Sections

ലോകത്തിലെ ഏറ്റവും വലിയ സംരംഭക ട്രെയിൻ യാത്രയായ ജാഗൃതി യാത്രയ്ക്ക് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്വീകരണം

Tuesday, Nov 11, 2025
Reported By Admin
Jagriti Yatra Reaches Kochi for the First Time

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സംരംഭക ട്രെയിൻ യാത്രയായ ജാഗൃതി എക്സ്പ്രസ് കൊച്ചിയിലെത്തി. ജാഗൃതി യാത്രയുടെ 18 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് സംഘം കൊച്ചി സന്ദർശിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ യാത്രാംഗങ്ങൾക്ക് ഔദ്യോഗികമായ സ്വീകരണം ഒരുക്കി. കെഎസ് യുഎം സിഇഒ അനൂപ് അംബിക യാത്രയെ അഭിസംബോധന ചെയ്തു.

രാജ്യത്തൊട്ടാകെയുള്ള യുവ സാമൂഹിക-സംരംഭക പരിവർത്തകരായ 525 യുവയാത്രികരാണ് 15 ദിവസം നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ പങ്കെടുക്കുന്നത്. 2008 ൽ ആരംഭിച്ച ഈ യാത്ര എല്ലാ വർഷവും മുംബൈയിൽ നിന്നാരംഭിച്ച് വിവിധ സ്ഥലങ്ങളിലൂടെ 8000 കി. മിയിലധികം യാത്ര ചെയ്ത് മുംബൈയിൽ തന്നെ അവസാനിക്കും. വിവിധ മേഖലകളിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്.

സ്റ്റാർട്ടപ്പ് മേഖലയുടെ ഭാഗമായാണ് കൊച്ചിയും കേരള സ്റ്റാർട്ടപ്പ് മിഷനും യാത്ര സന്ദർശിച്ചത്. കളമശേരിയിലെ ഡിജിറ്റൽ ഹബിൽ നടന്ന പരിപാടിയിൽ അനൂപ് അംബികയും ജാഗൃതി യാത്രാ ബോർഡംഗം സുനിൽ പാങ്ഗോർക്കറും സംബന്ധിച്ചു. രാജ്യത്തെ ഏറ്റവും ചടുലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി കേരളം മാറിയതെങ്ങിനെയെന്ന് അനൂപ് അംബിക വിവരിച്ചു. സ്റ്റാർട്ടപ്പ് മേഖലയ്ക്കായി കേരള-കേന്ദ്രസർക്കാരുകൾ നൽകുന്ന സഹായപദ്ധതികളും അദ്ദേഹം സദസ്സിന് മുന്നിൽ അവതരിപ്പിച്ചു.

7500 ലധികം സ്റ്റാർട്ടപ്പുകളാണ് കേരളത്തിലിന്നുള്ളത്. സേവന മേഖലയിൽ നിന്ന് ഡീപ് ടെക്, ഉത്പന്ന വികസനം തുടങ്ങിയവയിലാണ് ഇനി സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖം, ബഹിരാകാശം, ആരോഗ്യമേഖല, ക്രിയേറ്റീവ് സമ്പദ് വ്യവസ്ഥ, പുനരുപയോഗ ഊർജ്ജം എന്നിവയിലാണ് ഇനി പരമ്പരാഗത വ്യവസായങ്ങളിൽ കേരളത്തിന് ഊന്നൽ നൽകാവുന്നത്. എന്നാൽ ഡീപ് ടെക് മേഖലയിൽ കേരളത്തിന്റെ സാധ്യതകൾ അനന്തമാണെന്നും അദ്ദേഹം പറഞ്ഞു.

നൂതനത്വം എങ്ങിനെയാണ് രാജ്യത്തിന്റെ ഭാവിയെ വാർത്തെടുക്കുന്നതെന്ന് നേരിട്ടു കാണാനുള്ള അവസരമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ സന്ദർശനത്തിലൂടെ സംഘാംഗങ്ങൾക്ക് ലഭിച്ചതെന്ന് ജാഗൃതി യാത്രാ സിഇഒ അശുതോഷ് കുമാർ പറഞ്ഞു. സാർഥകമായ ആശയങ്ങളെ എങ്ങിനെ ഉത്പന്നങ്ങളാക്കി മാറ്റുമെന്നതിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് കേരളം നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ലോകോത്തര അടിസ്ഥാന സൗകര്യങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കർണാടകയുടെ സാംസ്കാരിക ഹൃദയമായ ഹുബ്ലിയിൽ നിന്നാണ് യാത്ര കൊച്ചിയിലെത്തിയത്. ഇവിടെ നിന്നും മധുര, ശ്രീസിറ്റി, വിശാഖപട്ടണം, ബഹറാംപൂർ, നളന്ദ, ദേവരിയ, ഡൽഹി, ജയ്പൂർ, അഹമ്മദാബാദ് വഴിയാണ് മുംബൈയിലെത്തുന്നത്.

രണ്ട് പതിറ്റാണ്ടുകളായി, ജാഗൃതി യാത്ര 9,000-ത്തിലധികം യുവാക്കളെ സംരംഭങ്ങളിലൂടെ മേഖലയിലേക്കെത്തിക്കാനും അതു വഴി രാജ്യത്തിന്റെ പരിവർത്തനത്തിന് നേതൃത്വം നൽകാനും പ്രചോദിപ്പിച്ചു, ഇതിലെ പൂർവ്വ യാത്രികരിൽ 28% പേർ വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിരത, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സംരംഭകരായി മാറിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.