Sections

600 വനിതകൾക്ക് ടൂറിസത്തിലവസരം, സൗജന്യ പരിശീലന / കോഴ്‌സുമായി കിറ്റ്‌സ്

Tuesday, Jun 06, 2023
Reported By Admin
Kitts

കിറ്റ്സ് വനിതകൾക്കായി സൗജന്യ ടൂറിസം പരിശീലന പരിപാടിയും പെൺകുട്ടികൾക്ക് സ്കോളർഷിപ്പോടുകൂടി കോഴ്സുകളും തുടങ്ങുന്നു


  • കിറ്റ്സ് ലൈബ്രറി ടൂറിസം പഠനത്തിന് തുറന്നു കൊടുക്കും
  • കിറ്റ്സിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തും

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) വനിതകൾക്കായി സൗജന്യ ടൂറിസം പരിശീലന പരിപാടിയും പെൺകുട്ടികൾക്ക് സ്കോളർഷിപ്പോടുകൂടി കോഴ്സുകളും തുടങ്ങുന്നു. ഒരു വർഷത്തിനുള്ളിൽ 600-ൽപ്പരം തൊഴിൽ അവസരങ്ങൾ ടൂറിസം/ഹോസ്പിറ്റാലിറ്റി മേഖലയിൽ വനിതകൾക്ക് നൽകാനാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ ടൂറിസം പഠന ഗവേഷണത്തിന് പ്രോത്സാഹനം നൽകാനായി കിറ്റ്സിന്റെ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്യും. കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിനും ടൂറിസത്തിന്റെ സുസ്ഥിര വികസനത്തിന്റെ ഭാഗമായി വനിതകൾക്ക് കൂടുതൽ ജീവനോപാധികൾ ഒരുക്കുന്നതിന്റെയും ഭാഗമായാണ് സൗജന്യ പരിശീലനവും, സ്കോളർഷിപ്പോടു കൂടിയ കോഴ്സുകളും നടത്തുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുവഴി കിറ്റ്സിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തും. നിലവിൽ കിറ്റ്സിൽ ടൂറിസത്തിൽ എം.ബി.എയും ബി.ബിഎയും ബി.കോമും ഡിപ്ലോമ കോഴ്സുകളാണുള്ളത്.

ടൂറിസം/ഹോസ്പിറ്റാലിറ്റി മേഖലയിൽ വ്യത്യസ്തങ്ങളായ തൊഴിൽ ലഭ്യമാക്കുന്ന മൾട്ടി-സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് ഡിപ്ലോമ കോഴ്സ് തിരുവനന്തപുരം, മലയാറ്റൂർ, തലശ്ശേരി എന്നിവിടങ്ങളിലുള്ള കിറ്റ്സിന്റെ പഠന കേന്ദ്രങ്ങളിലൂടെയാണ് നടത്തുക. പ്ലസ്ടു പാസായ പെൺകുട്ടികൾക്ക് മാത്രമായുള്ള ആറുമാസം ദൈർഘ്യമുള്ള കോഴ്സിന് എസ്.സി/എസ്.എടി വിഭാഗങ്ങളിലുള്ളവർക്ക് നൂറ് ശതമാനവും മറ്റുള്ളവർക്ക് അമ്പതു ശതമാനവും സ്കോളർഷിപ്പുണ്ടാകും. പരിശീലനം സൗജന്യമായിരിക്കും. ഈ കോഴ്സ് വിജയിക്കുന്നവർക്ക് നൂറ് ശതമാനം പ്ലേയ്സ്മെന്റ് സൗകര്യവും ഒരുക്കും. ഫ്രണ്ട് ഓഫീസ്, ഹൗസ്കീപ്പിങ്, എഫ് ആൻഡ് ബി സർവീസ് തുടങ്ങിയ വിഭാഗങ്ങളിൽ തൊഴിൽ ലഭ്യമാകുന്ന തരത്തിലുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്.

വനിതക്കൾക്കായുള്ള ടൂറിസം സംരഭകത്വ പരിശീലന പരിപാടികൾ പൂർണമായും സൗജന്യമായിരിക്കും. ഒരു മാസം നീളുന്ന വിവിധ പരിശീലന പരിപാടികൾ തിരുവനന്തപുരം, കോഴിക്കോട്, മലയാറ്റൂർ, തലശ്ശേരി എന്നിവിടങ്ങളിലായിരിക്കും. ചെറുകിട സ്ഥാപനം/സംരംഭം തുടങ്ങുന്നതിനുള്ള മാർഗ നിർദേശങ്ങളും നൈപുണ്യ പരിശീലനവും പരിപാടിയുടെ ഭാഗമായിരിക്കും. ഹോംസ്റ്റെ, ടൂർ ഓപ്പറേറ്റർ, സ്റ്റോറി ടെല്ലർ, ഓട്ടോഡ്രൈവർ-കം-ഗൈഡ് തുടങ്ങിയ മേഖലകളിലായിരിക്കും പരിശീലനം.

5000ത്തിൽപ്പരം പുസ്തകങ്ങളുള്ള കിറ്റ്സിന്റെ ലൈബ്രറി, ടൂറിസം വിഷയത്തിൽ ഇന്ത്യയിൽ തന്നെ പ്രഥമ സ്ഥാനീയമാണ്. 1980 മുതലുള്ള ടൂറിസം പുസ്തകങ്ങൾക്കും, ജേണലുകൾക്കും പുറമെ ഓൺലൈനായി അന്താരാഷ്ട്ര തലത്തിലെ പ്രമുഖമായ ഒട്ടുമിക്ക ടൂറിസം പഠന/ഗവേഷണ പ്രബന്ധങ്ങളും, റിപ്പോർട്ടുകളും ലഭ്യമാണ്. യു.എൻ.ഡബ്ല്യൂ.റ്റി. ഒ ന്റെ അഫിലിയേറ്റഡ് മെമ്പറായ കിറ്റ്സിൽ ലോക ടൂറിസം സംഘടയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. കിറ്റ്സ് നോളജ് ഷെയറിംഗ് ഇനിഷ്യേറ്റീവ് എന്ന പുതിയ പദ്ധതിയിലൂടെ കിറ്റ്സ് ലൈബ്രറിയിൽ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് സൗജന്യ മെമ്പർഷിപ്പ് ലഭ്യമാക്കും. സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പണം മുടക്കി അംഗത്വമെടുക്കാം.

2022ൽ 1.88 കോടി ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളം സന്ദർശിച്ച റെക്കോർഡ് 2023ലെ സീസൺ മറികടക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കിറ്റ്സ് ഡയറക്ടർ ഡോ. ദിലീപ് എം.ആർ, പ്രിൻസിപ്പാൽ ഡോ. ബി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.