- Trending Now:
കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഏഴാമത് മെഷീനറി എക്സ്പോയിൽ ലഭിച്ചത് 50 കോടി രൂപയുടെ ഓർഡറുകൾ. ഇതിൽ 675 എണ്ണം സുനിശ്ചിത ഓർഡറുകളാണ്.10.58 കോടി രൂപയുടെ നേരിട്ടു വിൽപന എക്സിബിഷനിൽ നടന്നു.13,968 അന്വേഷണങ്ങളുണ്ടായി. നാലു ദിവസമായി നടന്ന എക്സ്പോയിലേതാണ് മികവുറ്റ കണക്കുകൾ.
കാക്കനാട് ഇൻഫ്രാ പാർക്ക് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന പ്രദർശനത്തിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ഇത്തവണയെത്തിയത് 40,000 ൽ അധികം പേരാണ്. കണക്കുകൾ പറയുന്നത് എക്കാലത്തേയും മികച്ച റെക്കോർഡാണ് ഏഴാമത് എക്സ്പോയിലേതെന്ന് ജനറൽ കൺവീനർ നജീബ് പി എ പറഞ്ഞു.
233 സ്റ്റാളുകളിലായി നടന്ന എക്സിബിഷനിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും പ്രാതിനിധ്യമുണ്ടായി.
പ്രിൻടെക്ക് എഞ്ചിനീയേഴ്സ് തിരുവനന്തപുരം, ഡൈനോ ക്രെയിൻസ് ഉടമകളായ മാളവിക എഞ്ചിനീയറിംഗ് വർക്ക്സ് കോട്ടയം എന്നിവയ്ക്കു ലഭിച്ച കരാറുകളുടെ കൈമാറ്റവും ചടങ്ങിൽ നടന്നു. എക്സ്പോയിലെ മികച്ച സ്റ്റാളിനുള്ള പുരസ്കാരം കവോൺ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ചു. ലിവേജ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് മികച്ച രണ്ടാമത്തേയും പ്രിൻടെക് എഞ്ചിനീയേഴ്സ് മൂന്നാമത്തെയും സ്ഥാനം സ്വന്തമാക്കി.
വൈകീട്ട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എക്സിബിറ്റർമാർക്കും പങ്കാളികൾക്കുമുള്ള പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ ജി പ്രിയങ്ക ഐഎഎസ് മുഖ്യ പ്രഭാഷണവും കെഎസ്എസ്ഐഎ എറണാകുളം ജില്ലാ പ്രസിഡണ്ട് ടോം തോമസ് പ്രത്യേക പ്രഭാഷണവും നടത്തി.ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി എ അദ്ധ്യക്ഷനായി.
കളമശ്ശേരി ഡെവലപ്പ്മെന്റ് പ്ലോട്ട് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡണ്ട് ഒ എ നിസ്സാം, എടയാർ ഡെവലപ്പ്മെന്റ് ഏരിയ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡണ്ട് വി. നരേന്ദ്ര കുമാർ, അങ്കമാലി ഡെവലപ്പ്മെന്റ് പ്ലോട്ട് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡണ്ട് മുസ്തഫ പി.കെ, ആലുവ ഡെവലപ്പ്മെന്റ് ഏരിയ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡണ്ട് പി. എം മുസ്തഫ, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു, പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബെനഡിക്ട് വില്യം ജോൺസ്, കെഐഇഡി സിഇഒ സജി എസ്, വ്യവസായ വാണിജ്യ ഡയറക്ട്രേറ്റ് ജോയിന്റ് ഡയറക്ടർ പ്രേം രാജ് പി എന്നിവർ പങ്കെടുത്തു.
തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഷീബ എസ് സ്വാഗതവും എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ അനീഷ് മാനുവൽ നന്ദിയും രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.