Sections

ജനാധിപത്യത്തിൻറെ മഹോത്സവത്തിൽ പങ്കാളികളാവൂ; ഓരോ വോട്ടും കരുത്തുറ്റ നാളെയ്ക്കായി

Wednesday, Apr 08, 2026
Reported By Admin
Kerala Assembly Election 2026: 30 New Initiatives, 100% Webcasting & Voter-Centric Reforms Intro

ഡോ. രത്തൻ യു. കേൽക്കർ ഐ.എ.എസ് (മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, കേരളം)


ഇന്ത്യൻ ജനാധിപത്യത്തിൻറെ ഏറ്റവും വലിയ കരുത്ത് അതിൻറെ ഓരോ പൗരൻറെയും കൈയ്യിലുള്ള വോട്ടവകാശമാണ്. ഈ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് കേവലം ഒരു അവകാശമല്ല, മറിച്ച് രാജ്യത്തിൻറെ ഭാവി നിർണ്ണയിക്കുന്നതിലുള്ള നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും ജനകീയവുമാക്കാൻ 'സമ്മതിദായക കേന്ദ്രീകൃതമായ' വിപുലമായ തയ്യാറെടുപ്പുകളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദ്ദേശാനുസരണം കേരളത്തിൽ പൂർത്തിയാക്കിയിരിക്കുന്നത്. ഏപ്രിൽ 9 ന് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, സമ്മതിദായകർക്ക് ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായും വോട്ട് രേഖപ്പെടുത്താനുള്ള എല്ലാ സാഹചര്യങ്ങളും ഞങ്ങൾ ഒരുക്കിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പിലെ പുതുമകൾ: സുതാര്യതയുടെ 30 സംരംഭങ്ങൾ

തിരഞ്ഞെടുപ്പ് പ്രക്രിയയെ ആധുനികവൽക്കരിക്കാനും കൂടുതൽ ജനകീയമാക്കാനും 30 ഓളം പുതിയ പദ്ധതികളാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ നടപ്പിലാക്കുന്നത്. വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടികൾക്കുമായി 40-ലധികം ആപ്പുകളെയും വെബ്സൈറ്റുകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഏകജാലക ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. പോളിംഗ് സുതാര്യമാക്കാൻ 100% വെബ് കാസ്റ്റിംഗ് സംവിധാനവും, വോട്ടർമാരുടെ തിരക്ക് നിയന്ത്രിക്കാൻ ഒരു ബൂത്തിൽ പരമാവധി 1,200 വോട്ടർമാർ എന്ന ക്രമീകരണവും ഇത്തവണത്തെ പ്രത്യേകതയാണ്.

പരിശീലനവും സാങ്കേതികവിദ്യയും

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേരളം, 'eVidya' എന്ന ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി പരിശീലനം നൽകിവരുന്നു. ഉദ്യോഗസ്ഥർക്ക് എവിടെയിരുന്നും ലളിതമായി പരിശീലന മൊഡ്യൂളുകൾ ഇതിലൂടെ ലഭ്യമാകും. നിലവിലെ പരിശീലനങ്ങൾക്ക് പുറമേയാണിത്. വോട്ടിംഗ് ശതമാനം 85-ന് മുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം, തണൽ, ഇരിപ്പിടങ്ങൾ, റാമ്പുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും പ്രാദേശിക കലാരൂപങ്ങളും പൈതൃകവും വിളിച്ചോതുന്ന 'മോഡൽ പോളിംഗ് സ്റ്റേഷനുകളും', സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന ആയിരത്തിലധികം 'പിങ്ക് ബൂത്തുകളും' സജ്ജമാണ്. തിരഞ്ഞെടുപ്പ് ഒരുജനാധിപത്യ ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ബൂത്തും സജ്ജമാക്കിയിട്ടുളളത്.

കന്നിവോട്ടർമാർക്ക് മധുരമേറിയ സ്വീകരണം

യുവജനപങ്കാളിത്തം ഉറപ്പാക്കാൻ വിപുലമായ ബോധവൽക്കരണ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കേരളത്തിലെ 2.71 കോടി വോട്ടർമാരിൽ 4.6 ലക്ഷം പേർ കന്നിവോട്ടർമാരാണ്. ഇവരെ ബൂത്തുകളിലേക്ക് ആകർഷിക്കാൻ ഓരോ ജില്ലയിലെയും നിശ്ചിത ബൂത്തുകളിൽ ആദ്യമെത്തുന്ന 200 കന്നിവോട്ടർമാർക്ക് 'ഹൽവ' വിതരണം ചെയ്യും. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഊബറുമായി (Uber) സഹകരിച്ച് സൗജന്യയാത്രയും.

സുരക്ഷയും പരാതി പരിഹാരവും

സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ അതിർത്തികളിൽ ചെക്ക് പോസ്റ്റുകളും സ്റ്റാറ്റിക്സർവൈലൻസ് ടീമുകളും (SST) സജീവമാണ്. പ്രശ്നബാധിതബൂത്തുകളിൽ കേന്ദ്ര സായുധ സേനയെ വിന്യസിക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ 'സി-വിജിൽ' (cVIGIL) ആപ്പിലൂടെ പരാതി നൽകിയാൽ 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും. സംശയനിവാരണത്തിനായി 1950 എന്നടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും കോൾ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾ തടയാൻ പ്രത്യേക സൈബർ സെല്ലുകളും ജാഗ്രതയിലാണ്.

കരുതലോടെയുള്ള ഹോം വോട്ടിംഗ്

ജനാധിപത്യം എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം (Inclusive Election). ഇതിൻറെ ഭാഗമായി 85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കുമായി ഹോം വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തി. ഏകദേശം രണ്ട് ലക്ഷത്തിലധികം പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കും അവശ്യസേവന വിഭാഗങ്ങൾക്കും പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ടിംഗിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.

ഹരിത പ്രോട്ടോക്കോൾ: പ്രകൃതിയോടിണങ്ങി ഒരു തിരഞ്ഞെടുപ്പ്

100% പ്രകൃതിസൗഹൃദമായ രീതിയിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി പരിസ്ഥിതി സംരക്ഷണത്തിൽ പുതിയ മാതൃക സൃഷ്ടിക്കാൻ കേരളംലക്ഷ്യമിടുന്നു. പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെട്ട 2,71,06,059 വോട്ടർമാരാണ് നിലവിൽ പട്ടികയിലുള്ളത്. ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ജില്ലാ കളക്ടർമാർ, ബി.എൽ.ഒമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം സ്തുത്യർഹമാണ്. ഏപ്രിൽ 9 ന് നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഓരോ വോട്ടറെയും ഞാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

നമുക്ക് വോട്ട് ചെയ്യാം, ജനാധിപത്യം കരുത്തുറ്റതാക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.