Sections

ലഹരിവിരുദ്ധ പോരാട്ടത്തിന് കെ.സി.എയുടെ പൂർണ പിന്തുണ; കായംകുളത്ത് മൾട്ടി സ്‌പോർട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

Friday, Jun 12, 2026
Reported By Admin
KCA Backs Kerala Government’s Anti-Drug Campaign

തിരുവനന്തപുരം: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ). എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു കെ.സി.എ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനം സന്ദർശിച്ച വേളയിലാണ് സുപ്രധാന തീരുമാനങ്ങളും ചർച്ചകളും നടന്നത്.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധ ജനകീയ പോരാട്ടമായ 'ഓപ്പറേഷൻ തുഫാൻ' പദ്ധതിയുടെ ഭാഗമായി യുവതലമുറയെ ലഹരിമാഫിയയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കായിക മേഖലയ്ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ-പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സജീവമായി പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

സന്ദർശനത്തിനിടെ കായംകുളത്തെ കായിക അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് കെ.സി.എ ഭാരവാഹികളുമായി വിപുലമായ ചർച്ചകൾ നടന്നു. കായംകുളത്ത് പുതിയ ക്രിക്കറ്റ് ഗ്രൗണ്ടും ആധുനിക സൗകര്യങ്ങളോടുകൂടിയ സമഗ്ര കായിക കേന്ദ്രവും സ്ഥാപിക്കുന്നതിനുള്ള സാധ്യതകളാണ് പ്രധാനമായും വിലയിരുത്തിയത്. കായികരംഗത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സർക്കാർ അനുയോജ്യമായ സ്ഥലം അനുവദിച്ചു നൽകുകയാണെങ്കിൽ രാജ്യാന്തര നിലവാരത്തിലുള്ള ഒരു മൾട്ടി സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാൻ തയ്യാറാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സർക്കാരിനെ അറിയിച്ചു.

സന്ദർശനത്തിന്റെ ഭാഗമായി കേരള ക്രിക്കറ്റ് ലീഗിന്റെ കോഫി ടേബിൾ ബുക്ക് കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ മന്ത്രി എം. ലിജുവിന് സ്നേഹോപഹാരമായി സമ്മാനിച്ചു. കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, ട്രഷറർ അജിത് കുമാർ, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രൻ, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ രക്ഷാധികാരി എം. നൗഫൽ എന്നിവർ കൂടിക്കാഴ്ചയിലും ചർച്ചകളിലും പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.