Sections

ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്രദമായ സേവനവുമായി ഗൂഗിള്‍പേയും, ഫോണ്‍പേയും

Friday, May 27, 2022
Reported By admin
google pay and phonepe

ഗൂഗിള്‍പേ, ഫോണ്‍പേ പോലുള്ള ജനപ്രിയ യു.പി.ഐ. ആപ്പുകളില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എങ്ങനെ പേര്‍ക്കമെന്നു നോക്കാം

 

രാജ്യത്ത് പ്രധാന പേമെന്റ് മാര്‍ഗമായി യു.പി.ഐ. മാറുകയാണ്. ഉപയോഗിക്കാന്‍ എളുപ്പമാണെന്നതു തന്നെയാണ് ഇതിനു പ്രധാന കാരണം. വെറുമൊരു ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് പണം കൈമാറാം. ഇതോടെ ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം കുറഞ്ഞു. വ്യാപാരികളും കാര്‍ഡുകള്‍ വഴിയുള്ള പേമെന്റുകള്‍ക്കു ചാര്‍ജുകള്‍ വരുന്നതുകൊണ്ട് യു.പി.ഐ. ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്നു. നിങ്ങള്‍ ഒരിക്കലെങ്കിലും ക്രെഡിറ്റ് കാര്‍ഡുകള്‍ യു.പി.ഐ. വഴി ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതെ, ക്രെഡിറ്റ് കാര്‍ഡുകളും യു.പി.ഐ. വഴി ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് സത്യം.

ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ യു.പി.ഐ. വഴി ഉപയോഗിക്കാം

യു.പി.ഐ. ആപ്പുകളിലേക്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ചേര്‍ക്കുന്നതിലൂടെ, പി.ഒ.എസ്. മെഷീനില്‍ സൈ്വപ്പ് ചെയ്യാതെ തന്നെ പേമെന്റ് നടത്താം. പേമെന്റ് നടത്തുന്നതിന് ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് ചേര്‍ത്ത ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് പേമെന്റ് രീതിയായി തെരഞ്ഞെടുക്കുക മാത്രമാണ് വേണ്ടത്. ക്രെഡിറ്റ് കാര്‍ഡുകള്‍ യു.പി.ഐയില്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്നാകും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത് അല്ലേ?

ഒരു ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യു.പി.ഐ. ആപ്പ് വഴി പേമെന്റ് ആരംഭിച്ചു കഴിഞ്ഞാല്‍, പേമെന്റ് പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു ഒ.ടി.പി. ലഭിക്കും. ഇതു നല്‍കിയാല്‍ മാത്രമാകും പേമെന്റ് സാധ്യമാകുക. അതുകൊണ്ടു തന്നെ സുരക്ഷിതമാണ്.

കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

ഇന്നു പെട്ടിക്കടകളില്‍ പോലും യു.പി.ഐ. നല്‍കുന്ന ക്യു.ആര്‍. കോഡുകള്‍ പേമെന്റിന് ലഭ്യമാണ്. വന്‍കിട സ്ഥാപനങ്ങളില്‍ പോലും കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യാണുള്ള സംവിധാനങ്ങള്‍ ഒഴിവാക്കുകയാണ്. കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുന്‌പോള്‍ വ്യാപാരികള്‍ കമ്മിഷന്‍ നല്‍കകേണ്ടി വരുമെന്നതു തന്നെ കാരണം. എന്നാല്‍ യു.പി.ഐ. പേമെന്റുകളില്‍ ഈ പ്രശ്‌നം ഇല്ല.

ഉപയോക്താക്കള്‍ക്കും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഇത്തരം യു.പി.ഐ. ആപ്പുകളില്‍ ചേര്‍ക്കുന്നത് ഗുണമാണ്. പേമെന്റുകള്‍ എളുപ്പം പൂര്‍ത്തീകരിക്കാം എന്നതു തന്നെ പ്രധാന ഗുണം. കൂടാതെ കാര്‍ഡുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും ഇതുവഴിവയ്ക്കും. എവിടെയും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനും അതുവഴി ഗൂഗിള്‍പേ, ഫോണ്‍പേ എന്നിവര്‍ നല്‍കുന്ന ഓഫറുകളും കരസ്ഥമാക്കാം. കാര്‍ഡ് ഉപയോഗത്തിന് ബാങ്കുകള്‍ നല്‍കുന്ന റിവാര്‍ഡ് പോയിന്റുകള്‍ക്കു പുറമേയാണിത്. ഗൂഗിള്‍പേ, ഫോണ്‍പേ പോലുള്ള ജനപ്രിയ യു.പി.ഐ. ആപ്പുകളില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എങ്ങനെ പേര്‍ക്കമെന്നു നോക്കാം.

