- Trending Now:
തിരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം വർധിപ്പിക്കാനുള്ള സ്വീപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്തു
കൊച്ചി: കേരളത്തിലെ തിരഞ്ഞെടുപ്പ് സംവിധാനം രാജ്യത്തിനും ലോകത്തിനും മാതൃകയാക്കാൻ സാധിക്കുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ആസ്പിൻവാൾ ഹൗസിലെ കൊച്ചി-മുസിരിസ് ബിനാലെ വേദിയിൽ വോട്ടർ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാനത്ത് എത്തിയ അദ്ദേഹം ബിനാലെ വേദി സന്ദർശിക്കുകയായിരുന്നു. 22 വർഷങ്ങൾക്ക് മുമ്പ് കേരളം തന്റെ പ്രവർത്തന മണ്ഡലമായിരുന്നെന്നും ഔദ്യോഗിക ജീവിതത്തിൽ പ്രത്യേക സ്ഥാനമാണ് ഈ സംസ്ഥാനത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർമാരിൽ അവബോധവും തിരഞ്ഞെടുപ്പിലെ പങ്കാളിത്തവും വർധിപ്പിക്കുന്നതിനായി ബിനാലെ വേദിയിൽ സംഘടിപ്പിച്ച സ്വീപ്പ് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും തിരഞ്ഞെടുപ്പിന് എല്ലാവിധ ആശംസകളും അർപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുൻപ് ആരംഭിച്ചതാണ് സ്വീപ്പ് പദ്ധതി. ഇതിന്റെ ഭാഗമായി യുവാക്കൾക്ക് ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യുമെന്ന് രേഖപ്പെടുത്തി ഒപ്പ് വയ്ക്കാനുള്ള അവസരം ഒരുക്കിയിരുന്നു. വോട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുകയും യുവാക്കളെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് സ്വീപ്പ് പദ്ധതിയുടെ ലക്ഷ്യം.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, ഇലക്ഷൻ കമ്മീഷൻ മീഡിയ ഡയറക്ടർ ജനറൽ ആഷിഷ് ഗോയൽ, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരും ബിനാലെ വേദി സന്ദർശിച്ച് സ്വീപ്പ് ക്യാമ്പെയ്നിനെ പിന്തുണയ്ക്കുകയും ബോർഡിൽ ഒപ്പു രേഖപ്പെടുത്തുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.