Sections

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് ത്രീ-വീലറുകൾ അവതരിപ്പിക്കാനായി ഹ്യുണ്ടായ് - ടിവിഎസ് സഹകരണം

Wednesday, Apr 22, 2026
Reported By Admin
Hyundai Motor Company & TVS Motor Company Partner for Electric 3-Wheelers

കൊച്ചി: രാജ്യത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നൂതനമായ ഇലക്ട്രിക് ത്രീ-വീലറുകൾ വികസിപ്പിക്കാനും വാണിജ്യടിസ്ഥാനത്തിൽ പുറത്തിറക്കാനുമായി ഹ്യുണ്ടായ് മോട്ടർ കമ്പനിയും ടിവിഎസ് മോട്ടർ കമ്പനിയും സംയുക്ത കരാറിൽ ഏർപ്പെട്ടു. 2025-ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അവതരിപ്പിച്ച ഇ3ഡബ്ല്യു കോൺസെപ്റ്റിൻറെ വിജയത്തെ തുടർന്നാണ് ഈ സഹകരണം.

വാഹനത്തിൻറെ ഡിസൈനിനും ആധുനിക മൊബിലിറ്റി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും ഹ്യുണ്ടായ് നേതൃത്വം നൽകും. ടിവിഎസ് തങ്ങളുടെ അത്യാധുനിക ഇലക്ട്രിക് പ്ലാറ്റ്‌ഫോമും പ്രാദേശിക വിപണിയിലെ അറിവും ഉപയോഗിച്ച് വാഹന വികസനത്തിൽ പങ്കാളികളാകും.

മഴക്കാലത്തെ റോഡുകൾക്ക് അനുയോജ്യമായ അഡാപ്റ്റീവ് ഗ്രൗണ്ട് ക്ലിയറൻസ്, ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കായുള്ള തെർമൽ മാനേജ്‌മെൻറ്, സുരക്ഷിതമായ യാത്രയ്ക്കായുള്ള നൂതന സംവിധാനങ്ങൾ എന്നിവ വാഹനത്തിലുണ്ടാകും.

യാത്രക്കാർക്കും ചരക്ക് നീക്കത്തിനും അടിയന്തര സേവനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള ഫ്‌ളെക്‌സിബിൾ ഇൻറീരിയർ കോൺഫിഗറേഷൻ വാഹനത്തിൻറെ പ്രത്യേകതയാണ്.

വാഹനത്തിൻറെ പ്രധാന ഘടകഭാഗങ്ങൾ ഇന്ത്യയിൽ തന്നെയാണ് നിർമ്മിക്കുന്നത്. ഇത് രാജ്യത്ത്  ഓട്ടോമോട്ടീവ് സപ്ലൈ ചെയിൻ ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വാഹനത്തിൻറെ വില കുറയ്ക്കാനും സഹായിക്കും.

പ്രധാന വിപണിയെന്ന നിലയിൽ ഇന്ത്യയിലെ ഗതാഗത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി  വിവിധ മാർഗ്ഗങ്ങൾ ഹ്യുണ്ടായ് മോട്ടർ കമ്പനി ദീർഘകാലമായി ആലോചിച്ചുവരികയാണ്. ടിവിഎസ് മോട്ടറുമായുള്ള  സഹകരണം ഇതിനായുള്ള  തന്ത്രപരമായ തീരുമാനമാണ്. സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന ഈ ഇലക്ട്രിക് ത്രീ-വീലർ  രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുമെന്ന് ഹ്യുണ്ടായ് മോട്ടർ കമ്പനിയുടെ കോർപ്പറേറ്റ് സ്ട്രാറ്റജി ആൻഡ് പ്ലാനിംഗ് സീനിയർ വൈസ് പ്രസിഡൻറ് ജൂങ്‌സൺ കോ പറഞ്ഞു.

സുസ്ഥിരവും സുഗമവുമായ യാത്രാ സൗകര്യങ്ങളിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. ഹ്യുണ്ടായ് മോട്ടർ കമ്പനിയുമായുള്ള സഹകരണം ഇലക്ട്രിക് ത്രിവീലർ  വികസിപ്പിക്കാനുള്ള പൊതുവായ ലക്ഷ്യത്തിലേക്കുള്ള നിർണായക മുന്നേറ്റമാണ്.   തങ്ങളുടെ ഇലക്ട്രിക് ത്രീ-വീലർ പ്ലാറ്റ്‌ഫോം, എഞ്ചിനീയറിംഗ് വൈദഗ്ധ്യം, ഉപഭോക്താക്കളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ എന്നിവ ഒന്നിക്കുമ്പോൾ ഇന്ത്യയ്ക്കും മറ്റ് വിപണികൾക്കുമായി പ്രത്യേകമായി നിർമ്മിച്ച വാഹനങ്ങൾ എത്തിക്കാൻ തങ്ങൾക്ക് സാധിക്കും. സാങ്കേതികവിദ്യ, ഗുണമേന്മ, മികച്ച ഉപഭോക്തൃ അനുഭവം, വിശ്വാസ്യത എന്നിവയിൽ പുതിയ മാതൃകകൾ കൊണ്ടുവരുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ യാത്രാ സൗകര്യങ്ങൾ  ഉറപ്പാക്കുകയാണ് ഈ പങ്കാളിത്തത്തിൻറെ ലക്ഷ്യമെന്ന് ടിവിഎസ് മോട്ടർ കമ്പനി ഗ്രൂപ്പ് സ്ട്രാറ്റജി പ്രസിഡൻറ്  ശരദ് മിശ്ര പറഞ്ഞു.

ഇരു കമ്പനികളും ചേർന്ന് തങ്ങളുടെ ആദ്യ വാഹനം ലോകത്തിലെ ഏറ്റവും വലിയ ത്രീ-വീലർ വിപണിയായ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ടിവിഎസ് മോട്ടറിനായിരിക്കും വാഹനത്തിൻറെ പ്രാദേശിക വിപണന ചുമതല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.