- Trending Now:
കൊച്ചി: മണ്ണുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഗോളതലത്തിലുള്ള വിവിധ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനായി കൊച്ചി-മുസിരിസ് ബിനാലെ 'ദ സോയിൽ അസംബ്ലി' (The Soil Assembly) എന്ന ശില്പശാല സംഘടിപ്പിക്കുന്നു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവ് പവിലിയനിൽ വെച്ച് നടക്കും. ബിനാലെ ഫൗണ്ടേഷൻ സഹസ്ഥാപകൻ ബോസ് കൃഷ്ണമചാരി ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തും. ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയും എഴുത്തുകാരനുമായ ബോണി തോമസ് കൊച്ചിയുടെ പരിസ്ഥിതി മാറ്റങ്ങളെക്കുറിച്ച് ചടങ്ങിൽ സംസാരിക്കും.
ബംഗളൂരു ആസ്ഥാനമായുള്ള സൃഷ്ടി എന്ന സംഘടന മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്, ഡിസൈൻ ആൻഡ് ടെക്നോളജിയുമായി ചേർന്നാണ് പരിപാടി നടക്കുന്നത്. ലോകമെമ്പാടുമുള്ള കലാകാരന്മാരെയും ഗവേഷകരെയും ഒരുമിച്ച് അണിനിരത്തി കലയും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
ഉദ്ഘാടന ദിവസം രാവിലെ ഒമ്പത് മുതൽ സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിൽ മൂന്ന് മണിക്കൂർ നീളുന്ന സെഷൻ ആരംഭിക്കും.
'മണ്ണിന്റെ ഐക്യരാഷ്ട്രസഭ' എന്നാണ് പരിപാടിയുടെ ക്യൂറേറ്റർ മീന വാരി ഇതിനെ വിശേഷിപ്പിക്കുന്നത്. സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ കൂട്ടായ്മ, കലയുടെ പരമ്പരാഗതമായ അതിരുകൾക്ക് അപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
ശില്പശാലയിൽ ചതുപ്പ് നിലങ്ങൾ, കണ്ടൽക്കാടുകൾ, സമുദ്ര വ്യാപാരം, മണ്ണിലെ സൂക്ഷ്മ ജീവജാലങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും. കേരളത്തിലെ തീരദേശങ്ങളുടെ ശോച്യാവസ്ഥ വിവരിക്കുന്ന ആരതി എം ആർ സംവിധാനം ചെയ്ത ഉപ്പുവീടുകൾ അടക്കം മൂന്ന് ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും.
ബ്രസീൽ, ചൈന, ജപ്പാൻ, ഇന്തോനേഷ്യ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഇതിൽ പങ്കുചേരും. രണ്ടാം ദിവസമായ ബുധനാഴ്ച മംഗളവനം പക്ഷി സങ്കേതത്തിൽ പ്രത്യേകം സെഷനും സംഘടിപ്പിക്കുന്നുണ്ട്. പരിസ്ഥിതി പ്രവർത്തക ശ്രുതി തേരായിലിന്റെ നേതൃത്വത്തിൽ ചുറ്റുമുള്ള ഭക്ഷ്യയോഗ്യമായ കാട്ടുചെടികളെ പരിചയപ്പെടുത്തുന്ന സെഷനും ഉണ്ടാകും. യുറിയൽ ഒർലോ സംവിധാനം ചെയ്ത ചിത്രങ്ങളുടെ പ്രദർശനവുമുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.