Sections

പുതിയ ജിഎസ്ടി നിരക്കുകൾ കർഷകർക്ക് അനുഗ്രഹമാകും

Monday, Sep 08, 2025
Reported By Admin
GST Cuts Boost Farmers’ Profit and Agri Growth

പുതിയ ജിഎസ്ടി നിരക്കുകളും പരിധികളും കാർഷിക മേഖലയിൽ വലിയ സ്വാധീനം ചെലുത്തും. കാർഷിക ഉപകരണങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതിനാൽ കാർഷികരംഗത്തെ ചെലവ് കുറയുകയും കർഷകരുടെ ലാഭം വർധിക്കുകയും ചെയ്യുന്നത് ചെറുകിട-ഇടത്തരം കർഷകർക്ക് ഏറെ ഗുണകരമാകും. കേന്ദ്ര കാർഷിക ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്ന് ഭോപ്പാലിലെ പത്രസമ്മേളനത്തിലാണ് ഈ അഭിപ്രായം പങ്കുവെച്ചത്.

ബയോ-കീടനാശിനികളുടെയും സൂക്ഷ്മ പോഷകങ്ങളുടെയും ജിഎസ്ടി കുറച്ചത് കർഷകർക്ക് പ്രയോജനകരമാകുമെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഒപ്പം രാസവളങ്ങളിൽ നിന്ന് ജൈവവളങ്ങളിലേക്ക് മാറാനുള്ള കർഷകരുടെ പ്രവണത ഇതിലൂടെ തീർച്ചയായും വർധിക്കും. ക്ഷീരമേഖലയിൽ പാലിനും ചീസിനും ജിഎസ്ടി ഉണ്ടാകില്ല. ഇത് സാധാരണക്കാർക്ക് മാത്രമല്ല, കർഷകർക്കും കന്നുകാലികളെ വളർത്തുന്നവർക്കും പാലുൽപാദകർക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാരന്റെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ് സർക്കാരും പ്രധാനമന്ത്രിയും ശ്രമിക്കുന്നത്. ജിഎസ്ടിയിൽ വരുംതലമുറ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും ആ പരിഷ്കാരങ്ങൾ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുമെന്നും ചെങ്കോട്ടയുടെ നടുത്തളത്തിൽ നിന്ന് അദ്ദേഹം രാജ്യത്തോട് പറഞ്ഞിരുന്നു.

ഒരു കർഷകനെന്ന നിലയിലും കൃഷിമന്ത്രിയെന്ന നിലയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറയുന്നുവെന്ന് ചൗഹാൻ പറഞ്ഞു. കാർഷികരംഗത്തെ ചെലവ് കുറയ്ക്കുകയും ഉല്പാദനം വർധിപ്പിക്കുകയും ചെയ്യുകയാണ് നമ്മുടെ ലക്ഷ്യം. ഉല്പാദനം വർധിക്കുകയും ചെലവ് കുറയുകയും ചെയ്താൽ കർഷകരുടെ ലാഭം ഉയരും.

ജിഎസ്ടിയിൽ വരുത്തിയ പരിഷ്കാരങ്ങൾ രാജ്യത്തെ കർഷകർക്ക് വലിയ നേട്ടങ്ങളുണ്ടാക്കാൻ പോവുകയാണ്. ചില കമ്പനികൾ ഇതിനകം ഈ മാറ്റങ്ങൾ നടപ്പാക്കി തുടങ്ങി. ട്രാക്ടർ, ഹാർവെസ്റ്റർ, റോട്ടാവേറ്റർ എന്നിങ്ങനെ വിവിധതരം കാർഷിക ഉപകരണങ്ങളുടെ ജിഎസ്ടി 5% ആയി കുറച്ചത് കർഷകർക്ക് അനുഗ്രഹമായി മാറും.

രാജ്യത്തെ കർഷകരുടെ കൈവശ ഭൂമിയുടെ അളവ് കുറവായതിനാലാണ് സർക്കാർ സംയോജിത കൃഷിയ്ക്ക് ശ്രമിക്കുന്നത്. അതായത്, കർഷകൻ കാർഷികവൃത്തിയ്ക്കൊപ്പം അനുബന്ധ മേഖലയിലെ മറ്റുചില തൊഴിലുകളും ചെയ്യണം.

മൃഗസംരക്ഷണം, തേനീച്ച വളർത്തൽ, മത്സ്യകൃഷി, കാർഷിക വനവൽക്കരണം, ആട്-ചെമ്മരിയാട് വളർത്തൽ, കോഴി വളർത്തൽ തുടങ്ങിയ അനുബന്ധ മേഖലകൾ കാർഷികരംഗവുമായി പരസ്പരപൂരകമാണ്. ഈ മേഖലകൾക്ക് ജിഎസ്ടിയിൽ നൽകിയ ഇളവ് കർഷകർക്കും കാർഷികരംഗത്തിനും അനുഗ്രഹമായി മാറും.

