- Trending Now:
കേരളത്തിലെ യുവസംരംഭകത്വ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങുകയാണ് കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ യുവസംരംഭക സംഗമങ്ങളിലൊന്നായ ഐ ഇ ഡി സി ഉച്ചകോടി '25 തിങ്കളാഴ്ച (ഡിസംബർ 22) കോളേജ് ക്യാമ്പസിൽ നടക്കും.
സംസ്ഥാനത്തുടനീളമുള്ള 550-ലധികം ഐ ഇ ഡി സി(ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ)കളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവസംരംഭകരും, സ്റ്റാർട്ടപ്പ് സ്ഥാപകരും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന ഉച്ചകോടി, സംരംഭക ചിന്ത വളർത്തുന്നതിനും പുതുമയാർന്ന ആശയങ്ങൾക്ക് വേദിയൊരുക്കുന്നതിനും ലക്ഷ്യമിടുന്നു. വനിതാ സംരംഭകത്വത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന പരിപാടികളും സ്റ്റാർട്ടപ്പ് എക്സ്പോയും കരകൗശല സ്റ്റാളുകളും ഉച്ചകോടിയുടെ ഭാഗമാണ്.
ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷൻ ട്രെയിൻ' ഉച്ചകോടിയുടെ പ്രധാന ആകർഷണമാണ്. ഡിസംബർ 21-ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ, വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് ഡിസംബർ 22-ന് എൽ ബി എസിൽ നടക്കുന്ന ഐ ഇ ഡി സി ഉച്ചകോടി '25-നോടനുബന്ധിച്ച് യാത്ര സമാപിക്കും. ചലനാത്മക സംരംഭകത്വ-ആശയ പ്ലാറ്റ്ഫോമായ ഇന്നൊവേഷൻ ട്രെയിനിൽ, പ്രാദേശിക പ്രശ്നങ്ങൾ തിരിച്ചറിയാനും പ്രായോഗിക പരിഹാര ആശയങ്ങൾ രൂപപ്പെടുത്താനും ആവശ്യമായ ഐഡിയേഷൻ സോണുകൾ ഒരുക്കിയിട്ടുണ്ട്.
ഉപജീവനം, പൊതുസേവനങ്ങൾ, കാലാവസ്ഥാ മാറ്റം, കൃഷി, മത്സ്യബന്ധനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഏകദേശം 200 നൂതന ആശയങ്ങൾ ഇതിലൂടെ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുത്ത ആശയങ്ങൾക്ക് കെഎസ്യുഎമ്മിന്റെ നേതൃത്വത്തിൽ മെന്റർഷിപ്പ്, പ്രൂഫ് ഓഫ് കോൺസെപ്റ്റ് വികസനം, ഇൻക്യൂബേഷൻ അവസരങ്ങൾ എന്നിവ ലഭ്യമാക്കും.
ഉച്ചകോടിയോടനുബന്ധിച്ച് ഡിസംബർ 21-ന് കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ നോഡൽ ഓഫീസർമാരുടെ സംസ്ഥാനതല യോഗവും നടക്കും. ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ പ്രവർത്തനങ്ങളുടെ പുരോഗതി, മികച്ച മാതൃകകൾ, ഭാവി സംരംഭകത്വ പദ്ധതികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.
ഉച്ചകോടിയുടെ ഭാഗമായി വൺ ടാങ്ക്, ഫിയർഫ്രോഗ് ഹൊറർ ഗെയിം ഡെവലപ്മെന്റ് ചാലഞ്ച്, ടെൻ സൂപ്പർ ഗേൾസ്, എ ഐ ഹാക്കതോൺ, ടൂറിസം ഐഡിയതോൺ, സ്റ്റാർട്ടപ്പ് & എക്സ്പോ സ്റ്റാളുകൾ എന്നിവ ഉൾപ്പെടെ നിരവധി മത്സരങ്ങളും സംവാദങ്ങളും സംഘടിപ്പിക്കും.
കേരളത്തിലെ യുവസംരംഭക സമൂഹത്തിന് പുതിയ ദിശ നൽകുന്ന വേദിയാകും ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ ഉച്ചകോടി എന്ന് സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.