Sections

ഏഴു ദശാബ്ദങ്ങൾ പിന്നിടുന്ന ഐസിഐസിഐ ബാങ്കിൻറെ വിജയഗാഥ

Tuesday, Mar 12, 2024
Reported By Admin
ICICI Bank

കൊച്ചി: എഴുപതാം വർഷത്തിലേക്കു കടക്കുന്ന ഐസിഐസിഐ ബാങ്ക് ഈ വർഷങ്ങളിലൂടെയുള്ള യാത്രയിലൂടെ രാഷ്ട്രത്തെ സേവിച്ചതിനെ ആവിഷ്ക്കരിക്കുന്ന വീഡിയോ അവതരിപ്പിച്ചു. ബാങ്കിൻറെ മുൻഗാമിയായ ഇൻഡസ്ട്രിയൽ ക്രെഡിറ്റ് ആൻറ് ഇൻവെസ്റ്റ്മെൻറ് കോർപറേഷൻ ഓഫ് ഇന്ത്യ (ഐസിഐസിഐ) 1955 ജനുവരി അഞ്ചിനാണ് പ്രവർത്തനമാരംഭിച്ചത്. തദ്ദേശീയ വ്യവസായങ്ങളുടെ വളർച്ചയെ പ്രോൽസാഹിപ്പിക്കാനുള്ള സ്വതന്ത്ര ഇന്ത്യയുടെ നീക്കങ്ങളുടെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ലോക ബാങ്കും തമ്മിലുള്ള സഹകരണത്തിലൂടെയായിരുന്നു ഈ നടപടി.

ഈ വർഷങ്ങളിലുടനീളം ഐസിഐസി വിവിധ മേഖലകളിലുള്ള കമ്പനികൾക്കു സാമ്പത്തിക സഹായം നൽകി ഇന്ത്യയുടെ വ്യാവസായിക രംഗത്തെ വളർത്താൻ പ്രയത്നിച്ചു. സമ്പദ്ഘടനയുടെ വിവിധ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കിടയാക്കുന്ന സ്ഥാപനങ്ങൾക്കു തുടക്കം കുറിക്കാൻ സഹായിക്കുകയും ചെയ്തു. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഐസിഐസിഐ മുൻനിര ഇൻവെസ്റ്റ്മെൻറ് ബാങ്കിങ് കമ്പനി ആരംഭിച്ചത്. ന്യൂയോർക്ക് ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ കമ്പനിയും ജപ്പാന് പുറത്തു നിന്നുള്ള ആദ്യ ഏഷ്യൻ ബാങ്ക്/ സാമ്പത്തിക സ്ഥാപനവും എന്ന ബഹുമതിയും ഇതിനു സ്വന്തമാണ്.

സമഗ്ര സാമ്പത്തിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന വിധത്തിൽ രണ്ടായിരത്തിൻറെ തുടക്കത്തിൽ ലൈഫ്, ജനറൽ ഇൻഷൂറൻസ് മേഖലകളിൽ പ്രവർത്തനമാരംഭിച്ചു വൈവിധ്യവൽക്കരണം നടത്തി. 1995 ജനുവരി അഞ്ചിനു രൂപീകരിക്കപ്പെട്ട ഐസിഐസിഐ ബാങ്ക് സാങ്കേതിക വിദ്യാ പുതുമകൾ അവതരിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിലാണ്. 2002-ൽ ഐസിഐസിഐ ലിമിറ്റഡും ഐസിഐസിഐ ബാങ്കും ലയിച്ചത് വഴി സ്ഥാപനം റീട്ടെയിൽ, കോർപ്പറേറ്റ് സാമ്പത്തിക സേവന മേഖലകളിൽ വിപുലമായ പ്രവർത്തനങ്ങളുള്ള ആഗോള ബാങ്കായി മാറി.

സർക്കാരിൻറെ ഡിജിറ്റൽ ഇന്ത്യാ നീക്കങ്ങളുമായി ഒത്തുചേർന്നു കൊണ്ട് ബാങ്കിൻറെ പതാക വാഹക ആപ്പായ ഐ മൊബൈൽ പേ നാന്നൂറിലേറെ സേവനങ്ങളാണ് ബാങ്കിൻറെ ഉപഭോക്താക്കൾക്കും മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്കുമായി നൽകുന്നത്. എല്ലാ ബിസിനസുകൾക്കും വേണ്ടിയുള്ള നവീനമായ ബിസിനസ് ബാങ്കിങ് മൊബൈൽ ആപായ ഇൻസ്റ്റാ ബിസ് അവതരിപ്പിച്ചു കൊണ്ട് ബാങ്ക് ബിസിനസ് ബാങ്കിങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണു കൊണ്ടു വന്നത്.

ബാങ്കിങിനും അപ്പുറത്തേക്കു പോയി സമൂഹത്തിലും പരിസ്ഥിതിയിലും മികച്ച പ്രതിഫലനങ്ങളാണ് ബാങ്ക് സൃഷ്ടിക്കുന്നത്. ബാങ്കിൻറെ സാമൂഹിക സേവന വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷൻ എല്ലാവരേയും ഉൾപ്പെടുത്തിയുള്ള വളർച്ചയ്ക്കായി താങ്ങാനാവുന്ന വിധത്തിലെ ആരോഗ്യ സേവനം, ഗ്രാമങ്ങളിൽ ജീവിതവൃത്തിക്കായുള്ള അവസരങ്ങൾ, സാമൂഹിക വികസനത്തിനു വേണ്ടിയുള്ള പിന്തുണ തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിനു പേരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ വരുത്തിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.