ഇതുമായി ബന്ധപ്പെട്ട് ഗ്രാമീണ മേഖലയിൽ കരകൗശല വസ്തുക്കൾ, തുകൽ ഉല്പന്നങ്ങൾ, പാലുൽപന്നങ്ങൾ എന്നിവയുടെ നിർമാണത്തിൽ വനിതാ സ്വയംസഹായ സംഘങ്ങൾ വലിയ തോതിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സംരംഭങ്ങൾ പല സഹോദരിമാരെയും ലക്ഷാധിപതികളാക്കി. ജിഎസ്ടിയിലെ ഇളവ് അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും വരുമാനം വർധിപ്പിക്കുകയും ലാഖ്പതി ദീദി പ്രസ്ഥാനത്തിന് നവോന്മേഷം പകരുകയും ചെയ്യും

9 ലക്ഷം രൂപ വിലയുണ്ടായിരുന്ന ട്രാക്ടർ വാങ്ങുമ്പോൾ ഇപ്പോൾ കർഷകന് 65,000 രൂപ ലാഭിക്കാനാവുമെന്നത് ജിഎസ്ടി പരിഷ്കരണത്തിന്റെ മികച്ച ഉദാഹരണമാണ്.

5,80,000 രൂപ വിലയുണ്ടായിരുന്ന 35 എച്ച്പി ട്രാക്ടർ വാങ്ങുമ്പോൾ 41,000 രൂപ ലാഭിക്കാം. 45 എച്ച്പി ട്രാക്ടറിൽ 45,000 രൂപയും, 50 എച്ച്പി ട്രാക്ടറിൽ 53,000 രൂപയും, 75 എച്ച്പി ട്രാക്ടറിൽ ഏകദേശം 63,000 രൂപയും ലാഭിക്കാനാവും. ട്രാക്ടറിന്റെ കാര്യത്തിൽ മാത്രം കർഷകർക്ക് 25,000 രൂപ മുതൽ 63,000 രൂപ വരെ ലാഭിക്കാൻ കഴിയുന്നു.

ക്ഷീരമേഖലയിൽ പാലിനും ചീസിനും ഇനി ജിഎസ്ടി ഉണ്ടാകില്ലെന്നത് സാധാരണക്കാർക്ക് ഗുണം ചെയ്യുന്നതിനൊപ്പം ഈ ഉല്പന്നങ്ങളുടെ ആവശ്യകത വർധിപ്പിക്കുകയും ചെയ്യും. പാൽ വാങ്ങി ക്ഷീരോല്പന്നങ്ങൾ തയ്യാറാക്കുന്നവർക്കും പാലുൽപാദകരായ കർഷകർക്കും കന്നുകാലികളെ വളർത്തുന്നവർക്കും ഇത് നേരിട്ട് പ്രയോജനകരമാകും.

വെണ്ണ, നെയ്യ് എന്നിവയുടെ ജിഎസ്ടി കുറച്ചത് തദ്ദേശീയ ഉല്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ സാധ്യതയുണ്ട്. പാൽ പാത്രങ്ങളുടെ ജിഎസ്ടി കുറച്ചത് ക്ഷീരമേഖലയ്ക്ക് ഗുണം ചെയ്യും. ക്ഷീരമേഖലയുടെ പുരോഗതി കർഷകരുടെയും കന്നുകാലി വളർത്തുന്നവരുെയും പുരോഗതിയിലേക്ക് നയിക്കും.

12 ജൈവ-കീടനാശിനികൾക്കും സൂക്ഷ്മ പോഷകങ്ങൾക്കും ജിഎസ്ടി കുറച്ചത് പ്രകൃതി കൃഷിക്കും ജൈവകൃഷിക്കും ഗുണം ചെയ്യും. ജൈവ കാർഷിക സാമഗ്രികളുടെ വില കുറയുന്നത് രാസവളങ്ങളിൽ നിന്ന് ജൈവവളത്തിലേക്ക് മാറാനുള്ള കർഷകരുടെ താൽപര്യം തീർച്ചയായും വർധിപ്പിക്കും.

അമോണിയ, സൾഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് തുടങ്ങി രാസവള അസംസ്കൃത വസ്തുക്കളുടെ ജിഎസ്ടിയും 18% -ത്തിൽ നിന്ന് 5% ആയി കുറച്ചു. രാസവളങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഇവയുടെ വില കുറയുന്നതിലൂടെ വളത്തിന്റെ വില കുറയുകയും കർഷകർക്ക് ഗുണം ലഭിക്കുകയും ചെയ്യും.

