- Trending Now:
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ വേദിയായ ആസ്പിൻവാൾ ഹൗസിൽ പ്രവേശിക്കുമ്പോൾ ആദ്യം കാണുന്ന കലാപ്രതിഷ്ഠ കാണികളെ തെല്ലൊന്ന് അലോസരപ്പെടുത്താതിരിക്കില്ല. അസന്തുലിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകളാണ് ഈ സൃഷ്ടി ഓർമ്മിപ്പിക്കുന്നത്. ഫ്രീസറുകൾ എന്ന കലാപ്രതിഷ്ഠയിൽ മത്സ്യം, മാംസം, പച്ചക്കറികൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന ഒരു കൂട്ടം ഫ്രീസറുകളാണ് ലാറ്റിനമേരിക്കൻ കലാകാരനായ അഡ്രിയാൻ വിലാസ് റോഹാസ് എന്ന കലാകാരൻ തന്റെ സൃഷ്ടിയായി അവതരിപ്പിച്ചിരിക്കുന്നത്.
അർജന്റീനിയൻ-പെറുവിയൻ വേരുകളുള്ള അഡ്രിയാൻ ആറ് കലാപ്രതിഷ്ഠകളാണ് ബിനാലെയിൽ ഒരുക്കിയിരിക്കുന്നത്. പകുതി തുറന്ന ഫ്രിഡ്ജുകളിൽ നിന്നുള്ള വെളിച്ചവും അതിനുള്ളിലെ അടുക്കള വസ്തുക്കളും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള സൂചനകളാണ് നൽകുന്നത്.
കടകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, മാംസം, മത്സ്യം എന്നിവ ഉപയോഗിച്ചാണ് സൃഷ്ടി തയ്യാറാക്കിയിട്ടുള്ളത്. ഇവയുടെ ജീർണ്ണിച്ച അവസ്ഥ സംരക്ഷണവും നാശവും എങ്ങനെ ഒരേസമയം നിലനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നു. 2015-ൽ റോഹാസ് ആരംഭിച്ച 'റിനാസിമെന്റോ' (നവോത്ഥാനം) എന്ന പരമ്പരയുടെ ഭാഗമാണിത്. മനുഷ്യന്റെ ഇടപെടലുകൾ ഭൂമിയെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് ഈ കലാസൃഷ്ടി ചർച്ച ചെയ്യുന്നു.
സകല വ്യവസ്ഥിതികളും മാറ്റങ്ങൾക്ക് വിധേയമാണെന്ന് ഈ പ്രദർശനം ഓർമ്മിപ്പിക്കുന്നു. മനുഷ്യനിർമ്മിത വസ്തുക്കളോട് പ്രകൃതി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇതിന്റെ പ്രമേയം. സാങ്കേതിക വിദ്യ മാറുന്നതിനനുസരിച്ച് ഫ്രീസറുകളുടെ മോഡലുകൾ മാറുന്നത് പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതീകമായാണ് കലാകാരൻ അവതരിപ്പിക്കുന്നത്. മനുഷ്യൻ പ്രകൃതിയുടെ താളം തെറ്റിക്കുമ്പോൾ അത് ജീവജാലങ്ങളിൽ പ്രതിഫലിക്കുമെന്നും ഈ സൃഷ്ടി തെളിയിക്കുന്നു.
നിലവിലെ മുതലാളിത്തം, അമിത ഉപഭോഗം, പാഴ്വസ്തുക്കൾ എന്നിവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അഡ്രിയാൻ റോഹാസ് തന്റെ സൃഷ്ടിയിലൂടെ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. പ്രാദേശികമായി ശേഖരിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് ഈ കലാസൃഷ്ടി തയ്യാറാക്കിയിരിക്കുന്നത്. മ്യൂസിയം ഭാഷയിലൂടെ വസ്തുക്കളുടെ അർത്ഥം മാറ്റാനാണ് താൻ ശ്രമിക്കുന്നതെന്ന് അഡ്രിയാൻ പറയുന്നു. മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധവും ഭൂമിയിൽ സംഭവിക്കുന്ന പരിണാമപരമായ മാറ്റങ്ങളും സൃഷ്ടിയിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.