Sections

കലാസൃഷ്ടിയായി കോടതിമുറി : കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ

Friday, Mar 20, 2026
Reported By Admin
Courtroom Art at Kochi Muziris Biennale Stuns

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിലെ ഒരു പ്രദർശനവേദി കോടതിമുറിയാണ്. കേവലം ഒരു കലാപ്രദർശനത്തിനപ്പുറം അഭിഭാഷകർ ഗൗരവമായി വാദിക്കുകയും ജഡ്ജിമാർ തെളിവുകൾ പരിശോധിക്കുകയും സാക്ഷികൾ മൊഴി നൽകുകയും ചെയ്യുന്ന നിയമപരമായ പ്രക്രിയകളുടെ ആവിഷ്കാരമാണ്.

ബിനാലെ ആറാം പതിപ്പിന്റെ ഭാഗമായുള്ള 'ഇൻവിറ്റേഷൻസ്' പ്രോഗ്രാമിൽ, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടത്തിലാണ് 'എ ട്രൈലോജി ഓഫ് എൻവയോൺമെന്റൽ ട്രയൽസ്' എന്ന ഈ വേറിട്ട കലാസൃഷ്ടി അവതരിപ്പിച്ചിരിക്കുന്നത്. 2016-നും 2023-നും ഇടയിൽ വികസിപ്പിച്ചെടുത്ത ഈ പദ്ധതി ഖോജ് ഇന്റർനാഷണൽ ആർട്ടിസ്റ്റ് അസോസിയേഷനും ആർട്ടിസ്റ്റ് സുലൈഖ ചൗധരിയും ചേർന്ന് പ്രമുഖ അഭിഭാഷകരായ ആനന്ദ് ഗ്രോവർ, ഹരീഷ് മെഹ്ല എന്നിവരുടെ സഹകരണത്തോടെയാണ് ഒരുക്കിയിട്ടുള്ളത്.

യഥാർത്ഥ അഭിഭാഷകരും വിരമിച്ച ജഡ്ജിമാരും പങ്കെടുക്കുന്ന ഈ വിചാരണകളിൽ പരിസ്ഥിതി പ്രശ്നത്തെ കുറിച്ചുള്ള മൂന്ന് വ്യത്യസ്ത ഏടുകളാണ് പരിശോധിക്കപ്പെടുന്നത്. കലയെ തെളിവായും കലാകാരന്മാരെ സാക്ഷികളായും പ്രതിഷ്ഠിച്ചുകൊണ്ട് പരിസ്ഥിതി നാശത്തെ അളക്കാൻ കലയ്ക്ക് കഴിയുമോ എന്ന സുപ്രധാന ചോദ്യമാണ് ഇവിടെ ഉയരുന്നത്. സമകാലിക ഭൂപ്രകൃതിയെ രൂപപ്പെടുത്തുന്ന, സങ്കീർണ്ണമായ പാരിസ്ഥിതികവും സാംസ്കാരികവുമായ ബന്ധങ്ങളെ നിയമപരമായ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ കലാപരമായ വിവരണങ്ങൾക്ക് സാധിക്കുമോ എന്നും ഈ സൃഷ്ടി അന്വേഷിക്കുന്നു.

ഈ പരമ്പരയിലെ ഒരു അധ്യായമായ 'ലാൻഡ്സ്കേപ്പ് ആസ് എവിഡൻസ്: ആർട്ടിസ്റ്റ് ആസ് വിറ്റ്നസ്, ഗോവ' എന്ന ഭാഗം ഗോവയുടെ തീരപ്രദേശങ്ങളിൽ നിർദ്ദേശിക്കപ്പെട്ട ആഡംബര റിസോർട്ട് വികസനം ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. പ്രാദേശിക സമൂഹങ്ങളുടെ കുടിയിറക്കം, പരിസ്ഥിതി നശീകരണം, വിഭവചൂഷണം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഇതിൽ ഹർജിയായി സമർപ്പിക്കപ്പെട്ടത്. മറ്റൊരു അധ്യായമായ 'ഇൻ ദി മാറ്റർ റീ: റൈറ്റ്സ് ഓഫ് നേച്ചർ, ചണ്ഡിഗഡ്' എന്ന ഭാഗം വടക്കേ ഇന്ത്യയിലെ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതും അത് ദേശീയ തലസ്ഥാന മേഖലയിലുണ്ടാക്കുന്ന മലിനീകരണവുമാണ് കൈകാര്യം ചെയ്യുന്നത്.

ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം പ്രകൃതിയുടെ അവകാശങ്ങൾ അംഗീകരിക്കണമെന്ന ഹർജിക്കാരുടെ വാദം ഈ പ്രതീകാത്മക വിചാരണയിൽ കോടതി ശരിവെക്കുകയുണ്ടായി.

നാടകവും നിയമവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കാൻ സൃഷ്ടി ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് സുലൈഖ ചൗധരി പറഞ്ഞു. ഇതിൽ അഭിനേതാക്കളില്ലെന്നും യഥാർത്ഥ ഹർജികളും നിയമ പ്രോട്ടോക്കോളുകളും ഉപയോഗിച്ചാണ് വിചാരണകൾ നടത്തുന്നതെന്നും അവർ വ്യക്തമാക്കി. ഇത്തരം പരീക്ഷണാത്മക വിചാരണകളിലൂടെ ലഭിക്കുന്ന വിധികളും കണ്ടെത്തലുകളും പിന്നീട് ദേശീയ ഹരിത ട്രൈബ്യൂണൽ പോലുള്ള യഥാർത്ഥ കോടതികളിൽ ഔദ്യോഗിക ഹർജി സമർപ്പിക്കാൻ ഉപയോഗിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

യഥാർത്ഥ നിയമങ്ങളും നടപടിക്രമങ്ങളും ഉപയോഗിക്കുന്നതിനാൽ നിയമവിദഗ്ധരും ഈ പദ്ധതിയെ ഏറെ താൽപ്പര്യത്തോടെയാണ് കാണുന്നത്. നിയമപരമായ വാദങ്ങൾ വ്യത്യസ്തമായ രീതിയിൽ പരീക്ഷിച്ചു നോക്കാനുള്ള ഒരിടമായി പല അഭിഭാഷകരും ഈ വേദിയെ കണക്കാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.