Sections

റിലയൻസ് ജിയോയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു

Friday, Jun 02, 2023
Reported By admin
reliance

മറ്റൊരു കമ്പനിക്ക് നൽകേണ്ട ചെലവിനെയാണ് ഇന്റർകണക്ഷൻ യൂസേജ് ചാർജ് എന്നു വിശേഷിപ്പിക്കുന്നത്


മുകേഷ് അംബാനിയുടെ കീഴിലുള്ള പ്രമുഖ ടെലികോം സേവനദാതാവായ റിലയൻസ് ജിയോ ഇൻഫോകോമ്മിനും ടാറ്റ കമ്മ്യൂണിക്കേഷൻസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ആദായ നികുതി വകുപ്പിന്റെ മുംബൈ ഘടകമാണ്, ഇന്റർകണക്ഷൻ യൂസേജ് ചാർജുമായി (IUC) ബന്ധപ്പെട്ട് ഇരു കമ്പനികളോടും വിശദീകരണം തേടിയിരിക്കുന്നത്. എന്നാൽ, ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെതിരെ റിലയൻസ് ജിയോയും ടാറ്റ കമ്മ്യൂണിക്കേഷനും അപ്പീൽ നൽകിയിട്ടുണ്ടെന്നും ദേശീയ ബിസിനസ് മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇരു കമ്പനികളും നോട്ടീസിന് അപ്പീൽ നൽകിയതോടെ, വിഷയം ഇപ്പോൾ ഇൻകം ടാക്‌സ് കമ്മീഷണറിന് (അപ്പീൽസ്) മുമ്പാകെയാണുള്ളത്. ആദായ നികുതി വകുപ്പിന്റെ പുതിയ നോട്ടീസിനെതിരെ, പുനർവിചാരണ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്ന് ടാറ്റ കമ്മ്യൂണിക്കേഷൻ പ്രതികരിച്ചു. എന്നാൽ റിലയൻസ് ജിയോ വിഷയത്തോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം, ആദായ നികുതി നിയമത്തിന്റെ ചട്ടം 185 പ്രകാരം, വിദേശ ടെലികോം സേവനദാതാക്കൾക്ക് ഇന്റർകണക്ഷൻ യൂസേജ് ചാർജ് നൽകുമ്പോൾ ഇന്ത്യൻ ടെലികോം കമ്പനികൾ ഉറവിടത്തിൽ നിന്നും നികുതി കിഴിക്കണമെന്നാണ് (ടിഡിഎസ്) ആദായ നികുതി വകുപ്പിന്റെ നിലപാട്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നികുതി ദായകരായ കമ്പനിക്ക് ടിഡിഎസ് നികുതിയുടെ ബാധ്യത ചുമത്തപ്പെടുമെന്ന്, ആദായ നികുതി നിയമത്തിന്റെ ചട്ടം 201 പ്രകാരം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

സേവന ദാതാക്കൾ തമ്മിലുള്ള ഇന്റർകണക്ഷൻ ചാർജ് സംബന്ധിച്ച തർക്കം, ഏറെക്കാലമായി രാജ്യത്തെ ടെലികോം മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തങ്ങളുടെ ഉപഭോക്താവ് ചെയ്യുന്ന ഒരു കോൾ വഹിക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമായി ഒരു മൊബൈൽ കമ്പനി, മറ്റൊരു കമ്പനിക്ക് നൽകേണ്ട ചെലവിനെയാണ് ഇന്റർകണക്ഷൻ യൂസേജ് ചാർജ് എന്നു വിശേഷിപ്പിക്കുന്നത്.

അതേസമയം, വിദേശ ടെലികോം സേവനദാതാവിന്റെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഫീസ് ഈടാക്കുന്ന നടപടിയിൽ മനുഷ്യരുടെ ഇടപെടൽ ഉള്ളതിനാൽ, യൂസേജ് ചാർജ് ചുമത്തുന്നതിൽ തെറ്റില്ലെന്ന് വിദഗ്ധൻ ചൂണ്ടിക്കാട്ടി. എന്നാൽ കണക്ഷൻ ഓട്ടോമാറ്റിക്കായി നടക്കുന്നതിനാൽ, അവിടെ കണക്ഷൻ ചാർജുകൾ ഇല്ലെന്നും അതിനാൽ തന്നെ ടിഡിഎസ് നൽകേണ്ട സാഹചര്യമില്ലെന്നും കമ്പനികൾ വാദിക്കുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.