- Trending Now:
കൊച്ചി: ജനുവരി 6 ന് കൊച്ചിയിൽ ആരംഭിക്കുന്ന ത്രിദിന അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം സംസ്ഥാനത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സമ്പന്നമായ സമുദ്ര പൈതൃകത്തെയും അതിന്റെ ആഗോള പ്രസക്തിയെയും ഉയർത്തിക്കാട്ടുന്ന ചർച്ചകൾക്ക് വേദിയൊരുക്കും. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന പ്രമുഖ ചരിത്രകാരന്മാർ, ആർക്കൈവിസ്റ്റുകൾ, പണ്ഡിതന്മാർ എന്നിവർ സമ്മേളനത്തിലെ സെഷനുകൾക്ക് നേതൃത്വം നൽകും. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംഘടിപ്പിക്കുന്ന സമ്മേളനം ജനുവരി 6 മുതൽ 8 വരെ കൊച്ചി ബോൾഗാട്ടി പാലസിലാണ് നടക്കുക.
രാജ്യത്തിനകത്തെ പ്രതിനിധികൾക്ക് പുറമേ 22 രാജ്യങ്ങളിൽ നിന്നായി വിവിധ മേഖലകളിലെ 38 പ്രമുഖ വ്യക്തികളും സമ്മേളനത്തിന്റെ ഭാഗമാകും. പ്രമുഖ അക്കാദമിഷ്യന്മാർ, ചരിത്രകാരന്മാർ, പ്രശസ്ത പുരാവസ്തു ഗവേഷകർ, നയതന്ത്രജ്ഞർ, നയരൂപീകരണ വിദഗ്ധർ, ടൂറിസം മേഖലയിലെ പ്രഗത്ഭർ, പ്രശസ്ത കലാകാരന്മാർ, സാംസ്കാരിക പരിശീലകർ എന്നിവർ പങ്കെടുക്കുന്ന സെഷനുകൾ സമ്മേളനത്തിൽ ഉണ്ടായിരിക്കും.
ലിസ്ബൺ സർവകലാശാലയിലെ ഡോ. ഹ്യൂഗോ കാർഡോസോ, ഓസ്ട്രിയയിലെ സെൻട്രൽ യൂറോപ്യൻ സർവകലാശാലയിലെ പ്രൊഫ. ഇസ്താൻ പെർസെൽ, ജക്കാർത്തയിലെ സിയാരിഫ് ഹിദായത്തുള്ള സ്റ്റേറ്റ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജജാത്ത് ബുർഹാനുദിൻ, ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജെയിംസ് ഒൻലി, ഇന്തോനേഷ്യ ഇന്റർനാഷണൽ ഇസ്ലാം യൂണിവേഴ്സിറ്റിയിലെ ഡോ. നിയ ഡെലിയാന, ബെൽജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലെ ഡോ. സാറാ മൊണ്ടിനി, യുകെയിലെ സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ ഡോ. അഖില യെച്ചൂരി, ഒമാനിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഡോ. സന്ധ്യ റാവു മേത്ത, യുകെയിലെ ഗ്ലാസ്ഗോ സർവകലാശാലയിലെ ഡോ. ഒഫിറ ഗാംലിയൽ, ഷാർജ മ്യൂസിയം ഡയറക്ടർ ഡോ. മനാൽ അതായ, ഖത്തർ മ്യൂസിയത്തിലെ ഡോ. റോബർട്ട് കാർട്ടർ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഷെർ ബാനു എ.എൽ എന്നിവർ വിവിധ സെഷനുകളിലെ പ്രഭാഷകരാണ്.
ഉദ്ഘാടന ദിവസം 'അന്തർദേശീയ പൈതൃക ഇടനാഴികളുടെ ഭരണനിർവഹണവും നിലനിൽപ്പും - നയ പാതകൾ' എന്ന വിഷയത്തിൽ കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സണും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വേണു വി സംസാരിക്കും. ടൂറിസം സെക്രട്ടറി ബിജു കെ, ഐസിഒഎംഒഎസ് ഇന്ത്യ പ്രസിഡന്റ് ഡോ. റിമ ഹൂജ, യുനെസ്കോ ഡയറക്ടർ ടിം കർട്ടിസ് എന്നിവരാണ് ഈ സെഷനിലെ മറ്റ് പാനലിസ്റ്റുകൾ. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ മോഡറേറ്ററാകും.
