- Trending Now:
കോഴിക്കോട്: കാലിക്കറ്റ് ഫുട്ബോൾ ക്ലബിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന സിഎഫ് സി കോർപറേറ്റ് ചലഞ്ച് സെവൻസ് ഫുട്ബോൾ ടൂർണമൻറിന് ഗവ. സൈബർപാർക്കിലെ സൈബർ സ്പോർട്സ് അരീനയിൽ തുടക്കമായി. 12 കോർപറേറ്റ് ടീമുകളാണ് ഈ മാസം 18 വരെ നീണ്ടു നിൽക്കുന്ന ടൂർണമൻറിൽ പങ്കെടുക്കുന്നത്.
ഉദ്ഘാടന മത്സരത്തിൽ കാഫിറ്റ് (കാലിക്കറ്റ് ഫോറം ഫോർ ഐടി) ഹൈലൈറ്റ് എഫ് സിയെ 6-1 ന് തോൽപ്പിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്, ആസ്റ്റർ മിംസ് കാലിക്കറ്റ്, കെൻസ ടിഎംടി, മൈജി, ഹൈലൈറ്റ്, കാഫിറ്റ്, മലബാർ ഗ്രൂപ്പ്, എക്സ്പ്രസോ ഗ്ലോബൽ, പീക്കെ സ്റ്റീൽ, സൈലം ലേണിംഗ്, പാരഗൺ, ജിടെക് എന്നീ ടീമുകളാണ് കോർപറേറ്റ് ചലഞ്ചിൽ മാറ്റുരയ്ക്കുന്നത്.
ഞായറാഴ്ചയോടെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കും. മെയ് 16 ന് ക്വാർട്ടർ ഫൈനലും, 17 ന് സെമിയും 18 ന് ഫൈനലും നടക്കും.
വിവിധ ടീമുകളുടെ മാർച്ച് പാസ്റ്റോടു കൂടിയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. പ്രൊഫഷണൽ ഫുട്ബോൾ കോച്ച് ബിനോ ജോർജ്ജ് കളിക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശാരീരികവും മാനസികവുമായ വ്യായാമത്തിനും ഉല്ലാസത്തിനും പുറമേ ബിസിനസ് സമൂഹത്തിൻറെ കെട്ടുറപ്പിനും ഇത്തരം ടൂർണമെൻറുകൾ സഹായിക്കും എന്ന് സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ ചൂണ്ടിക്കാട്ടി. കാലിക്കറ്റ് എഫ് സി സിഇഒ കോരത് മാത്യു ആശംസ അറിയിച്ചു. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
വ്യാഴാഴ്ച കോഴിക്കോട് നടന്ന ചടങ്ങിൽ സിഎഫ് സിയുടെ ഉടമയും ഐബിഎസ് സോഫ്റ്റ് വെയർ എക്സിക്യൂട്ടീവ് ചെയർമാനുമായ വി കെ മാത്യൂസ് കോർപറേറ്റ് ചലഞ്ച് ട്രോഫി അനാച്ഛാദനം ചെയ്തു. സിഎഫ് സി സെക്രട്ടറി ബിനു ജോസ് ഈപ്പൻ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് നവാസ് മീരാൻ, സിഎഫ് സി സിഇഒ കോരത് മാത്യൂ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.