Sections

ഫോട്ടോഗ്രാഫി, വൈക്കോൽ നെയ്ത്ത്, കളിമൺ ശിൽപശാലകളുമായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ

Friday, Jan 16, 2026
Reported By Admin
Kochi Biennale 2025 Hosts Free Art Workshops

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ 2025-ന്റെ ഭാഗമായി വെള്ളിയാഴ്ച മുതൽ വൈവിധ്യമാർന്ന ശില്പശാലകൾ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി, വൈക്കോൽ നെയ്ത്ത്, ടെറാക്കോട്ട, വീൽ പോട്ടറി എന്നിവയിലാണ് ശിൽപശാല. കൊച്ചി ബിനാലെ ഫൗണ്ടേഷൻ 'ആർട്ട് ബൈ ചിൽഡ്രൻ' (എ.ബി.സി) പദ്ധതിയുടെ ഭാഗമായാണ് ആർട്ട് റൂം ശില്പശാലകൾ നടക്കുന്നത്.

മൂന്ന് ദിവസത്തെ ഫോട്ടോഗ്രാഫി ശില്പശാലതമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'പീപ്പിൾസ് ഫോട്ടോഗ്രാഫേഴ്സ് കളക്ടീവി'ന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ എ.ബി.സി ആർട്ട് റൂമിൽ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടി. ഫോട്ടോ ജേണലിസ്റ്റ് പളനി കുമാർ സ്ഥാപിച്ചതാണ് ഈ കൂട്ടായ്മ. പ്രദർശനത്തോടു കൂടിയാണ് ശില്പശാല സമാപിക്കുന്നത്.

പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർ മൂന്ന് ദിവസവും മുഴുവൻ സമയവും ഹാജരാകണം. ഭക്ഷണവും താമസസൗകര്യവും നൽകുന്നതല്ല.

ജയൻ വി.കെ. നയിക്കുന്ന മൂന്ന് ദിവസത്തെ ടെറാക്കോട്ട, വീൽ പോട്ടറി ശില്പശാല ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിലെ എ.ബി.സി ആർട്ട് റൂമിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ നടക്കും. പരമ്പരാഗതവും ആധുനികവുമായ കളിമൺ ശില്പകലയിൽ 35 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള മാസ്റ്റർ ആർട്ടിസ്റ്റാണ് ജയൻ. കൈകൊണ്ടും വീൽ ഉപയോഗിച്ചും കളിമണ്ണിന് രൂപം നൽകുന്നത് മുതൽ അവ ചുട്ടെടുക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും ശില്പശാലയിൽ പഠിപ്പിക്കും. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കും വെബ്സൈറ്റിലോ ഇൻസ്റ്റാഗ്രാം പേജിലോ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കർഷകയും കലാകാരിയുമായ ടിനു വർഗീസ് നയിക്കുന്ന 'കച്ചി സംഗമം: വൈക്കോൽ കൊണ്ടുള്ള നെയ്ത്ത്' എന്ന രണ്ട് ദിവസത്തെ ശില്പശാല വാട്ടർ മെട്രോ സ്റ്റേഷനിലെ എ.ബി.സി ആർട്ട് റൂമിൽ രാവിലെ 10 മുതൽ 4 വരെ നടക്കും. കൊയ്ത്തിന് ശേഷം ബാക്കിയാകുന്ന വൈക്കോലിനെ പാരിസ്ഥിതിക അവബോധം നൽകിയുള്ള കലാസൃഷ്ടിയായി മാറ്റുകയാണ് ചെയ്യുന്നത്. ശില്പശാലയുടെ അവസാന ദിവസം വൈകിട്ട് 4 മുതൽ 5 വരെ ടിനു വർഗീസും ആർട്ടിസ്റ്റ്-ഫെസിലിറ്റേറ്റർ സതീഷ് പൗലൂദാസും ചേർന്ന് സംഭാഷണം നടത്തും. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ഇതിൽ പങ്കെടുക്കാം. ഇതിനായുള്ള അപേക്ഷകളും വെബ്സൈറ്റിലെ ലിങ്ക് വഴി സമർപ്പിക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.