൻകുബേഷൻ സ്പേസുകൾ തുടങ്ങിയവയിൽ ഏതാണ് അഭികാമ്യമെന്ന് സർവേയിലൂടെ അറിയാനാകും. അതിവേഗ ഇന്റർനെറ്റ്, പ്രോട്ടോടൈപ്പിംഗ് സൗകര്യങ്ങൾ, മീറ്റിംഗ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുടെ ആവശ്യകത തുടങ്ങിയവയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സർവ്വേയിലൂടെ തേടുന്നത്.

സർവ്വേയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൊച്ചിയിൽ വരാനിരിക്കുന്ന പുതുതലമുറ സ്റ്റാർട്ടപ്പ് ഹബ്ബുകളുടെ ആസൂത്രണവും വികസനവും നടപ്പിലാക്കുക. സംരംഭകർക്ക് താങ്ങാവുന്ന നിരക്കിൽ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാൻ ഇത് സഹായിക്കും. സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥി സംരംഭകർ, ഫ്രീലാൻസർമാർ, ചെറുകിട സംരംഭകർ എന്നിവർ അവസരം പ്രയോജനപ്പെടുത്തി അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് സ്റ്റാർട്ടപ്പ് മിഷൻ അഭ്യർത്ഥിച്ചു. കേരളത്തിന്റെ സംരംഭകത്വ മേഖലയെ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സർവ്വേയിൽ പങ്കെടുക്കാം.

താല്പര്യമുള്ളവർക്ക് https://ksum.in/WorkspaceSurvey എന്ന ലിങ്ക് വഴി സർവ്വേയിൽ പങ്കാളികളാകാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.