കാർഷികോപകരണങ്ങളുടെ ജിഎസ്ടി നിരക്ക് കേന്ദ്ര സർക്കാർ 18% -ത്തിൽ നിന്ന് 5% ആയി കുറച്ചതിനാൽ കാർഷിക ഉപകരണങ്ങൾക്കും അനുബന്ധ സാധനങ്ങൾക്കും വില കുറയും.

  • ഏകദേശം 1,69,643 രൂപ വില വരുന്ന 13 എച്ച്പി പവർ ടില്ലറിന് ഏകദേശം 11,875 രൂപ ലാഭിക്കാനാവും.
  • നടീൽ യന്ത്രത്തിന് 2,20000 രൂപ വിലയുണ്ട്. ഇതിൽ 15,400 രൂപ ലാഭിക്കാം.
  • ബഹുവിള കൊയ്ത്തുയന്ത്രത്തിന് ഏകദേശം 14,000 രൂപ ലാഭിക്കാം.
  • പുല്ല് നീക്കം ചെയ്യാനും നിലം ഒരുക്കാനും ഉപയോഗിക്കുന്ന 7.5 എച്ച്പി പവർ വീഡറിന് ഏകദേശം 78,000 രൂപ വിലവരും. ഇതിലും 5,495 രൂപ ലാഭിക്കാൻ കഴിയും.
  • ഒന്നരലക്ഷം രൂപ വിലവരുന്ന വിത്ത്-വളം ഡ്രില്ലിന് ഏകദേശം 10,500 രൂപ ലാഭിക്കാനാവും
  • അതുപോലെ സംയോജിത വിളവെടുപ്പ് ഉപകരണത്തിലെ 14 അടി കട്ടർ ബാറിന് 1,87,500 രൂപ ലാഭിക്കാം.
  • 3,12,500 രൂപ വിലവരുന്ന സ്ട്രോ റീപ്പറിന് 21,875 രൂപ ലാഭിക്കാനാവും.
  • സൂപ്പർ സീഡറിൽ 16,875 രൂപ ലാഭിക്കാം.
  • ഹാപ്പി സീഡറിന് ഏകദേശം 1,51000 രൂപയാണ് വില. ഇതിൽ ഏകദേശം 10,600 രൂപ ലാഭിക്കാൻ കഴിയും.
  • കച്ചി മുറിച്ച് മുകളിലിടുന്ന മൾച്ചറിന് ഏകദേശം 1,65,000 രൂപയാണ് വില. ഇതിൽ ഏകദേശം 11,500 രൂപ ലാഭിക്കാം.
  • കൃത്യമായ അകലത്തിൽ വിത്തുകൾ നടാൻ യന്ത്രവൽകൃത നടീൽ ഉപകരണങ്ങളുടെ ആവശ്യകത ഏറെയാണ്. ഏകദേശം 4,68,700 രൂപ വിലവരുന്ന ഇതിൽ 32,800 രൂപയോളം ലാഭിക്കാൻ കഴിയും.

സമാന രീതിയിൽ വിവിധ ഉത്പന്നങ്ങളുടെ വില കണക്കാക്കിയിട്ടുണ്ട്. ജിഎസ്ടി 12% ത്തിൽ നിന്ന് 5% ആയി കുറച്ചതിലൂടെ കൃത്യമായി എത്ര തുക ലാഭിക്കാൻ കഴിയുമെന്ന് പൂർണമായി വ്യക്തമല്ലെങ്കിലും കർഷകർക്ക് ലഭിക്കുന്ന ലാഭം വിശദീകരിക്കാനാണ് ശ്രമിച്ചതെന്നും ചൗഹാൻ പറഞ്ഞു.

പഴങ്ങളും പച്ചക്കറികളും മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്. സംസ്കരണപ്രക്രിയയിലൂടെ തയ്യാറാക്കുന്ന ടിന്നിലടച്ച പച്ചക്കറികൾ, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവയുടെ ജിഎസ്ടി കുറച്ചത് കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും.

ശീതീകരിച്ച സംഭരണ - ഭക്ഷ്യ സംസ്കരണ മേഖലകൾക്കും ജിഎസ്ടി ഇളവ് തീർച്ചയായും പ്രയോജനകരമാകും. മത്സ്യ കർഷകർ രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് മത്സ്യകൃഷി നടത്തുന്നുണ്ട്. കടലിൽ മാത്രമല്ല, ഇപ്പോൾ വയലുകളിൽ കുളങ്ങൾ നിർമിച്ചും വലിയ തോതിൽ മത്സ്യകൃഷി ചെയ്യുന്നു. സംസ്കരിച്ച മത്സ്യങ്ങളുടെ നികുതി നിരക്ക് കുറച്ചത് രാജ്യത്തുടനീളം മത്സ്യകൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് പ്രയോജനം ചെയ്യും. പ്രകൃതിദത്ത തേനിന്റെ ജിഎസ്ടിയിലെ കുറവ് തേനീച്ച കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും.

