Sections

ഇന്ത്യന്‍ ഇവികള്‍ക്കായി അലുമിനിയം-എയര്‍ ബാറ്ററികള്‍ വികസിപ്പിക്കാന്‍ ഇസ്രായേല്‍

Tuesday, Jul 19, 2022
Reported By MANU KILIMANOOR

ഇന്ത്യന്‍ ഇലക്ട്രിക് വാഹനരംഗത്ത് പുതിയ പ്രതീക്ഷകള്‍  നല്‍കുന്ന പദ്ധതി


ഇന്ത്യയില്‍ അലുമിനിയം-എയര്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിനായി അലുമിനിയം പ്ലേറ്റുകള്‍ വികസിപ്പിക്കുന്നതിനും പൈലറ്റ് ചെയ്യുന്നതിനുമായി ആദിത്യ ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള ഹിന്‍ഡാല്‍കോ കമ്പനി ഇസ്രായേല്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു..ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടര്‍ സതീഷ് പൈ പ്രസ്താവനയില്‍ പറയുന്നത് : ''നിലവിലെ കമ്പോള അവസ്ഥ  ഞങ്ങളുടെ ബിസിനസ്സിന് സഹായകമാണെന്നും  ഫിനര്‍ജി, ഐഒപി എന്നിവയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം മൊബിലിറ്റി ഡീകാര്‍ബണൈസ് ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്''എന്നുമാണ്.

നവീകരണത്തിലും ഗവേഷണ-വികസനത്തിലും ഹിന്‍ഡാല്‍കോയുടെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട കഴിവുകളുടെ തെളിവാണ് ഈ പങ്കാളിത്തം, അലുമിനിയം-എയര്‍ ബാറ്ററിയുടെ വികസനത്തിന് സംഭാവന നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്ത്യയില്‍ ധാരാളം അലുമിനിയം വിഭവങ്ങള്‍ ഉണ്ട്, ഈ സാങ്കേതികവിദ്യ രാജ്യത്തിന്റെ ഊര്‍ജ്ജവും വിഭവ സുരക്ഷയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഇലക്ട്രിക് വാഹനരംഗത്ത് പുതിയ പ്രതീക്ഷ നല്‍കുന്ന പദ്ധതി ആണിത്.  അലുമിനിമം എയര്‍ ബാറ്ററി സാങ്കേതികവിദ്യ ഇന്ത്യയിലെ ഇലക്ട്രിക് വാഹനരംഗത്ത് പ്രയോജനപ്പെടുത്തുന്നതിന് ഹിന്‍ഡാല്‍കോ, ഇസ്രായേല്‍ കമ്പനിയായ ഫിനര്‍ജിയുമായി സഹകരിക്കാനാണ് തീരുമാനിച്ചത്. മെറ്റല്‍ എയര്‍ ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത ഫിനര്‍ജിയുടെയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ഐഒസി ഫിനര്‍ജിയും ഇതില്‍ പങ്കാളിത്തം വഹിക്കും.

അലുമുനിയം ഓക്‌സിജനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഊര്‍ജ്ജം പുറന്തള്ളുന്ന സാങ്കേതികവിദ്യയാണ് അലുമിനിയം എയര്‍ ബാറ്ററിയില്‍ ഉപയോഗിക്കുന്നത്. ഓക്‌സിജനുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അലുമിനിയം ഹൈഡ്രോക്‌സൈഡ് ഉപയോഗിച്ചാണ് ബാറ്ററി പ്രവര്‍ത്തിക്കുന്നത്. ഈ ബാറ്ററി ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ദീര്‍ഘദൂരം യാത്ര ചെയ്യാമെന്നതാണ് സവിശേഷത. ചാര്‍ജിങ് സ്റ്റേഷനുകള്‍ അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ബാറ്ററിയുടെ ഇറക്കുമതിയും കുറയ്ക്കാന്‍ സാധിക്കും. അതിവേഗത്തില്‍ റീഫില്ലിംഗും നടത്താന്‍ സാധിക്കുമെന്ന് കമ്പനികള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.വായുമലിനീകരണം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.വലിച്ചെറിയപ്പെട്ട ബാറ്ററിയുടെ അലുമിനിയം ഹൈഡ്രോക്‌സൈഡ് ലായനി ഒരു റീസൈക്ലിംഗ് സൗകര്യത്തിലേക്ക് കൊണ്ടുപോകുകയും അതിലെ എല്ലാ അലൂമിനിയവും വീണ്ടെടുക്കുകയും ചെയ്യാം, ഈ ബാറ്ററികള്‍ പുനരുപയോഗിക്കാവുന്നതിനാല്‍ അവ പരിസ്ഥിതിക്കും സുരക്ഷിതമാണ്.ആഭ്യന്തര വിപണിയെ ഉണര്‍ത്തുന്നതിനുള്ള ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് ഇത് കൂടുതല്‍ കരുത്തുപകരുമെന്ന വിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.