- Trending Now:
കൊച്ചി: വീടുകളിൽ വെറുതെയിരിക്കുന്ന സ്വർണശേഖരം വിപണിയിൽ സജീവമാക്കുന്നതിനും സ്വർണത്തിൻറെ പണലഭ്യതയിലുള്ള വിശ്വാസ്യത ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തപൂർണമായ ഉപഭോഗ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയായ 'നേഷൻ ഫസ്റ്റ്ഗോൾഡ്4ഇന്ത്യ ഇനിഷ്യേറ്റീവ്' കല്യാൺ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു.
വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി മിതത്വം പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനോടുള്ള നേരിട്ടുള്ള പ്രതികരണമാണ് ഈ പദ്ധതി. ഈ സാമ്പത്തിക വർഷത്തിൽ സ്വർണ ഇറക്കുമതിയിൽ 5 ടൺ കുറവ് വരുത്താനാണ് 'നേഷൻ ഫസ്റ്റ്-ഗോൾഡ്4ഇന്ത്യ ഇനിഷ്യേറ്റീവ്' ലക്ഷ്യമിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വർണ ശേഖരങ്ങളിലൊന്ന് ഇന്ത്യയിലാണുള്ളത്. ഇതിൽ ഭൂരിഭാഗവും ബാങ്ക് ലോക്കറുകളിലും വീടുകളിലെ നിലവറകളിലും പാരമ്പര്യമായി ലഭിച്ച ശേഖരങ്ങളായും പതിറ്റാണ്ടുകളായി ഉപയോഗിക്കാത്ത ആഭരണങ്ങളുമായി വെറുതെ കിടക്കുകയാണ്.
ശക്തമായ ഒരു ആഭ്യന്തര സ്വർണ പുനരുപയോഗ സംവിധാനത്തിന് ജൂവലറി മേഖലയിലെ തൊഴിലവസരങ്ങൾ നിലനിർത്താനും നിയമാനുസൃത സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട ജിഎസ്ടി വരുമാനം സംരക്ഷിക്കാനും കഴിയുമെന്ന് കല്യാൺ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സ്വർണത്തെ നിഷ്ക്രിയ ആസ്തിയായി കാണുന്നതിനു പകരം രാജ്യത്തിനുള്ളിൽ നിരന്തരം സാമ്പത്തിക മൂല്യം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പുനരുപയോഗ വിഭവമായി തിരിച്ചറിയുന്ന രീതിയിലേക്ക് ഉപഭോക്താക്കളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ ഈ പദ്ധതി വഴിയെരുക്കും. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്വർണത്തിൻറെ ഒരു ചെറിയ ഭാഗമെങ്കിലും വിപണിയിൽ തിരികെ എത്തിക്കാൻ സാധിച്ചാൽ സ്വർണ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി കുറയ്ക്കാൻ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'നേഷൻ ഫസ്റ്റ്-ഗോൾഡ്4ഇന്ത്യ ഇനിഷ്യേറ്റീവ്'-ൻറെ ഭാഗമായി നാല് പ്രധാന കാര്യങ്ങളാണ് നടപ്പാക്കുന്നത്. അതിലൊന്നാമത് പഴയ സ്വർണം മാറ്റിയെടുക്കുന്നതിനുള്ള പ്രോത്സാഹനമാണ്. ആകർഷകമായ എക്സ്ചേഞ്ച് പ്രോഗ്രാമുകളിലൂടെയും ആനുകൂല്യങ്ങളിലൂടെയും പഴയതോ ഉപയോഗിക്കാത്തതോ കേടുപാടുകൾ സംഭവിച്ചതോ ആയ ആഭരണങ്ങൾ മാറ്റിയെടുക്കാൻ രാജ്യമെമ്പാടുമുള്ള കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിൽ ഉപഭോക്താക്കൾക്ക് അവസരമൊരുക്കും. ഈ പദ്ധതിയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സ്വർണം ശുദ്ധീകരിക്കാനും പുനർനിർമ്മിച്ച് ആഭ്യന്തര ജൂവലറി വ്യവസ്ഥയ്ക്കുള്ളിൽ തന്നെ പുനരുപയോഗിക്കാനും സാധിക്കും. ഇത് പുതിയതായി ഇറക്കുമതി ചെയ്യേണ്ടി വരുന്ന സ്വർണത്തിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഉപഭോക്താക്കൾക്ക് സുതാര്യവും പ്രൊഫഷണലും ആയ രീതിയിൽ സ്വർണം പണമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് രണ്ടാമത്തേത്. ഇതിനായി കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിൽ പ്രത്യേക 'എൻക്യാഷ് ഗോൾഡ്' കൗണ്ടറുകൾ തുറക്കും. ഈ പദ്ധതി സ്വർണത്തെ പണമാക്കി മാറ്റുന്ന പ്രവർത്തനങ്ങളെ ഔദ്യോഗികമാക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയങ്ങളിൽ വെറുതെയിരിക്കുന്ന സ്വർണത്തിൽനിന്ന് പണം കണ്ടെത്താൻ ഉപഭോക്താക്കൾക്ക് വിശ്വസനീയമായ അവസരം നൽകുകയും ചെയ്യുന്നു. 'എൻക്യാഷ് ഗോൾഡ്' കൗണ്ടറുകൾ വഴി ശാസ്ത്രീയമായ രീതിയിൽ സ്വർണത്തിൻറെ പരിശുദ്ധി പരിശോധിക്കാനും സുതാര്യമായി മൂല്യനിർണ്ണയം നടത്താനും വേഗത്തിൽ പണം കൈമാറാനും സാധിക്കും.
