Sections

ഐഎംഎ ദേശീയ കോൺഫറൻസിൽ കാൻസർ പരിരക്ഷാ രംഗത്തെ മുന്നേറ്റങ്ങൾ അവതരിപ്പിച്ച് കാർക്കിനോസ് ആരോഗ്യ സേവന വിദഗ്ദ്ധർ

Friday, Dec 29, 2023
Reported By Admin
Karkinos

കൊച്ചി: കോവളത്ത് നടന്ന ഐഎംഎയുടെ 98-ാമത് ദേശീയ കോൺഫറൻസിൽ സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി അത്യാധുനീക ഓങ്കോളജി സേവനങ്ങൾ നൽകുന്ന കാർക്കിനോസ് ഹെൽത്ത്കെയറിൻറെ പങ്കാളിത്തം ശ്രദ്ധേയമായി. കോൺഫറൻസിലെ ശാസ്ത്ര ശിൽപശാലകളിൽ രണ്ട് അവതരണങ്ങളായിരുന്നു കാർക്കിനോസ് നടത്തിയത്. കാൻസർ ചികിൽസയുടെ വളർച്ചയെ കുറിച്ചും കാൻസർ ജിനോമിക്സും സെർവികൽ കാൻസർ സ്ക്രീനിങും വാക്സിനേഷനും അടക്കമുള്ള പ്രതിരോധത്തെകുറിച്ചുമായിരുന്നു അവ. ക്ലിനിക്കൽ ജിനോമിക്സ് ലബോറട്ടി മേധാവി ഡോ. പ്രശാന്ത് അരിയന്നൂർ, ജൈനകോളജിക്കൽ ഓങ്കോളജിസ്റ്റ് കൺസൾട്ടൻറ് ഡോ. അശ്വതി ജി നാഥ് എന്നിവരായിരുന്നു സംസാരിച്ചത്.

കാൻസറുമായി ബന്ധപ്പെട്ട ജിനോമിക്സിൻറെ വളർച്ചയും ഉപയോഗവും എന്നതിനെ കുറിച്ചുള്ള സെഷനാണ് കാർക്കിനോസ് ഹെൽത്ത്കെയർ ക്ലിനിക്കൽ ജിനോമിക്സ് ലബോറട്ടി മേധാവി ഡോ. പ്രശാന്ത് അരിയന്നൂർ നയിച്ചത്. അടിസ്ഥാനപരമായി കാൻസർ ഒരു ജനിതക രോഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാൻസർ ചികിൽസിക്കാനുള്ള അറിവുകളും സംവിധാനങ്ങളും ഒരുക്കുന്നതു വഴി ജിനോമിക്സ് മാറ്റങ്ങൾ വരുത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. കൂടുതൽ ഉയർന്ന തോതിൽ വ്യക്തിഗതമായും ഫലപ്രദമായും കാൻസർ ചികിൽസകൾ നടത്താൻ ജിനോമിക് വിശകലനം സൗകര്യമൊരുക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ സവിശേഷമായ ചികിൽസകൾക്ക് ജിനോമിക്സ് ഡേറ്റ എങ്ങനെ സഹായകമാകുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. എല്ലായിപ്പോഴും ഒരേ രീതിയിലുള്ള സമീപനം എന്ന പരമ്പരാഗത രീതിയിൽ നിന്നു ഗണ്യമായ രീതിയിൽ മാറാൻ ഇതു സഹായിച്ചു. കാൻസർ രോഗ നിർണയത്തിലും ചികിൽസകളിലും ജിനോമിക്സിനുള്ള പ്രാധാന്യം അദ്ദേഹം ഉയർത്തിക്കാട്ടി. വ്യക്തിഗത ജിനോമിക്സ് പ്രൊഫൈലുകളുടെ സവിശേഷതയിൽ ഊന്നൽ നൽകിയ അദ്ദേഹം ഈ വ്യത്യാസങ്ങൾ തിരിച്ചറിയാൻ നെക്സ്റ്റ് ജനറേഷൻ സീക്വൻസിങിനുള്ള പങ്കും എടുത്തു കാട്ടി. ഡയഗ്നോസ്റ്റിക്, പ്രോഗ്നോസ്റ്റിക്, ചികിൽസാപരമായത്, ഡ്രഗ് ടോക്സിസിറ്റി മാർക്കറുകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്ന കാൻസറുമായി ബന്ധപ്പെട്ട വിവിധ മോളികുലർ മാർക്കറുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

