Sections

സോഫ്റ്റ്വെയർ  വികസനത്തിൽ കൊച്ചിയെ  ഇന്ത്യയിലെ ഹബ്ബാക്കും: ഐ.ബി.എം

Monday, Oct 16, 2023
Reported By Admin
IBM

കൊച്ചിയിലെ ഐ.ബി.എം സോഫ്റ്റ്വെയർ ലാബിനെ ഇന്ത്യയിലെ പ്രധാന ഹബാക്കുമെന്ന് ഐ.ബി.എം സീനിയർ വൈസ് പ്രസിഡൻറ് ദിനേശ് നിർമ്മൽ പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ഇരുവരും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഐ.ബി.എം കൊച്ചി ലാബിന്റെ പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകമാണ് ഇവിടത്തെ പ്രവർത്തനം വിപുലീകരിക്കാൻ ഐ.ബി.എം ഒരുങ്ങുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവുമായി നടത്തിയ ചർച്ചയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ബിടെക് വിദ്യാർത്ഥികൾക്ക് 6 മാസത്തെ മുഴുവൻ സമയ പെയ്ഡ് ഇൻറേൺഷിപ്പ് നൽകാൻ ധാരണയായി. വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തന പരിചയം ലഭിക്കാൻ ഇതുവഴി സൗകര്യമൊരുങ്ങുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

ഓൺലൈൻ പഠനത്തിനൊപ്പം ആയിരിക്കും 6 മാസത്തെ ഇന്റേൺഷിപ്പ് ലഭിക്കുന്നത്. ഐ ബി എമ്മിൽ ഇന്റേൺഷിപ്പ് ലഭിക്കുന്നവരെ കാത്തിരിക്കുന്നത് വൻകിട ഐ ടി കമ്പനികളിൽ നിന്നുള്ള മികച്ച അവസരങ്ങളാണ്.

കൊച്ചിയിലെ ഐ.ബി.എം ലാബ് രാജ്യത്തെ പ്രധാന ഹബാകുന്നതോടെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. ഐ.ബി.എമ്മിൻറെ സോഫ്റ്റ് വെയർ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കമ്പനികൾ കൊച്ചിയിലേക്ക് എത്തും. കുറഞ്ഞത് 10 കമ്പനികളെങ്കിലും കൊച്ചിയിൽ എത്താനുള്ള സാധ്യതയുണ്ട്. ഇന്ന് ലോകത്തെ പ്രധാന കമ്പനികൾ ഉപയോഗിക്കുന്ന പല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡാറ്റാ സോഫ്റ്റ് വെയറുകളും കേരളത്തിൽ വികസിപ്പിച്ചെടുത്തതാണെന്നും മന്ത്രി പറഞ്ഞു.

ഒരു വർഷം കേരളത്തിൽ നിന്ന് 200 മുതൽ 300 പേരെ ഐ.ബി.എം റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമെ 300 വിദ്യാർത്ഥികൾക്ക് പെയ്ഡ് ഇൻറേൺഷിപ്പിനുമുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദിനേശ് നിർമ്മൽ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളർച്ചയിലെത്തിയ ഐ.ബി.എം ലാബാണ് കൊച്ചിയിലേതെന്നും അദ്ദേഹം പറഞ്ഞു. ഇത് കൊച്ചിയിൽ കൂടുതൽ വികസനത്തിന് കാരണമാണെന്നും മന്ത്രി പി. രാജീവിന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും മലയാളി കൂടിയായ ദിനേശ് നിർമ്മൽ പറഞ്ഞു.

സംസ്ഥാനത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൻറെ ചുവടുപിടിച്ചാണ് ഐ.ബി.എം ഇന്ത്യയിലെ അഞ്ചാമത്തെ സോഫ്റ്റ്വെയർ ലാബ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. കൊച്ചി ഇൻഫോപാർക്കിൽ 2022 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലാബ് ഒരു വർഷത്തിനകം തന്നെ രാജ്യത്തെ ഏറ്റവും പ്രധാന സോഫ്റ്റ് വെയർ വികസന കേന്ദ്രമായി മാറി. കൂടുതൽ വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ മന്ത്രി പി.രാജീവും ദിനേശ് നിർമ്മലും കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ 1500 ജീവനക്കാരാണ് കൊച്ചി ലാബിൽ ജോലി ചെയ്യുന്നത്. പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി കൂടുതൽ വലിയ ഓഫീസ് സമുച്ചയത്തിലേക്ക് ഐബിഎം മാറാനൊരുങ്ങുകയാണ്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.