- Trending Now:
കൊച്ചി: ഇന്ത്യയുടെ സംരംഭകത്വ ആഘോഷത്തിൻറെ ഭാഗമായി എച്ച്ഡിഎഫ്‌സി മ്യൂച്വൽ ഫണ്ടിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 18-ാമത് ജാഗ്രതി യാത്ര കൊച്ചിയിലെത്തി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും തെരഞ്ഞെടുത്ത 500 യാത്രികരെ ഒന്നിപ്പിക്കുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന 8,000 കിലോമീറ്റർ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണിത്.
68,000-ത്തിലധികം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ യാത്രികർ സംരംഭങ്ങൾ വഴിയുള്ള വികസനത്തിലൂടെ ഒരു ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കുക എന്ന ജാഗ്രതിയുടെ ദൗത്യത്തിൻറെ പ്രതിനിധികളാണ്.
ഇന്ത്യയിലെ യുവാക്കളെ സംരംഭം, വിദ്യാഭ്യാസം, സാമ്പത്തിക അവബോധം എന്നിവയിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിൻറെ ഭാഗമായാണ് എച്ച്ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് ഇതിൽ പങ്കാളിയാകുന്നത്.
ഇന്ത്യൻ ചെറുപ്പക്കാർ വലിയ സ്വപ്നങ്ങൾ കാണുക മാത്രമല്ല, ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് മികച്ച സാമ്പത്തിക തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ ശാക്തീകരണം നടക്കുന്നത് എന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും നിക്ഷേപക ബോധവത്കരണ പരിപാടികളിലൂടെ മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിച്ച് ഓരോ ഇന്ത്യക്കാരനെയും, പ്രത്യേകിച്ച് ചെറുപ്പകാരെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ആത്മവിശ്വാസത്തോടെ നടക്കാൻ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെൻറ് കമ്പനി എംഡിയും സിഇഒയുമായ നവനീത് മുനോട്ട് പറഞ്ഞു.
കൊച്ചിയിൽ യാത്രികർ സ്റ്റാർട്ടപ്പ് മിഷനുമായി (കെഎസ്യുഎം) ഒത്തുചേർന്നു സമഗ്രമായ നവീകരണ മാതൃകയ്ക്കും ഡിജിറ്റൽ പരിവർത്തനത്തിനും സുസ്ഥിര സംരംഭകത്വത്തിനും പേരുകേട്ട കേരളത്തിലെ ചലനാത്മക സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ അനുഭവിച്ചറിഞ്ഞു. കേരളത്തിലെ നവീകരണവും സംരംഭകത്വവും എന്ന വിഷയത്തിൽ കെഎസ്യുഎം സിഇഒ അനൂപ് അംബികയുമായി ഫയർസൈഡ് ചാറ്റ്, ഷാരിഖ് ഷംസുദ്ധീൻ (മാർക്കറ്റ്ഫീഡ് സ്ഥാപകൻ), വിമൽ ഗോവിന്ദ് (റോബോട്ടിക്‌സ് ഇന്നോവേറ്റർ), രാഹുൽ മാമ്മൻ (എംആർഎഫ് ഗ്രൂപ്പ്), ജാബിർ കാരാട്ട് (ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻസ് സ്ഥാപകൻ), ഡോ. തന്യാ എബ്രഹാം (എൻ്‌ഐസിഇഓർഗ് ഡയറക്ടർ) തുടങ്ങിയവർ നേതൃത്വം നൽകിയ പാനൽ ചർച്ചകളും നടന്നു.
പുതിയ ഇന്ത്യയെ നിർവചിക്കുന്ന നവീനാശയങ്ങളുള്ള സംരംഭത്തിൻറെ ചൈതന്യമാണ് കൊച്ചിയിൽ പ്രതിഫലിക്കുന്നതെന്നും പൊതു സ്ഥാപനങ്ങൾക്ക് എങ്ങനെ വലിയ തോതിൽ സംരംഭകത്വം വളർത്തിയെടുക്കാൻ കഴിയുമെന്നതിൻറെ ശക്തമായ ഉദാഹരണമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ സൃഷ്ടിച്ചതെന്നും എംപിയും ജാഗ്രതി യാത്ര സ്ഥാപകനുമായ ശശാങ്ക് മണി പറഞ്ഞു.
യാത്രികരുടെ സംരംഭക ആശയങ്ങളുടെ പ്രദർശനമായി ജാഗ്രതി എൻറർപ്രൈസ് മേള (ജെഇഎം)യും കെഎസ്യുഎമ്മിൻറെ ഒമ്പത് മേഖലകളെ പ്രതിനിധീകരിക്കുന്ന 10 സ്റ്റാർട്ടപ്പുകളുടെ അവതരണവും നടന്നു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഫാബ്ലാബ്, മേക്കേഴ്‌സ് വില്ലേജും കാമ്പസ് ടൂർ യാത്രികർക്ക് ഉൽപ്പന്ന നവീകരണത്തെയും ഡിസൈൻ ലീഡ് സംരംഭത്തെയും കുറിച്ചുള്ള പ്രായോഗിക പരിചയം നൽകി.
ടാലി സൊല്യൂഷൻസ്, കാമ്പ എന്നിവയുടെ സഹകരണത്തോടെയാണ് എച്ച്ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് ജാഗ്രതി യാത്ര സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.