സെർവിക്കൽ കാൻസർ പരിശോധനയും എച്ച്പിവി വാക്സിനേഷനും സംബന്ധിച്ച നിലവിലെ സ്ഥിതിയെ കുറിച്ചാണ് കാർക്കിനോസ് ഹെൽത്ത്കെയർ കൺസൾട്ടൻറ് ജൈനക്കോളജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അശ്വതി ജി നാഥ് സംസാരിച്ചത്. നേരത്തെ തന്നെ കണ്ടെത്തുന്നതും എച്ച്പിവി വാക്സിനേഷനുമാണ് സെർവിക്കൽ കാൻസറിനെതിരെയുള്ള ഏറ്റവും മികച്ച ആയുധങ്ങൾ. ഇവയുടെ ഫലപ്രാപ്തി വ്യക്തമാക്കുന്ന സമീപകാല തെളിവുകളുള്ള കാര്യവും ഡോ. അശ്വതി ചൂണ്ടിക്കാട്ടി.

പിഎപി സ്മെർ, എച്ച്പിവി ഡിഎൻഎ പരിശോധന തുടങ്ങി സെർവിക്കൽ കാൻസർ പ്രതിരോധത്തിനായുള്ള ഏറ്റവും പുതിയ സ്ക്രീനിങ് രീതികളെ കുറിച്ചും ഡോ. അശ്വതി ജി നാഥ് വിശദമായി സംസാരിച്ചു. സ്ക്രീനിംഗ് രീതിയായി എച്ച്പിവി ഡിഎൻഎ ടെസ്റ്റ് ചെയ്യേണ്ടതിൻറെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. പ്രത്യേകിച്ചും കോബാസ് പ്ലാറ്റ്ഫോം അല്ലെങ്കിൽ ബിഡി ഓൺക്ലാരിറ്റി എച്ച്പിവി ഡിഎൻഎ ടെസ്റ്റും സെൽഫ്-സാമ്പിളിംഗ് എച്ച്പിവി ഡിഎൻഎ പരിശോധനയും. ഇവയുടെ ഫലപ്രാപ്തി, പരിമിതി എന്നിവയെ കുറിച്ചും വിശദീകരിച്ചു. എച്ച്പിവി വാക്സിനുകളുടെ ദീർഘകാല നേട്ടങ്ങൾ ഇമ്യൂമോജെനിസിറ്റി തുടങ്ങിയ സവിശേഷതകളും ഇവിടെ ചർച്ച ചെയ്തു. സെർവിക്കൽ കാൻസർ ഭീഷണി കുറക്കുന്നതിൽ എച്ച്പിവി വാക്സിനേഷനുള്ള ഫലപ്രാപ്തിയെ പിന്തുണക്കുന്ന സമീപകാല തെളിവുകളും വിശദമായി പരിശോധിക്കുകയുണ്ടായി. വാക്സിനേഷൻ തന്ത്രങ്ങളുടെ ഫലപ്രാപ്തി, വിവിധ സ്രോതസുകളുമായി ബന്ധപ്പെട്ട ശുപാർശകൾ തുടങ്ങിയവയും ഡോ. അശ്വതി വിശകലനം ചെയ്തു.

കാൻസർ ചികിൽസാ രംഗത്തും പ്രതിരോധ രംഗത്തും ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ലഭ്യമാക്കുന്നതിന് കാർക്കിനോസ് ഹെൽത്ത് കെയർ നേതൃത്വം നൽകുന്നതു തുടരും. കാൻസർ പരിചരണത്തിലെ മികച്ച മുന്നേറ്റങ്ങൾക്ക് പുറമേ, അത്യാധുനിക സാങ്കേതികവിദ്യകൾ താങ്ങാനാവുന്ന രീതിയിൽ എല്ലാവർക്കും ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിനും കാർക്കിനോസ് ഹെൽത്ത്കെയർ പ്രതിജ്ഞാബദ്ധമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.