Sections

കേരളത്തിന്റെ ചവിട്ടുനാടകം ഫോട്ടോ ബ്രസൽസ് ഫെസ്റ്റിവെൽ വെബ്‌സൈറ്റിൽ

Friday, Jan 16, 2026
Reported By Admin
Kerala’s Chavittunatakam Featured at Photo Brussels Festival

10-ാമത് ബ്രസൽസ് ഫെസ്റ്റ് ജനുവരി 22 മുതൽ ഫെബ്രുവരി 22 വരെ

കൊച്ചി: ബെൽജിയത്തിലെ ബ്രസൽസിൽ ജനുവരി 22 മുതൽ ഫെബ്രുവരി 22 വരെ നടക്കുന്ന ഫോട്ടോ ബ്രസൽസ് ഫെസ്റ്റിവെൽ 10-ാം പതിപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കേരളത്തിന്റെ ചവിട്ടുനാടകവും. തിളങ്ങുന്ന വസ്ത്രം ധരിച്ച ചവിട്ടുനാടക കഥാപാത്രത്തിന്റെ ചിത്രം ഫെസ്റ്റിവൽ വെബ്സൈറ്റിലെ രണ്ടാമത്തെ ഫോട്ടോയായിട്ടാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ക്രിസ്ത്യൻ നൃത്തനാടക പാരമ്പര്യത്തെ ആഗോള ശ്രദ്ധയിൽ കൊണ്ടുവരാൻ ഇത് സഹായിക്കും. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഫോട്ടോഗ്രാഫിക് പരിപാടികളിൽ ഒന്നാണ് ഫോട്ടോ ബ്രസൽസ് ഫെസ്റ്റിവെൽ.

കേരള തീരത്തെ നൂറ്റാണ്ടുകൾക്ക് മുമ്പ് ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെയും സാംസ്കാരിക കൂട്ടായ്മകളുടെയും കേന്ദ്രമായി അടയാളപ്പെടുത്തിയ മുസിരിസ് പൈതൃകത്തെയും കലകളെയും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന സംസ്ഥാന സംരംഭമായ കൊച്ചി മുസിരിസ് ഹെറിറ്റേജ് പ്രോജക്ടുമായി സഹകരിക്കുന്ന പ്രമുഖ ഫോട്ടോഗ്രാഫർ കെ.ആർ സുനിലിന്റേതാണ് ഫോട്ടോ ബ്രസൽസ് അവതരിപ്പിച്ച ചിത്രം.

തീരദേശത്തുനിന്നുള്ള ചവിട്ടുനാടക കലാകാരന്മാരെ അവരുടെ ദൈനംദിന ജീവിതത്തിന്റെ ചട്ടക്കൂടിനുള്ളിൽ രേഖപ്പെടുത്തുന്ന സുനിലിന്റെ ഫോട്ടോഗ്രാഫിക് പരമ്പരയിൽ നിന്നാണ് ബ്രസൽസ് ഫെസ്റ്റിവെൽ വെബ്സൈറ്റിലേക്ക് ചിത്രം തെരഞ്ഞെടുത്തിട്ടുള്ളത്. കൊച്ചിയിലെ കടൽക്ഷോഭം ബാധിച്ച വീടുകൾക്ക് മുന്നിൽ നിർത്തിയാണ് കഥാപാത്ര വേഷത്തിൽ കലാകാരന്മാരുടെ ഫോട്ടോ എടുത്തിട്ടുള്ളത്. ഇത് ഒരേസമയം നാടക കഥാപാത്രങ്ങളുടെ ഗാംഭീര്യവും യഥാർഥ ജീവിതത്തിലെ കഷ്ടതകളെയും പകർത്തി പാരിസ്ഥിതിക അനിശ്ചിതത്വവും സാംസ്കാരിക അതിജീവനവും ചർച്ച ചെയ്യുന്നു.

മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സ് ലിമിറ്റഡ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് ഈ മാസം ആദ്യം കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യത്തെ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിൽ ഈ ചിത്ര പരമ്പര പ്രദർശിപ്പിച്ചിരുന്നു. ആഴി ആർക്കൈവ്സിനു വേണ്ടി റിയാസ് കോമു ക്യുറേറ്റ് ചെയ്താണ് ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

കൊച്ചിയിലെ ലാറ്റിൻ കത്തോലിക്കാ സമൂഹത്തിലെ പാരമ്പര്യ കലാരൂപമാണ് ചവിട്ടുനാടകം. യൂറോപ്യൻ കൊളോണിയൽ ഭരണത്തിന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള കടന്നുകയറ്റത്തിന്റെ ആദ്യഘട്ടത്തിൽ സുഗന്ധവ്യഞ്ജന നഗരമായ കൊച്ചിയിൽ എത്തിയ പോർച്ചുഗീസുകാരുടെ ഉൾപ്പെടെയുള്ള സാംസ്കാരിക സ്വാധീനങ്ങൾക്ക് കൊച്ചി പ്രശസ്തമാണ്.

