- Trending Now:
കൊച്ചി: രാജ്യത്തെ കർഷകരുടെ അതിജീവനത്തിന്റെ ഏടുകൾ മസ്ലിന് തുണിയിൽ തുന്നിച്ചേർത്ത ഇൻഹെറിറ്റൻസ് ഓഫ് ദി ഹാൻഡ് എന്ന സ്റ്റുഡന്റ്സ് ബിനാലെ കലാസൃഷ്ടി കാഴ്ചക്കാരനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. മട്ടാഞ്ചേരിയിലുള്ള സ്റ്റുഡന്റ്സ് ബിനാലെയുടെ അർത്ഥശില വേദിയിൽ ഒരുക്കിയിരിക്കുന്ന ഈ സൃഷ്ടിയിൽ അധ്വാനം, ഓർമ്മ, ജീവിതാനുഭവങ്ങൾ എന്നിവയെക്കുറിച്ച് ഗൗരവമേറിയ സംവാദങ്ങൾക്ക് വഴിയൊരുക്കുന്നു.
മുഹമ്മദ് റിയാസ്, അമൻ കുമാർ എന്നീ കലാകാരന്മാരുടെ കൂട്ടായ പരിശ്രമമാണ് ഈ രചന. പെയിന്റ് ചെയ്തതും പല അടുക്കുകളായി തുന്നിച്ചേർത്തതുമായ മസ്ലിൻ തുണികളാണ് ഈ സൃഷ്ടിക്കായി ഉപയോഗിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ മുഹമ്മദ് റിയാസ് തന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും കർഷകരുടെ ദൈനംദിന പോരാട്ടങ്ങളിൽ നിന്നുമാണ് ഈ സൃഷ്ടിക്കായുള്ള പ്രമേയം കണ്ടെത്തിയത്. ഗ്വാളിയോർ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ റിയാസിന്റെ കലാചിന്തകളെ രൂപപ്പെടുത്തിയത് അദ്ദേഹത്തിന്റെ ചുറ്റുമുള്ള കാർഷിക ജീവിതത്തിന്റെ പച്ചയായ നേർക്കാഴ്ചയാണ്. പ്രകൃതിക്ഷോഭം മൂലം വിളകൾ നശിക്കുന്നതും നഷ്ടപരിഹാരത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നിരാശരായി മടങ്ങുന്ന കർഷകരുടെ മുഖങ്ങളും ഈ സൃഷ്ടി നടത്തുമ്പോൾ തന്റെ കൺമുന്നിൽ തെളിഞ്ഞുവന്നുവെന്ന് റിയാസ് പറഞ്ഞു. കർഷകർ നേരിടുന്ന വെല്ലുവിളികളും അവരുടെ നിശബ്ദവും നിസ്സഹായവുമായ അതിജീവനവുമാണ് തന്റെ സൃഷ്ടിയുടെ കേന്ദ്രബിന്ദുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ത്യയുടെ കൊളോണിയൽ ചരിത്രവുമായി ആഴത്തിൽ ബന്ധമുള്ള മസ്ലിൻ തുണികളാണ് റിയാസ് തന്റെ രചനയ്ക്കായി തിരഞ്ഞെടുത്തത്. കൈകളുടെ ആകൃതിയിൽ തുന്നിച്ചേർത്ത സ്ലീവുകളാണ് ഈ ശില്പരൂപത്തിന്റെ പ്രധാന ദൃശ്യഘടകം. ഇത് മനുഷ്യന്റെ അധ്വാനത്തെയും സഹിഷ്ണുതയെയും സൂചിപ്പിക്കുന്നു. തുണികൾ പല അടരുകളായി ക്രമീകരിച്ചിരിക്കുന്നതിലൂടെ ഗ്രാമീണ സമൂഹങ്ങളുടെ അന്തസ്സും അതേസമയം അവർ അനുഭവിക്കുന്ന ക്ലേശവും കലാകാരൻ വരച്ചുകാട്ടുന്നു. ഗ്വാളിയോറിൽ വെച്ച് പൂർത്തിയാക്കിയ ഈ സൃഷ്ടിക്ക് ഏകദേശം ഒരു മാസം വേണ്ടിവന്നു. തുന്നൽ മെഷീൻ ഉപയോഗിച്ച് സ്ലീവുകൾ കൃത്യമായി ഘടിപ്പിക്കുക എന്നതായിരുന്നു ഇതിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിയാസ് പറയുന്നു.
അമൻ കുമാറിന്റെ നെയ്ത്തും മസ്ലിനിലെ ചിത്രരചനയും സൃഷ്ടിക്ക് പൂർണ്ണതയും സമഗ്രമായ മാനവും നൽകുന്നു. തന്റെ മുത്തശ്ശിയിൽ നിന്ന് കേട്ടറിഞ്ഞ കഥകളും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട നഷ്ടങ്ങളുടെ ഓർമ്മകളുമാണ് അമൻ സൃഷ്ടിയിലൂടെ ആവിഷ്കരിക്കുന്നത്. രണ്ട് കലാകാരന്മാരും തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളെ ഒരേ പ്രതലത്തിലേക്കെത്തിച്ചിരിക്കുന്നു.
കലാസൃഷ്ടി കണ്ടതിനു ശേഷം സന്ദർശകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ക്രിയാത്മകമായ പ്രതികരണങ്ങൾ ആഹ്ലാദം പകരുന്നുവെന്നും ബിനാലെ പോലുള്ള വലിയ വേദിയിൽ സൃഷ്ടി പ്രദർശിപ്പിക്കാൻ അവസരം നൽകിയ ക്യുറേറ്റർമാരോടും ബിനാലെ ഫൗണ്ടേഷനോടും കടപ്പാടുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.