ഉത്തരവാദിത്വമുള്ള സ്വർണ പുനരുപയോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി വിവിധയിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 1100-ലധികം കേന്ദ്രങ്ങളും 4300-ലേറെ ജീവനക്കാരുമുള്ള 'മൈ കല്യാൺ' നെറ്റ്വർക്കിൻറെ കരുത്ത് പ്രയോജനപ്പെടുത്താൻ കല്യാൺ ജൂവലേഴ്സ് ഉദ്ദേശിക്കുന്നു. ഈ ജീവനക്കാരിൽ ഭൂരിഭാഗവും അവർ സേവനം നൽകുന്ന അതേ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. പ്രാദേശിക ആചാരങ്ങൾ, സാംസ്കാരിക സവിശേഷതകൾ, കുടുംബങ്ങളിലെ തീരുമാനമെടുക്കൽ രീതികൾ, ദീർഘകാലമായുള്ള സാമൂഹിക ചലനാത്മകത എന്നിവ മനസ്സിലാക്കുന്ന പ്രാദേശിക കണ്ണികളായാണ് 'മൈ കല്യാൺ' പ്രതിനിധികൾ പ്രവർത്തിക്കുന്നത്. ഈ പദ്ധതി സ്വർണ പുനരുപയോഗത്തെ മുൻനിർത്തിയുള്ള വിപുലമായ ഒരു ജനകീയ മുന്നേറ്റമായി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
18 കാരറ്റ് ആഭരണങ്ങൾ കൂടുതലായി പ്രചരിപ്പിക്കുന്നതിലൂടെ സ്വർണ ഉപഭോഗത്തിൽ കൂടുതൽ കാര്യക്ഷമവും ഉത്തരവാദിത്വമുള്ളതുമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയുടെ നാലാമത്തെ പ്രധാന കാര്യം. പരമ്പരാഗതമായ വാങ്ങൽ രീതികൾ കാരണം ഇന്ത്യയിലെ ജൂവലറി വിപണിയിൽ ഉയർന്ന പരിശുദ്ധിയുള്ള സ്വർണത്തിന് പ്രത്യേകിച്ച് 22 കാരറ്റ് ആഭരണങ്ങൾക്കാണ് മുൻതൂക്കം. ഈ മുൻഗണന ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയതാണെങ്കിലും മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ താത്പര്യങ്ങളും സമകാലിക ഡിസൈൻ ട്രെൻഡുകളും വിപണിയിലുടനീളം മറ്റ് സ്വർണ രൂപങ്ങൾക്കുള്ള സ്വീകാര്യത ക്രമാനുഗതമായി വർധിക്കുന്നുണ്ട്.
22 കാരറ്റിനെ അപേക്ഷിച്ച് 18 കാരറ്റ് ആഭരണങ്ങൾക്ക് ശുദ്ധമായ സ്വർണം കുറഞ്ഞ അളവിൽ മതിയാകും. ഉയർന്ന നിലവാരമുള്ളതും അതിസൂക്ഷ്മമായി നിർമ്മിച്ചതും ഡിസൈനുകൾക്ക് മുൻതൂക്കം നൽകുന്നതുമായ ആഭരണ ശേഖരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. ഇത്തരം വിഭാഗങ്ങളുടെ വ്യാപകമായ പ്രചാരണം കാലക്രമേണ സ്വർണത്തിൻറെ മൊത്തത്തിലുള്ള ഉപഭോഗം നിയന്ത്രിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഗണ്യമായ സംഭാവന നൽകും.
'നേഷൻ ഫസ്റ്റ് - ഗോൾഡ്4ഇന്ത്യ ഇനിഷ്യേറ്റീവ്' എന്ന പദ്ധതിയിലൂടെ പ്രധാനമായും സ്വർണ പുനരുപയോഗത്തിന് മുൻഗണന നൽകുന്ന ഒരു സ്ഥാപനമായി മാറാനാണ് കല്യാൺ ജൂവലേഴ്സ് ലക്ഷ്യമിടുന്നത്. സ്വർണത്തോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്കാരിക ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ സാമ്പത്തിക ശേഷി ശക്തിപ്പെടുത്താനും സ്വർണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും അതുവഴി ദേശീയ താത്പര്യം മുൻനിർത്തി പ്രവർത്തിക്കാനും കല്യാൺ ജൂവലേഴ്സ് ലക്ഷ്യമിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.