ആദ്യ ദിവസം സ്പൈസ് റൂട്ട്സ്: ജനങ്ങളും വസ്തുക്കളും ആശയങ്ങളും എന്ന വിഷയത്തിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പ്രഭാഷണം നടത്തും.
'സ്പൈസ് റൂട്ടിന്റെ സാംസ്കാരിക പാരമ്പര്യവും ജീവിതവും' എന്ന സെഷനിൽ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ രൂപേഷ്കുമാർ കെ, ഐജിഎൻഎ ആദി ദൃഷ്ട ഡയറക്ടർ ഡോ. റിച്ച നേഗി, കൂടിയാട്ട ആചാര്യൻ ഡോ. മധു മാർഗി, തോൽപ്പാവക്കൂത്ത് കലാകാരൻ ഡോ. രാജീവ് പുലവർ, അഗസ്ത്യ കളരിയിലെ ഡോ. മഹേഷ് എസ് എന്നിവർ പങ്കെടുക്കും.
'ഡിജിറ്റൽ സ്പൈസ് റൂട്ട്സ് - സാങ്കേതികവിദ്യയും പൈതൃക വ്യാഖ്യാനത്തിന്റെ ഭാവിയും' എന്ന വിഷയത്തിലുള്ള സെഷനിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സിഇഒ അനൂപ് അംബിക, ബുക്കിംഗ് ഡോട്ട് കോമിലെ അരുൺ അശോക്, എക്സ്ആർ ഹൊറൈസൺ സിഇഒ ഡെൻസിൽ ആന്റണി, കൊച്ചി ഹെറിറ്റേജ് പ്രോജക്റ്റിലെ ജോഹാൻ കുരുവിള എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും. മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് എംഡി ഷാരോൺ വി മോഡറേറ്ററായിരിക്കും.
പ്രബന്ധാവതരണങ്ങൾ, സംഭാഷണങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ, കലാ പ്രദർശനങ്ങൾ, ചലച്ചിത്ര പ്രദർശനം, കലാപ്രകടനങ്ങൾ, സ്ഥല സന്ദർശനങ്ങൾ തുടങ്ങിയ അക്കാദമിക, കലാപരമായ ആവിഷ്കാരങ്ങളും സമ്മേളനത്തിലുണ്ടാകും.
സ്പൈസ് റൂട്ടിനെ തിരക്കേറിയ സമുദ്ര വാണിജ്യ പാതയെന്നതിലുപരി ആശയങ്ങൾ, കല, സാങ്കേതികവിദ്യ, മതപാരമ്പര്യങ്ങൾ എന്നിവ സംയോജിപ്പിച്ച് ജനങ്ങൾ തമ്മിലുള്ള ബന്ധം സൃഷ്ടിക്കുന്ന ഊർജ്ജസ്വലമായ സാംസ്കാരിക ഇടനാഴി എന്ന നിലയിലാണ് പ്രഭാഷകർ പര്യവേഷണം ചെയ്യുന്നത്.
പ്രശസ്തമായ ആഗോള വ്യാപാര ഇടനാഴിയുടെ പരിധിയിൽ വരുന്ന രാജ്യങ്ങൾക്കിടയിൽ സാംസ്കാരിക, പൈതൃക ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകൾ സമ്മേളനം മുന്നോട്ടുവയ്ക്കും. ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവയിൽ വേരൂന്നിയ ആഴത്തിലുള്ള അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന ആകർഷകമായ ലക്ഷ്യസ്ഥാനമായി കേരളത്തെ സ്ഥാപിക്കാനാണ് അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനം ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.keralatourism.org/muzirsi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.