Sections

എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഇഎംഐ സേവനത്തിന് താങ്കള്‍ക്ക് അര്‍ഹതയുണ്ടോ എന്നറിയേണ്ടേ...? 

Thursday, Sep 30, 2021
Reported By Aswathi Nurichan
sbi debit card

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്സ് പോര്‍ട്ടലുകളിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് എസ്ബിഐ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴും ഈ ഇഎംഐ സേവനം ലഭ്യമാണ്
 
എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ സേവനം ലഭിക്കുമെന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ? ഇഎംഐ രീതിയിലുള്ള പെയ്മെന്റ് സേവനത്തിനായി അപേക്ഷിക്കും മുമ്പ് അതിനായി തങ്ങള്‍ക്ക് അര്‍ഹതയുണ്ടോ എന്ന കാര്യം ഉപയോക്താക്കള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. 

പോയിന്റ് ഓഫ് സെയിലുകളില്‍ (പിഒഎസ്) എസ്ബിഐ ഡെബിറ്റ് കാര്‍ഡുകള്‍ സ്വെയ്പ് ചെയ്തു കൊണ്ട് നടത്തുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉത്പന്ന പര്‍ച്ചേസുകളുടെ പെയ്മെന്റുകള്‍ക്കാണ് ഇഎംഐ സേവനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്സ് പോര്‍ട്ടലുകളിലൂടെ നടത്തുന്ന ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് എസ്ബിഐ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴും ഈ ഇഎംഐ സേവനം ലഭ്യമാണ്.

ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നും ഒരു എസ്എംഎസ് സന്ദേശം അയയ്ക്കുന്നതിലൂടെ എസ്ബിഐ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഎംഐ സേവനത്തിന് അര്‍ഹതയുണ്ടോ എന്ന് അറിയുവാന്‍ സാധിക്കും. 567676 എന്ന നമ്പറിലേക്ക് DCEMI എന്നാണ് എസ്ബിഐ ഉപയോക്താവ് എസ്എംഎസ് സന്ദേശം അയക്കേണ്ടത്.

ഇനി ഇഎംഐ സേവനം ലഭ്യമാകുന്നതിനുള്ള ഘട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. മെര്‍ച്ചന്റ് സ്റ്റോറിലെ പിഒഎസ് മെഷീനില്‍ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് പെയ്മെന്റ് നടത്തുന്നതിനായി സ്വയ്പ് ചെയ്യുക. ശേഷം ബ്രാന്റ് യഥാക്രമം ഇഎംഐ - ബാങ്ക് ഇഎംഐ സെലക്ട് ചെയ്യുക. തുക നല്‍കുക. തിരിച്ചടവ് കാലയളവ് നല്‍കുക. പിന്‍ നമ്പര്‍ നല്‍കിയതിന് ശേഷം ok പ്രസ് ചെയ്യുക. പിഒഎസ് മെഷീന്‍ നിങ്ങളുടെ ഇഎംഐ യോഗ്യത പരിശോധിക്കും. ഇടപാടിന് ശേഷം വായ്പ തുക ബുക്ക് ചെയ്യപ്പെടും. ചാര്‍ജ് സ്ലിപ്പില്‍ ബില്‍ തുക, വായ്പാ നയ നിബന്ധനകള്‍ എന്നിവ പ്രിന്റ് ചെയ്തിട്ടുണ്ടാകും. ഉപഭോക്താവ് അതില്‍ ഒപ്പു വയ്ക്കണം.

ഇ കൊമേഴ്സ് വെബ്സൈറ്റുകളില്‍ ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു വേണം രജിസ്റ്റര്‍ ചെയ്യുവാന്‍. പെയ്മെന്റ് ഓപ്ഷനുകളില്‍ ഈസി ഇഎംഐ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. എസ്ബിഐ ബാങ്ക് തെരഞ്ഞെടുക്കുക. തുക സ്വയമേവ അവിടെ കാണിച്ചിട്ടുണ്ടാകും. വായ്പാ കാലയളവ് നല്‍കാം. ഇന്റര്‍ ബാങ്കിംഗ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുക. വായ്പ ബുക്ക് ചെയ്തു കഴിഞ്ഞു.

ഇതുവരെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മാത്രമേ ഇഎംഐ സേവനം ലഭിച്ചിരുന്നുള്ളൂ. അതിനാല്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് അതൊരു ബുദ്ധിമുട്ടായിരുന്നു. എസ്ബിഐ ഡെബിറ്റ് കാര്‍ഡിലൂടെ ഇഎംഐ സേവനം ലഭിക്കുന്നത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഗുണം നല്‍കും. ഉടന്‍ തന്നെ താങ്കളുടെ അര്‍ഹത പരിശോധിച്ച് ഉറപ്പുവരുത്തി സേവനം നേടുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.