Sections

സഹകരണത്തിലൂടെയും ജന പങ്കാളിത്തത്തിലൂടെയും സമകാലിക കലയെ പുനർനിർവചിച്ച്  കൊച്ചി ബിനാലെയ്ക്ക് ഇന്ന്‌ (2026 മാർച്ച് 31) സമാപനം

Tuesday, Mar 31, 2026
Reported By Admin
Kochi Biennale 2026 Concludes After 110 Days

കൊച്ചി: സഹകരണത്തിലൂടെയും ജനപങ്കാളിത്തത്തിലൂടെയും ഇന്ത്യയിലെ സമകാലിക കലയെ പുനർനിർവചിച്ചുകൊണ്ട് 110 ദിവസം നീണ്ടുനിന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് (2026 മാർച്ച് 31 ന്) സമാപനമാകും.

ഫോർ ദി ടൈം ബീയിംഗ് എന്ന പ്രമേയത്തിൽ മൾട്ടി ഡിസിപ്ലിനറി ആർട്ടിസ്റ്റ് നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും ചേർന്ന് ക്യൂറേറ്റ് ചെയ്ത ബിനാലെ 2025 ഡിസംബർ 12 നാണ് ആരംഭിച്ചത്. ആസ്പിൻവാൾ ഹൗസ് കേന്ദ്രമായ ബിനാലെ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലൻഡ്, എറണാകുളം എന്നിവിടങ്ങളിലെ 29 വേദികളിലായിട്ടാണ് നടന്നത്.

25 ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റുകളുടെ കലാസൃഷ്ടികൾ ബിനാലെയുടെ ഭാഗമായി. കലയിലൂടെയുള്ള സൗഹൃദങ്ങളുടെയും സംഭാഷണങ്ങളുടെയും പ്രോത്സാഹനം, പങ്കാളിത്ത രീതികൾ, വികസിച്ചുകൊണ്ടിരിക്കുന്ന കലാ രീതികൾ, പരീക്ഷണങ്ങൾ എന്നിവയിൽ ബിനാലെ ഊന്നൽ നൽകി.

ബാസ്റ്റ്യൻ ബംഗ്ലാവിലെ പവലിയൻ ഉൾപ്പെടെയുള്ള വേദികളിലായി നടന്ന സാംസ്കാരിക പരിപാടികൾ, കലാ പ്രകടനങ്ങൾ, അവതരണങ്ങൾ, ശിൽപ്പശാലകൾ എന്നിവ ബിനാലെയുടെ പ്രധാന ആകർഷണമായിരുന്നു. ഇവയ്ക്കു പുറമേ സ്റ്റുഡന്റ്സ് ബിനാലെ, ഇൻവിറ്റേഷൻസ്, കൊളാറ്ററലുകൾ, സ്പെഷ്യൽ പ്രോജക്ടുകൾ തുടങ്ങിയ സമാന്തര സംരംഭങ്ങളും നടന്നു.

ബിനാലെയിലെ എബിസി ആർട്ട് റൂം സംരംഭത്തിൽ വിവിധ പ്രായത്തിലുള്ളവരുടെ വിപുലമായ പങ്കാളിത്തമാണ് ഉണ്ടായത്. രണ്ട് ആർട്ട് റൂമുകളിലായി നടന്ന 149 വർക്ക്ഷോപ്പുകളിൽ 18 ഔട്ട്റീച്ച് വർക്ക്ഷോപ്പുകൾ നടത്തി.

ബിനാലെയുടെ 20-ലധികം വേദികളിൽ ആറെണ്ണത്തിൽ മാത്രമാണ് ടിക്കറ്റ് എടുക്കേണ്ടത്. ഇത് 'പീപ്പിൾസ് ബിനാലെ' എന്നും 'ആർട്ടിസ്റ്റ്സ് ബിനാലെ' എന്നീ വിശേഷണങ്ങൾ ഈ പരിപാടിക്ക് നേടിക്കൊടുത്തു. അന്താരാഷ്ട്ര കലാമേളകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ബജറ്റിൽ പ്രവർത്തിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ ഇന്ത്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയായി വളർന്നുകഴിഞ്ഞു. ഈ പതിപ്പിൽ ഏകദേശം 6.6 ലക്ഷം പേരാണ് ബിനാലെയിൽ എത്തിയത്.

