Sections

നിലപാട് കടുപ്പിച്ച് ജോസ് കെ മാണി എംപി

Friday, Dec 30, 2022
Reported By MANU KILIMANOOR

ബഫർസോൺ പ്രശ്നത്തിൽ പരാതി നൽകാനുള്ള അവസാന തീയതി ജനുവരി 7 ആണ്


റബർ വിലസ്ഥിരത ഫണ്ട് ഉയർന്ന കാര്യത്തിലും ബഫർ സോണിന്റെ കാര്യത്തിലും നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് - എം. കാർഷിക പ്രശ്നങ്ങളിൽ വിട്ടുവീഴ്ച കൂടാതെതന്നെ പ്രശ്ന പരിഹാരങ്ങൾ വേണമെന്ന നിലപാട് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി മുഖ്യമന്ത്രി പിണറായി വിജയനെയും മുന്നണി നേതൃത്വത്തെയും അറിയിച്ചു. റബർവിലസ്ഥിരത ഫണ്ട് 200 രൂപയെങ്കിലുമായി ഉയർത്തണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന കർശന നിലപാട് മുഖ്യമന്ത്രിയെ തന്നെ നേരിട്ടറിയിച്ചിരിക്കുകയാണ് ജോസ് കെ മാണി. ബഫർ സോൺ പ്രശ്നത്തിൽ കർഷകരുടെ പരാതികൾ പരിഹരിച്ചേ മതിയാകൂ. കാർഷിക മേഖലകളിൽ ഇനിയുള്ള കാലം കേരള കോൺഗ്രസിന് ശക്തി തെളിയിക്കണമെങ്കിൽ കർഷകർക്കൊപ്പം നിൽക്കുക തന്നെ വേണമെന്ന നിലപാടാണ് കേരള കോൺഗ്രസ് - എമ്മിന്.മുൻകാലങ്ങളിൽ കാർഷിക പ്രശ്നങ്ങളിൽ കേരള കോൺഗ്രസ് പഴികേൾക്കുന്ന സാഹചര്യം ഉണ്ടായിരുന്നുവെങ്കിൽ ഇനിയതിന് സാഹചര്യം ഉണ്ടാക്കാനാകില്ലെന്നതാണ് ജോസ് കെ മാണിയുടെ നിലപാട്.

റബർ വിലസ്ഥിരതാ ഫണ്ട് 250 രൂപയാക്കണമെന്നതാണ് കേരള കോൺഗ്രസ് ആവശ്യം. എന്നാൽ ഉടനടി അത് സാധ്യമല്ലെന്ന സർക്കാർ വാദം കേരള കോൺഗ്രസും അംഗീകരിക്കുന്നു. അതേസമയം റബർവിലസ്ഥിരതാ ഫണ്ട് 200 രൂപയാക്കി ഉയർത്തണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ല. കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ കാർഷിക ശക്തികേന്ദ്രങ്ങളിൽ അണികളെ പാർട്ടിയിൽ ഉറപ്പിച്ചു നിർത്തണമെങ്കിൽ കർഷകരുടെ ന്യായമായ ആവശ്യങ്ങളിൽ അവർക്കൊപ്പം നിൽക്കുകയെന്നതാണ് പരിഹാരം. മാത്രമല്ല, കുടിയേറ്റ മേഖലകളിൽ അടുത്തിടെ പാർട്ടി അംഗത്വത്തിന്റെ എണ്ണത്തിലുണ്ടായ വർധനവ് കർഷകർക്ക് കൊടുത്ത വാക്കിന്റെ ബലത്തിലാണ്.

ഭരണപങ്കാളിത്തം ഉള്ളപ്പോൾ സർക്കാർ അപര്യാപ്തതകൾക്കിടയിലും കാർഷിക പ്രശ്നങ്ങളിൽ പരമാവധി പരിഹാരം എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. ഇടതുമുന്നണിയുമായുള്ള സുഗമമായ സഹകരണത്തിന് പാർട്ടി ആവശ്യങ്ങളിൽ അനുഭാവപൂർവ്വമായ നടപടി കൂടിയേതീരൂ എന്ന വ്യക്തമായ സന്ദേശം തന്നെ എൽഡിഎഫ് നേതൃത്വത്തിന് ജോസ് കെ മാണി നൽകി കഴിഞ്ഞു.കാർഷിക മേഖലകളിലെ പ്രശ്നങ്ങളിൽ രാഷ്ട്രീയേതര ഇടപെടലുകൾ ഉണ്ടാകുന്നത് രാഷ്ട്രീയനേതൃത്വങ്ങൾ നിസഹായരാകുമ്പോഴാണ്. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലുണ്ടായ സാഹചര്യം അതാണ്. അതിനാൽ കർഷകരുടെ പാർട്ടി എന്ന ലേബൽ കേരള കോൺഗ്രസിന് തിരിച്ചുപിടിക്കണമെന്ന ലക്ഷ്യമാണ് ജോസ് കെ മാണിയുടേത്. അതിനാൽതന്നെ അത്തരം നിലപാടുകളിൽ വിട്ടുവീഴ്ച വേണ്ടെന്നതാണ് പാർട്ടി നിലപാട്.ബഫർസോൺ പ്രശ്നത്തിൽ പരാതി നൽകാനുള്ള അവസാന തീയതി ജനുവരി 7 ആണ്. ഇത് നീട്ടണമെന്ന ആവശ്യം ജോസ് കെ മാണി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതുൾപ്പെടെ ബഫർ സോൺ പ്രശ്നത്തിൽ സർക്കാരിന്റെ നിലപാടുകൾക്ക് കേരള കോൺഗ്രസ് കാക്കുകയാണ്.അതിന്റെ അടിസ്ഥാനത്തിൽ 30 -ന് എരുമേലിയിൽ ഉൾപ്പെടെ കോട്ടയം ജില്ലയിൽ കർഷകരുമായി നടത്താൻ നിശ്ചയിച്ചിരുന്ന ചില കൂടിക്കാഴ്ചകൾ ജോസ് കെ മാണി മാറ്റിവച്ചിട്ടുണ്ട്. എരുമേലിയിലെ കർഷകസംഗമം ആറാം തീയതിയാണ് നിശ്ചയിച്ചിട്ടുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.