- Trending Now:
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സമാന്തരമായി മട്ടാഞ്ചേരി ഗാർഡൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന 'ഇടം' പ്രദർശനത്തിൽ കീർത്തി ആർ ഒരുക്കിയിട്ടുള്ള 'ദി ചേസ്ഡ്'എന്ന കഥാപ്രതിഷ്ഠ ശ്രദ്ധയാകർഷിക്കുന്നു. സ്ത്രീകളുടെ ഉന്നമനവും അവർ നേരിടുന്ന നിയന്ത്രണങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ചർച്ച ചെയ്യുന്നതാണ് ഈ കലാസൃഷ്ടി'
ഉയരമുള്ള കോൺ ആകൃതിയിലുള്ള പീഠങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടിയുടെയും ഗൗൺ ധരിച്ച മുതിർന്ന സ്ത്രീയുടെയും ശിരസ്സില്ലാത്ത സെറാമിക് ശില്പങ്ങൾ കാഴ്ചക്കാരിൽ കൗതുകം ഉണർത്തും.
മറ്റൊരു നിരയിലായി പുസ്തകം വായിക്കുന്ന സ്ത്രീരൂപങ്ങളും ചിന്താകുലയായ പെൺകുട്ടിയും അടങ്ങുന്ന അഞ്ച് വലിയ ശില്പങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫൈബർ, ടെറാക്കോട്ട, പേപ്പർ പൾപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ നിർമ്മിച്ച ഈ രൂപങ്ങൾ ഓരോ ഘട്ടത്തിലും സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന പരിമിതികളെയും അടിച്ചേൽപ്പിക്കപ്പെടുന്ന ബാധ്യതകളെയും ഓർമ്മിപ്പിക്കുന്നു. സ്ത്രീയെ ഒരു വശത്ത് സംസ്കാരത്തിന്റെ ഭാഗമായി ഉന്നതങ്ങളിൽ പ്രതിഷ്ഠിക്കുമ്പോഴും മറുവശത്ത് അവൾക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന വൈരുദ്ധ്യമാണ് കൂറ്റൻ പീഠങ്ങൾക്ക് മുകളിൽ സ്ഥാപിച്ച ചെറിയ ശില്പങ്ങളിലൂടെ കീർത്തി വ്യക്തമാക്കുന്നത്.
പ്രകൃതിയെ ആരാധിക്കുകയും അതേസമയംതന്നെ ചൂഷണം ചെയ്യുകയും ചെയ്യുന്നതുപോലെയാണ് സമൂഹത്തിൽ സ്ത്രീയുടെ അവസ്ഥയെന്നും കീർത്തി പറഞ്ഞുവയ്ക്കുന്നുണ്ട്.
ഒരു അലമാരയ്ക്കുള്ളിൽ വച്ചിരിക്കുന്ന ചെറിയ ശില്പങ്ങൾ കലാകാരിയുടെ തന്നെ ജീവിതാനുഭവങ്ങളുടെ പരിച്ഛേദമാണ്. കഴിക്കാതെ മാറ്റിവെച്ച ദോശയും ചായയും, പുസ്തകങ്ങൾ, മരുന്നുകൾ എന്നിവയ്ക്കൊപ്പം ഇരിക്കുന്ന സ്ത്രീരൂപങ്ങൾ താൻ കടന്നുപോയ മാനസികവും വൈകാരികവുമായ പ്രതിസന്ധികളെ സൂചിപ്പിക്കുന്നുവെന്ന് തൃശൂർ ഗവൺമെന്റ് ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബി.എഫ്.എ പൂർത്തിയാക്കിയ കീർത്തി പറഞ്ഞു. ബാല്യകാലത്തെ ദുരനുഭവങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നും മോചനം നേടാനുള്ള ഉപാധി കൂടിയാണ് കീർത്തിക്ക് കല.
പത്രവാർത്തകളിലെ അനീതികളെയും സാമൂഹിക തിന്മകളെയും കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിക്കുന്ന കീർത്തി, ആ പഴയ പത്രങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ പേപ്പർ പൾപ്പാണ് തന്റെ ശില്പങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്. സെറാമിക് പോലെ തന്നെ പെട്ടെന്ന് ഉടഞ്ഞുപോകാൻ സാധ്യതയുള്ളതും എന്നാൽ അതിജീവനത്തിന്റെ കരുത്തുള്ളതുമാണ് ഈ രൂപങ്ങളെന്ന് അവർ വിശദീകരിക്കുന്നു.
സമകാലിക സ്ത്രീപക്ഷ ചിന്തകളെയും ജീവിതാനുഭവങ്ങളെയും അതിസൂക്ഷ്മമായി സമീപിക്കുന്നതാണ് കീർത്തിയുടെ ശൈലിയെന്ന് ഇടം ക്യൂറേറ്റർ ഐശ്വര്യ സുരേഷ് അഭിപ്രായപ്പെട്ടു. തന്റെയും അമ്മയുടെയും കയ്പ്പേറിയ അനുഭവങ്ങളെ കലയിലൂടെ സർഗ്ഗാത്മകമായി ആവിഷ്കരിക്കുകയാണ് ഈ യുവകലാകാരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.