Sections

കേന്ദ്ര സഹായത്തോടെ ജന്‍ഔഷധി മെഡിക്കല്‍ സ്‌റ്റോര്‍ തുടങ്ങാം; പക്ഷെ ?

Sunday, Feb 06, 2022
Reported By admin
Jan Aushadhi

കേന്ദ്രം തുടങ്ങാന്‍ ആഗ്രഹിക്കുന്നതിന്റെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു ജന്‍ഔഷധി കേന്ദ്രം ഉണ്ടാകാന്‍ പാടില്ല

 

ഫ്രാഞ്ചൈസി ബിസിനസുകള്‍ റിസ്‌ക് എടുക്കാതെ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സംരംഭക മോഹികള്‍ക്ക് മികച്ച അവസരമാണെന്ന് അറിയാമല്ലോ.പോസ്‌റ്റോഫീസ്,മില്‍മ,അക്ഷയ തുടങ്ങിയവ പോലെ തന്നെ ഫ്രാഞ്ചൈസി ബിസിനസുകള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് കേന്ദ്രസര്‍ക്കാര്‍ സ്വാധീനമുള്ള ജന്‍ഔഷധി സ്റ്റോറുകള്‍.


കോവിഡ് കാലത്ത് മരുന്നുകള്‍ക്കും മരുന്നു കടകള്‍ക്കുമുള്ള പ്രധാന്യത്തെ കുറിച്ച് എടുത്തു പറയേണ്ടതില്ലല്ലോ.സാധാരണ ഒരു മരുന്നകടയുടെ പ്രവര്‍ത്തനങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമാണ് ജന്‍ഔഷധി കേന്ദ്രങ്ങളുടേത്. നേരിട്ട് സര്‍ക്കാര്‍ സേവനം ലഭിക്കുന്നുവെന്നതാണ് പ്രധാന ആകര്‍ഷണം. അതിലുപരി മിനിമം വരുമാനം ഉറപ്പാക്കുന്ന തരത്തിലാണ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമെന്നതും നേട്ടമാണ്. 


കേന്ദ്ര സര്‍ക്കാരിന്റെ ഈ ഫ്രാഞ്ചൈസി സേവനം ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ നിങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതില്‍ ആദ്യം സര്‍ക്കാര്‍ സൈറ്റില്‍ ഫ്രാഞ്ചൈസിക്കായി രജിസ്റ്റര്‍ ചെയ്യുകയെന്നതാണ്. കാരണം രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തിലാകും പ്രവര്‍ത്തനാനുമതി നല്‍കുക.

കേന്ദ്രം തുടങ്ങാന്‍ ആഗ്രഹിക്കുന്നതിന്റെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു ജന്‍ഔഷധി കേന്ദ്രം ഉണ്ടാകാന്‍ പാടില്ല. ആപ്ലിക്കേഷനൊപ്പം 5,000 രൂപ ഫീസ് അപേക്ഷകര്‍ അടയ്ക്കേണ്ടതുണ്ട്. ഇതു തിരിച്ചുകിട്ടില്ല. സ്ത്രീകള്‍, എസ്.സി, എസ്.ടി, തെരഞ്ഞെടുത്ത വിഭാഗങ്ങള്‍ എന്നിവര്‍ക്ക് ഫീസ് ഉണ്ടാകില്ല. സ്ത്രീ സംരംഭകര്‍ക്ക് മറ്റ് ഒട്ടനവധി അനുകൂല്യങ്ങളും ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്യുന്നുണ്ട്.

120 ചതുശ്ര അടിയുള്ള ഒരു മുറി ഉണ്ടാകുക എന്നതാണ് പ്രധാനം. ഇത് സ്വന്തമോ, വാടകയ്ക്കോ ആകാം. ഏകദേശം മൂന്നു ലക്ഷം രൂപയോളം ഫ്രാഞ്ചൈസിക്കായി നിക്ഷേപിക്കേണ്ടി വരും. എന്നാല്‍ ഇതില്‍ 2.5 ലക്ഷം രൂപയോളം തിരികെ തന്നെ ലഭിക്കും.

ഒരു ലക്ഷം രൂപ കടയ്ക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ക്കും, അടിസ്ഥാന സൗകര്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അടുത്ത ഒരു ലക്ഷം രൂപ മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പാക്കുന്നു. ബാക്കി 50,000 രൂപയ്ക്ക് കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ബില്ലിങ് മെഷീന്‍ തുടങ്ങിയ സംവിധാനങ്ങള്‍ നല്‍കും. സ്ത്രീകള്‍ക്കും, പിന്നാക്ക സമുദായക്കാര്‍ക്കും മറ്റു ആനൂകൂല്യങ്ങളും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

വെബ്സൈറ്റില്‍ അപേക്ഷ നല്‍കി 5,000 രൂപ ഫീസടച്ചു കഴിഞ്ഞാല്‍ ആദ്യഘട്ടം പൂര്‍ത്തിയായി. വിവരങ്ങള്‍ പരിശോധിച്ചശേഷം മുന്‍ഗണനാ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്കുള്ള കോള്‍ വരും. ആദ്യ അപേക്ഷ പരിഗണിച്ചതായി വിവരം ലഭിച്ചാല്‍ ഫ്രാഞ്ചൈസിക്കുള്ള മുറിയുടെ വിവരങ്ങളും ഒരു ഫാര്‍മസിസ്റ്റിനെ നിയമിച്ച വിവരങ്ങളും നല്‍കണം. ഒരു ഫാര്‍മസിസ്റ്റ് ഉണ്ടെങ്കില്‍ മാത്രമാകും ലൈസന്‍സ് ലഭിക്കുക.

ഫ്രാഞ്ചൈസി മുന്നോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ പ്രാപ്തമാണെന്നു തെളിയിക്കുന്നതിനായി ഉടമയുടെ വരുമാന വിവരങ്ങളും.സംവരണ രേഖകള്‍, ജി.എസ്.ടി, ഉദ്യോഗ് ആധര്‍ വിവരങ്ങളും രണ്ടാംഘട്ടത്തില്‍ സമര്‍പ്പിക്കേണ്ടി വരും.

മറ്റു മരുന്നുകടകളെ അപേക്ഷിച്ച് ജന്‍ഔഷധി സ്റ്റോറുകളില്‍ മരുന്നുകള്‍ക്കു വില വളരെ കുറവാണ്.  സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മരുന്നുകള്‍ എത്തുന്നതുകൊണ്ട് കുറഞ്ഞ ചെലവിലാകും അവ ലഭിക്കുക. 100 രൂപയുടെ മരുന്നുകള്‍ വില്‍ക്കുമ്പോള്‍ 20 രൂപ നിങ്ങളുടെ വരുമാനമാണ്.കൂടാതെ ഓരോ മാസവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് 15 ശതമാനം ഇന്‍സന്റീവ് ലഭിക്കും.ജന്‍ഔഷധി കേന്ദ്രമായതിനാല്‍ തന്നെ പരസ്യങ്ങളോ പ്രചാരണമോ ആവശ്യമില്ല.

Tags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.