- Trending Now:
ഇന്ത്യയിലെ ലീഗൽ മെട്രോളജി സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്തെ അളവുതൂക്ക പരിശോധനാ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃകാര്യ വകുപ്പ് 2013-ലെ ലീഗൽ മെട്രോളജി (ഗവണ്മെന്റ് അംഗീകൃത പരിശോധന കേന്ദ്രം) ചട്ടങ്ങളിൽ ഭേദഗതി വരുത്തി.
ഗവണ്മെന്റ് അംഗീകൃത പരിശോധന കേന്ദ്രങ്ങളുടെ പരിധി വിപുലീകരിച്ച് കൂടുതൽ ഇന്ധന വിതരണ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയും പുനഃപരിശോധനയും ഉൾപ്പെടുത്തിയെന്നതാണ് ഭേദഗതിയുടെ പ്രധാന സവിശേഷത. പരിശോധനാ സേവനങ്ങളുടെ ലഭ്യത വർധിപ്പിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും വഴിയൊരുക്കുന്ന ഈ നടപടി രാജ്യത്തുടനീളം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ കൂടിവരുന്ന ഉപയോഗത്തിന് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരം താഴെ നൽകിയിരിക്കുന്ന അഞ്ച് വിഭാഗങ്ങളിലെ ഇന്ധന ഡിസ്പെൻസറുകളാണ് ഗവണ്മെന്റ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽ പരിശോധിക്കാവുന്നവയുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്:
ഈ ഉപകരണങ്ങൾ ഉൾപ്പെടുത്തിയതോടെ ലീഗൽ മെട്രോളജി ചട്ടക്കൂടിന് കീഴിൽ ആകെ 23 വിഭാഗം അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധനയും പുനഃപരിശോധനയും നടത്താൻ ഗവണ്മെന്റ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾക്ക് സാധിക്കും.
രാജ്യത്തുടനീളം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സിഎൻജി, എൽഎൻജി, ഹൈഡ്രജൻ ഇന്ധന വിതരണ ഉപകരണങ്ങളെ ഗവണ്മെന്റ് അംഗീകൃത പരിശോധന കേന്ദ്രങ്ങളുടെ ചട്ടക്കൂടിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ ഇന്ധന വിതരണം ഉറപ്പാക്കാനും ഇടപാടുകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും ഈ നടപടി സഹായിക്കും.
ലീഗൽ മെട്രോളജി നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിൽ നിർദിഷ്ട അളവുതൂക്ക പരിശോധനയും പുനഃപരിശോധനയും നടത്താനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വൈദഗ്ധ്യവുമുള്ള അംഗീകൃത സംവിധാനങ്ങളാണ് ഗവണ്മെന്റ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ. യോഗ്യതയുള്ള സ്വകാര്യ ലബോറട്ടറികളെയും വ്യവസായങ്ങളെയും പങ്കാളികളാക്കി രാജ്യത്തിന്റെ പരിശോധനാ ശേഷി വർധിപ്പിക്കാനും പരിശോധനാ സേവനങ്ങൾ ഉയർന്ന തോതിൽ ലഭ്യമാക്കാനും ഈ ചട്ടക്കൂട് സഹായിക്കുന്നു.
സംസ്ഥാനങ്ങളിലെ ചട്ടങ്ങൾക്ക് കീഴിൽ ഗവണ്മെന്റ് അംഗീകൃത കേന്ദ്രങ്ങൾ വഴി പരിശോധന നടത്തുന്നതിന് കൂടുതൽ വിഭാഗം അളവുതൂക്ക ഉപകരണങ്ങളെ വിജ്ഞാപനം ചെയ്യാൻ ഈ ഭേദഗതികൾ സംസ്ഥാന ഗവണ്മെന്റുകൾക്ക് അധികാരം നൽകുന്നു. പ്രാദേശിക ആവശ്യകതകളുടെ അടിസ്ഥാനത്തിൽ പരിശോധനാ സേവനങ്ങൾ വിപുലീകരിക്കാൻ ഇത് സഹായിക്കും. ഭരണപരമായ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് ജോയിന്റ് സെക്രട്ടറി പദവിയിലോ അതിന് മുകളിലോ ഉള്ളവർക്ക് ചട്ടങ്ങളിലെ പ്രസക്ത വ്യവസ്ഥകൾ പ്രകാരം അധികാരം നൽകിയിട്ടുണ്ട്. അംഗീകാരങ്ങളും അനുബന്ധ നടപടികളും വേഗത്തിലാക്കാൻ ഇത് വഴിയൊരുക്കും.
പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരം പെട്രോൾ, ഡീസൽ ഡിസ്പെൻസറുകളുടെ പരിശോധനാ ഫീസ് ഒരു നോസിലിന് 5,000 രൂപയായും സിഎൻജി, എൽപിജി, എൽഎൻജി, ഹൈഡ്രജൻ ഡിസ്പെൻസറുകളുടെ ഫീസ് ഒരു നോസിലിന് 10,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.
രാജ്യത്തെ അളവുതൂക്ക ഉപകരണങ്ങൾക്ക് സമയബന്ധിതവും വിശ്വസനീയവുമായ പരിശോധനാ സേവനങ്ങൾ നൽകുന്നതിൽ ഗവണ്മെന്റ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങൾ നിലവിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളുടെ വിപുലീകരിച്ച പരിശോധനാ പരിധി രാജ്യത്തെ പരിശോധനാ അടിസ്ഥാന സൗകര്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സേവന വിതരണം മെച്ചപ്പെടുത്തുമെന്നും കാലതാമസം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പുകൾക്ക് പരിശോധനയിലും നിയമ നിർവഹണത്തിലും ഉപഭോക്തൃ പരാതിപരിഹാര നടപടികളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ പരിഷ്കാരങ്ങൾ അവസരമൊരുക്കും. സാങ്കേതികവിദ്യാധിഷ്ഠിത ഭരണ നിർവഹണത്തിനും രീതികളിലെ സുതാര്യതയ്ക്കുമൊപ്പം ആത്മനിർഭർ ഭാരത് എന്ന ഗവണ്മെന്റ് കാഴ്ചപ്പാടിനും പിന്തുണ നൽകുന്ന ഈ സംരംഭം അന്താരാഷ്ട്ര ലീഗൽ മെട്രോളജി ഓർഗനൈസേഷന്റെ മികച്ച ആഗോള സമ്പ്രദായങ്ങൾക്കും ശിപാർശകൾക്കും അനുസൃതമായി ഇന്ത്യയുടെ മെട്രോളജി സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
നിലവിലെ വിഭാഗങ്ങൾ (18)
പുതുതായി ഉൾപ്പെടുത്തിയ വിഭാഗങ്ങൾ (5)
വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക: https://consumeraffairs.gov.in/public/upload/files/GATC_Amendment_Rules_2026_1778476324.pdf
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.