Sections

രജിസ്‌ട്രേഷനില്ലാതെ പരസ്യം; പ്രൊമോട്ടർമാർക്ക് കെ-റെറയുടെ കാരണം കാണിക്കൽ നോട്ടീസ്

Friday, Jun 16, 2023
Reported By Admin

റിയൽ എസ്റ്റേറ്റ് പ്രൊമോട്ടർമാർക്ക് കെ-റെറയുടെ കാരണം കാണിക്കൽ നോട്ടീസ്


തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യിൽ രജിസ്റ്റർ ചെയ്യാതെ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകൾ വിൽപനയ്ക്കായി വിവിധ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത പ്രൊമോട്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കാക്കനാട്ടെ കൊച്ചി പ്രോപ്പർട്ടീസ്, ഫ്രാൻസിസ്കോ ബിൽഡേഴ്സ്, എലമെന്റ് കൺസ്ട്രക്ഷൻ, എറണാകുളം മുളന്തുരുത്തിയിലുള്ള സിമ്പിൾ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഹമ്മിങ് വാലി, എറണാകുളം തൃക്കാക്കരയിലുള്ള റെഡ് പോർച്ച് നെസ്റ്റ്, ബാവാ റിയൽറ്റേഴ്സ് എന്നീ പ്രൊമോട്ടർമാർക്കാണ് കെ-റെറ നോട്ടീസ് അയച്ചത്.

കൊച്ചി പ്രോപ്പർട്ടീസ്, ബാവാ റിയൽറ്റേഴ്സ്, എലമെന്റ് കൺസ്ട്രക്ഷൻ, ഹമ്മിങ് വാലി എന്നിവർ സമൂഹമാധ്യമമായ ഫെയ്സ്ബുക്ക് വഴിയാണ് പ്രൊജക്റ്റിനെക്കുറിച്ച് പരസ്യം ചെയ്തിരിക്കുന്നത്. സിമ്പിൾ ഗ്രൂപ്പ് ഓഫ് കമ്പനീസ്, പ്രൊജക്റ്റിന്റെ പ്രവേശനകവാടത്തിലാണ് പരസ്യ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. റെഡ് പോർച്ച് നെസ്റ്റ് ഫെയ്സ്ബുക്ക് വഴിയും ബ്രോഷറുകൾ വിതരണം ചെയ്തുമാണ് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിച്ചിരിക്കുന്നത്. ഫ്രാൻസിസ്കോ ബിൽഡേഴ്സ് തങ്ങളുടെ വെബ്സൈറ്റ് വഴിയും ഓൺലൈൻ- സമൂഹമാധ്യമങ്ങൾ വഴിയുമാണ് പരസ്യം ചെയ്തിരിക്കുന്നത്.

റെറ നിയമം മൂന്നാം വകുപ്പ് പ്രകാരം അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകൾ വിൽക്കാനായി പരസ്യം ചെയ്യാൻ പാടുള്ളതല്ല. അങ്ങനെ ചെയ്താൽ റെറ നിയമം 59-ാം വകുപ്പ് പ്രകാരം പ്രൊജക്റ്റ് വിലയുടെ പത്തു ശതമാനം വരെ പിഴയീടാക്കുന്നതായിരിക്കും. അതോറിറ്റിയുടെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ ചട്ടലംഘനം തുടരുകയോ ചെയ്താൽ മൂന്നു വർഷം വരെ തടവോ പ്രൊജക്റ്റ് വിലയുടെ വീണ്ടുമൊരു പത്തുശതമാനം വരെ പിഴയോ ശിക്ഷയായി ലഭിക്കും. 59-ാം വകുപ്പ് ചുമത്തി ശിക്ഷാനടപടികൾ തുടങ്ങാതിരിക്കാനുള്ള മതിയായ കാരണം കെ-റെറ മുമ്പാകെ ബോധിപ്പിക്കാൻ പ്രൊമോട്ടർമാർക്ക് ആവശ്യത്തിന് സമയം അനുവദിച്ചിട്ടുണ്ട്.

നിയമ പരിരക്ഷ ഉറപ്പാക്കാനായി കെ-റെറയിൽ രജിസ്റ്റർ ചെയ്ത റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളിൽ നിന്ന് മാത്രമേ ഫ്ളാറ്റോ വില്ലയോ പ്ലോട്ടോ വാങ്ങാവൂ എന്ന് അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശം നൽകി. രജിസ്റ്റർ ചെയ്തിട്ടുള്ള പ്രൊജക്റ്റുകളുടെ വിവരങ്ങൾ www.rera.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.