പതിനേഴാം നൂറ്റാണ്ടിൽ വികസിച്ച ചവിട്ടുനാടകം ഇന്ത്യൻ നൃത്ത, ആയോധനകലാ പാരമ്പര്യങ്ങളെ യൂറോപ്യൻ ഓപ്പറ തിയേറ്ററുമായി സമന്വയിപ്പിക്കുന്നു. ബൈബിൾ കഥകൾ, വിശുദ്ധന്മാർ, യൂറോപ്യൻ രാജാക്കന്മാരുടെ ചരിത്രം എന്നിവയുൾപ്പെടെയുള്ള ക്രിസ്തീയ ആശയങ്ങൾ ഇത് വിവരിക്കുന്നു. സംഗീതം, നൃത്തം, അഭിനയം, സംഭാഷണം എന്നിവയുടെ മിശ്രിതമാണിത്. ഗാനത്തിലൂടെ കഥ വികസിക്കുമ്പോൾ ചവിട്ടുനാടകത്തിന് അവതരണവേഗം കൈവരുന്നു.

മട്ടാഞ്ചേരിയിലെ കൂനൻകുരിശിലെത്തിയ തമിഴ്നാട് സ്വദേശിയായ ചിന്നതമ്പി അണ്ണാവി ഈ കലാരൂപത്തിനായി തമിഴിൽ ആദ്യ നാടകം എഴുതി. ബ്രസീന നാടകം, ഔസേഫ് നാടകം, കത്രീന നാടകം, സാന്റിക്ലോസ് നാടകം, കാൾമാൻ നാടകം, ജ്ഞാനസുന്ദരി എന്നിവ ജനപ്രിയ നാടകങ്ങളിൽ ചിലതാണ്.

ആയോധനകലകളിൽ വൈദഗ്ധ്യമുള്ള കലാകാരന്മാർക്ക് മാത്രമേ ചവിട്ടുനാടകം അവതരിപ്പിക്കാൻ കഴിയൂ. കാരണം കഥാപാത്രങ്ങൾ താളത്തിനും സംഗീതത്തിനും സംഭാഷണത്തിനും അനുസൃതമായി വേദിയിൽ വേഗത്തിൽ ചുവടുവച്ച് കയറേണ്ടതുണ്ട്. പല കഥാപാത്രങ്ങളും യൂറോപ്യൻ രാജാക്കന്മാരായതിനാൽ അവരുടെ തിളങ്ങുന്ന വേഷവിധാനങ്ങൾ കിരീടം, ചെങ്കോൽ, രത്നങ്ങൾ പതിച്ച ആഭരണങ്ങൾ എന്നിവയാൽ സമ്പന്നമാണ്. വാളുകളും പരിചയുകളുമായിട്ടാണ് യോദ്ധാക്കൾ വേദിയിൽ വരുന്നത്.

ലാറ്റിൻ കത്തോലിക്കാ സഭയുടെ രക്ഷാകർതൃത്വത്തോടെയാണ് കൊച്ചിയിലും പരിസരത്തുമുള്ള ചവിട്ടുനാടക സംഘങ്ങൾ ഈ കലയിൽ ഏർപ്പെടുന്നത്. ഈ മാസം ആദ്യം നടന്ന അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിൽ പ്രതിനിധികൾക്ക് മുന്നിൽ ചവിട്ടുനാടകം അവതരിപ്പിച്ചിരുന്നു.

കേരളത്തിൽ ഒട്ടേറെ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള കെ.ആർ സുനിലിന്റെ ചിത്രങ്ങൾ ബ്രസൽസിലെ മൊഡെസ്റ്റി പെർഡ്രിയോലെ ഗാലറി, കൊൽക്കത്തയിലെ ബിർള അക്കാദമി ഓഫ് ആർട്ട് ആൻഡ് കൾച്ചർ, മുംബൈയിലെ സാക്ഷി ഗാലറി, യുഎസ്എയിലെ നെബ്രാസ്കയിലെ അസംബ്ലേജ് ആർട്ട് ഓഫ് ഇന്ത്യ റിഡക്സ് തുടങ്ങിയ സ്ഥലങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.