ഊർജാധിഷ്ഠിത ഉപകരണങ്ങളുടെ ജിഎസ്ടി 12% ത്തിൽ നിന്ന് 5% ആയി കുറച്ചത് കർഷകർക്ക് മറ്റൊരു നേട്ടമാണ്. കർഷകരെ ഊർജ ദാതാക്കളാക്കാൻ ശ്രമങ്ങൾ നടക്കുന്നതിനാൽ ഗവേഷണാടിസ്ഥാനത്തിലുള്ള ഉപകരണങ്ങൾക്ക് ഇതിലൂടെ വിലകുറയും. ഈ ഉപകരണങ്ങളും കർഷകർക്ക് ഗുണകരമാകും. ഡ്രിപ്പ് ഇറിഗേഷൻ ഉൾപ്പെടെ സംവിധാനങ്ങൾക്കും ജിഎസ്ടി കുറച്ചിട്ടുണ്ട്. നിരക്ക് കുറയുന്നതോടെ കർഷകർക്ക് ഉപകരണങ്ങളുടെ ലഭ്യത കൂടും. വെള്ളം ലാഭിക്കാനും ഉത്പാദനം വർധിപ്പിക്കാനും അതുവഴി കർഷകരുടെ ലാഭം ഉയർത്താനും ഇതിലൂടെ സാധിക്കും.

ഗ്രാമീണ ഇന്ത്യയ്ക്കായി സിമന്റ്, ഇരുമ്പ് എന്നിവയുടെ ജിഎസ്ടി കുറച്ചത് പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ വീടുകൾ നിർമ്മിക്കുന്നതിന്റെ ചെലവ് കുറയ്ക്കും. സിമന്റിന്റെയും ഇരുമ്പിന്റെയും വിലയിലെ കുറവ് പാവപ്പെട്ടവർക്ക് വീടുനിർമാണം എളുപ്പമാക്കും. ഗ്രാമീണ മേഖലകളിൽ അടിസ്ഥാന സൗകര്യ നിർമാണത്തിനും ഇത് ഗുണം ചെയ്യും.

സ്കൂളുകൾ, അങ്കണവാടികൾ, പഞ്ചായത്ത് ഭവനങ്ങൾ എന്നിവയുടെ നിർമാണച്ചെലവും കുറയും. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം സമ്പദ്വ്യവസ്ഥയ്ക്കാണ്. രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. വിലയിലെ കുറവ് ആവശ്യകത വർധിപ്പിക്കും.

കർഷകർക്ക് ഈ പരിഷ്കാരങ്ങൾ വലിയ ആശ്വാസം പകർന്നു. പുതിയ വ്യവസ്ഥകളിൽ നൽകിയിരിക്കുന്ന വിവിധ ഇളവുകൾ കർഷകർക്കും ലാഖ്പതി ദീദിമാർക്കും അനുഗ്രഹമായി മാറും.

ആവശ്യകത വർധിക്കുന്നതനുസരിച്ച് കൂടുതൽ പണം വിപണിയിലേക്ക് വരുന്നത് രാജ്യത്തെ സമ്പദ്വ്യവസ്ഥയെ തീർച്ചയായും ശക്തിപ്പെടുത്തും. അതുകൊണ്ട്, ഗ്രാമീണ ഇന്ത്യയുടെ ചിത്രം മാറ്റിമറിച്ച ഈ തീരുമാനങ്ങൾക്കും നടപടികൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയത്തിന്റെ ഭാഷയിൽനന്ദി അറിയിക്കുന്നതായും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

പ്രകൃതി കൃഷിയ്ക്കും ജൈവകൃഷിയ്ക്കും ഒരു ഉത്തേജനം നൽകുന്ന ഈ നടപടിയുടെ ഭാഗമായി സംയോജിത കൃഷിയിലേക്ക് രാജ്യത്തെ നയിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുടെ മാത്രം കൃഷിയല്ല, മറിച്ച് അതിനൊപ്പം കാർഷിക അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന കർഷകർക്കും ഈ പരിഷ്കാരങ്ങൾ ഉണർവ് പകരും. വിപ്ലവകരമായ ഈ നിർദേശത്തിന് പ്രധാനമന്ത്രിയ്ക്കും ധനകാര്യ മന്ത്രിയ്ക്കും നന്ദി അറിയിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.