അവസാന ആഴ്ചയിൽ ആസ്പിൻവാൾ ഹൗസിൽ നടന്ന 'സേ യെസ് ടു ലവ്' ഒത്തുചേരൽ, ബാസ്റ്റൺ ബംഗ്ലാവ് പവലിയനിലെ അഞ്ജ ഇബ്ഷിന്റെ 'സ്റ്റിൽ' എന്ന അവതരണം, പരിമൾ ഷൈസ്, ഇംബാച്ചി കൺസേർട്ടുകൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ അരങ്ങേറി. മാർച്ച് 31 ന് നടക്കുന്ന ഔദ്യോഗിക സമാപന പരിപാടി കലാകാരന്മാരെയും ക്യൂറേറ്റർമാരെയും പ്രേക്ഷകരെയും ഒരുമിച്ച് കൊണ്ടുവരും,

സാംസ്കാരിക സംവാദം രൂപപ്പെടുത്തുന്നതിലുള്ള ബിനാലെയുടെ പങ്ക് ഈ പതിപ്പ് ഊട്ടിയുറപ്പിച്ചുവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി പറഞ്ഞു. സഹകരണത്തിലൂടെയും സമൂഹ പങ്കാളിത്തത്തിലൂടെയും സമകാലിക കലയ്ക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുമെന്ന് ഈ പതിപ്പ് തെളിയിച്ചു. കഴിഞ്ഞ 110 ദിവസങ്ങളിലായി ഉയർന്നുവന്ന സംഭാഷണങ്ങളും സൃഷ്ടിപരമായ പ്രക്രിയകളും സൗഹൃദവും സമാപനത്തിന് ശേഷവും തുടരും. ജനകേന്ദ്രീകൃത മാതൃകയ്ക്ക് ആഗോളതലത്തിൽ പ്രാധാന്യമുള്ള സാംസ്കാരിക വേദി സൃഷ്ടിക്കാൻ കഴിയുമെന്ന് കൊച്ചി വീണ്ടും തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നാലു മാസത്തോളം നീണ്ടുനിന്ന കലാസൃഷ്ടികളുടെ പ്രദർശനത്തിലൂടെ കലാകാരന്മാർക്കും പ്രേക്ഷകർക്കും ഇടയിൽ അർത്ഥവത്തായ കൈമാറ്റങ്ങൾ വളർത്തിയെടുക്കാനായി. സാമൂഹിക പങ്കാളിത്തത്തോടെയുള്ള ബിനാലെയുടെ കലാ അന്തരീക്ഷം നഗരത്തെ പരസ്പരബന്ധിതമായ ഒരു സാംസ്കാരിക ഭൂപ്രകൃതിയാക്കി മാറ്റി. പ്രാപ്യത, സഹകരണം, പരീക്ഷണം എന്നീ ആശയങ്ങളിലൂന്നി പരമ്പരാഗത പ്രദർശനത്തിനപ്പുറം ചലനാത്മക സാംസ്കാരിക ആവാസവ്യവസ്ഥ എന്ന നിലയിൽ ബിനാലെയുടെ സ്ഥാനം 'ഫോർ ദി ടൈം ബീയിംഗ്' ശക്തിപ്പെടുത്തി.

വൈകുന്നേരം 7 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന ദിന ചടങ്ങിൽ കെബിഎഫ് ചെയർപേഴ്സൺ ഡോ. വേണു വി; ആറാം പതിപ്പിന്റെ ക്യൂറേറ്റർ നിഖിൽ ചോപ്ര; കെബിഎഫ് സിഇഒ തോമസ് വർഗീസ് എന്നിവർ പങ്കെടുക്കും. സമാപന ചടങ്ങിന് ശേഷം വൈകുന്നേരം 7:30 ന് പർവാസിന്റെ തത്സമയ സംഗീത കച്ചേരി ഉണ്ടായിരിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.