ഗൂഗിള്‍പേ വഴി ക്രെഡിറ്റ്, ഡെബിറ്റ് പണമടയ്ക്കല്‍

ഗൂഗിള്‍പേ ഉപയോഗിച്ച് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി പണമടയ്ക്കാന്‍, നിങ്ങള്‍ ആദ്യം യു.പി.ഐ. ആപ്പിലേക്ക് കാര്‍ഡുകള്‍ ചേര്‍ക്കേണ്ടതുണ്ട്. ഗൂഗിള്‍പേ വെബ്‌സൈറ്റ് അനുസരിച്ച്, ഒരു വ്യക്തിക്ക് ഇനിപ്പറയുന്ന ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ക്കാന്‍ കഴിയും. പക്ഷെ നിങ്ങളുടെ കാര്‍ഡിന്റെ പേമെന്റ് ഗേറ്റ്വേ വിസ അല്ലെങ്കില്‍ മാസ്റ്റര്‍കാര്‍ഡ് ആയിരിക്കണം.

ചേര്‍ക്കാന്‍ കഴിയുന്ന കാര്‍ഡുകള്‍- ആക്സിസ് ബാങ്ക്, എസ്.ബി.ഐ, എസ്.ബി.ഐ. കാര്‍ഡ്സ്, കോട്ടക് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ആര്‍.ബി.എല്‍. ബാങ്ക്, എച്ച്.എസ്.ബി.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, വണ്‍കാര്‍ഡ്(വിസ).

ഗൂഗിള്‍പേയില്‍ കാര്‍ഡ് ചേര്‍ക്കുന്നതെങ്ങനെ?

ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
പേമെന്റ് രീതികളില്‍ ക്ലിക്ക് ചെയ്യുക. ആപ്പില്‍ ചേര്‍ത്തിട്ടുള്ള നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ അവിടെ കാണിച്ചിരിക്കും.
ഗൂഗിള്‍പേയില്‍ നിങ്ങളുടെ കാര്‍ഡ് ചേര്‍ക്കാന്‍ 'ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ചേര്‍ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ കാര്‍ഡ് നമ്പര്‍, കാലഹരണപ്പെടുന്ന തീയതി, സി.വി.വി, കാര്‍ഡ് ഉടമയുടെ പേര്, ബില്ലിങ് വിലാസം എന്നിവ നല്‍കി സേവ് ചെയ്യുക.
ഇഷ്യൂവറുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക.
നിബന്ധനകള്‍ അംഗീകരിക്കുന്നതോടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് എത്തും. ഇതുകൂടി നല്‍കിയാല്‍ നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍പേയില്‍ സജ്ജമായി കഴിഞ്ഞു.

ഫോണ്‍പേ വഴി ക്രെഡിറ്റ്, ഡെബിറ്റ് പണമടയ്ക്കല്‍

ഫോണ്‍പേ ആപ്പ് ഉപയോഗിച്ച് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി പണമടയ്ക്കാന്‍, പേമെന്റ് രീതികളിലൊന്നായി നിങ്ങള്‍ ആദ്യം ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ചേര്‍ക്കേണ്ടതുണ്ട്. ഫോണ്‍പേ ആപ്പില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ചേര്‍ക്കുന്നതിനുള്ള ഘട്ടങ്ങള്‍ മുകളില്‍ സൂചിപ്പിച്ചതു പോലെയാണ്.

ഫോണ്‍പേ ആപ്പിന്റെ ക്രമീകരണങ്ങളില്‍, പേമെന്റ് രീതികള്‍ പരിശോധിക്കുക. 'പുതിയ കാര്‍ഡ് ചേര്‍ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കണം. ഇവിടെ പെന്നി ഡ്രോപ്പ് രീതി ഉപയോഗിച്ചാകും പരിശോധന. (നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഒരു രൂപ ഡെബിറ്റ് ചെയ്തുകൊണ്ട്). കാര്‍ഡ് വിജയകരമായി പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാല്‍, പേമെന്റുകള്‍ നടത്താം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.