Sections

റെയില്‍വേയും ഇലക്ട്രിക് മേഖലയിലേക്ക്; ഇ-ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കും

Tuesday, Oct 11, 2022
Reported By admin
railway

ഇത് ഇലക്ട്രിക് വാഹന വിപണിക്ക് വലിയ അവസരങ്ങള്‍ കൂടിയാണ് തുറന്നു നല്‍കുന്നത്


ഇന്ത്യന്‍ റെയില്‍വേയും ഇലക്ട്രിക് മേഖലയിലേക്ക് കടക്കുന്നു. രാജ്യത്തെ പ്രധാന സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. റയില്‍വേയുടെ വരുമാനം ഭാവിയില്‍ വര്‍ധിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യവും ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിലുണ്ട്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പ്രധാന സ്റ്റേഷനുകളിലും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്. പുതിയ ഇ-മൊബിലിറ്റി നയങ്ങളുടെ ഭാഗമായാണ് തീരുമാനം. ഇത് ഇലക്ട്രിക് വാഹന വിപണിക്ക് വലിയ അവസരങ്ങള്‍ കൂടിയാണ് തുറന്നു നല്‍കുന്നത്.

നാല് മില്യണിലധികം ജനസംഖ്യയുള്ള മെഗാ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. 2024 ഡിസംബറോടെ, മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത, പൂനെ, സൂററ്റ് എന്നിവിടങ്ങളില്‍ ഇ-ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇന്റേണല്‍ കംബഷന്‍ എന്‍ജിന്‍ (ഐസിഇ) വാഹനങ്ങളുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യവും തീരുമാനത്തിനു പിന്നിലുണ്ട്. 2025 ഓടെ ഇന്ത്യന്‍ റെയില്‍വെയില്‍ ഇത്തരം ഐസിഇ വാഹനങ്ങളുടെ ഉപയോഗം ഇല്ലാതാക്കി, 2030 വര്‍ഷത്തോടെ 'നെറ്റ് സീറോ കാര്‍ബണ്‍ എമിറ്റര്‍' എന്ന നിലയിലേക്കെത്തുകയാണ് ലക്ഷ്യം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.