- Trending Now:
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതലമുറ ഗേറ്റുകളും നിർണായക മേഖലകളിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുന്നതിനുള്ള കരാർ ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ സെക്യൂരിറ്റി സൊലൂഷൻസ് ബിസിനസ് കരസ്ഥമാക്കി. ഓട്ടോമാറ്റിക് ആയി നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്ന എഎൻപിആർ സംവിധാനവുമായി സംയോജിപ്പിച്ച അണ്ടർ വെഹിക്കിൾ സ്കാനിങ് സംവിധാനം (യുവിഎസ്എസ്) അതീവ ശക്തിയുള്ള ടയർ കില്ലറുകൾ തുടങ്ങിയവ സ്ഥാപിക്കുന്നത് ഈ പദ്ധതിയിൽപ്പെടും. വാഹന പരിശോധനകൾ കൂടുതൽ മെച്ചപ്പെടുത്താനും വാഹനങ്ങൾ തടയാനും വിമാനത്താവളത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനുമെല്ലാം ഈ സംയോജിത സുരക്ഷാ സംവിധാനങ്ങൾ സഹായകമാകും.
ടെർമിനൽ ഒന്ന്, രണ്ട് എന്നിവിടങ്ങളിൽ അകത്തേക്കും പുറത്തേക്കുമുള്ള ഗേറ്റുകളിൽ ഇവ സ്ഥാപിക്കും. വിമാനത്താവളത്തിലേക്കു വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും ഇതിലൂടെ നിരീക്ഷിക്കുന്നു എന്ന് ഉറപ്പാക്കും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിഷ്കർഷിച്ചിട്ടുള്ള വ്യോമയാന സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലും വ്യോമയാന സുരക്ഷാ നിലവാരങ്ങൾ വർധിപ്പിക്കുന്നതിലും വിമാനത്താവളത്തിനുള്ള പ്രതിബദ്ധതയാണ് ഇവിടെ ആദ്യമായി സ്ഥാപിക്കുന്ന വൻതോതിലെ വാഹന പരിശോധനാ സംവിധാനത്തിലൂടെ ദൃശ്യമാകുന്നത്.
ഇവ സ്ഥാപിക്കുന്നതോടെ വിമാനത്താവളത്തിലെ നിർദ്ദിഷ്ട മേഖലകളിലേക്കു പ്രവേശിക്കുന്ന ഓരോ വാഹനത്തിൻറേയും അണ്ടർ കാരേജ് സ്കാൻ യുവിഎസ്എസ് സംവിധാനത്തിലൂടെ സ്വയം നടക്കും. പരിശോധനകൾ കൂടുതൽ കൃത്യമാകാനും അപകടസാധ്യതകൾ തൽസമയം കണ്ടെത്താനും സംരക്ഷണത്തിനായി ശക്തമായ മാർഗങ്ങൾ സാധ്യമാക്കാനും ഇതു വഴിയൊരുക്കും. വാഹന നമ്പറുകൾ ഓട്ടോമാറ്റിക് ആയി തിരിച്ചറിയുന്നത് കൂടുതൽ ശക്തമായ പരിശോധനകൾക്കും സുരക്ഷാ സംവിധാനങ്ങൾക്കും സഹായകമാകുകയും ചെയ്യും.
ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ സെക്യൂരിറ്റി സൊലൂഷൻസ് ബിസിനസിൻറെ ഒരു നിർണായക നാഴികക്കല്ലാണ് ഈ പദ്ധതി. രാജ്യത്തെ വ്യോമയാന മേഖലയിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലും കേരളത്തിലും, സാന്നിധ്യം വിപുലമാക്കാനും ഇതു വഴിയൊരുക്കും.
തങ്ങളുടെ സെക്യൂരിറ്റി സൊലൂഷൻസ് ബിസിനസിൻറെ നിർണായക വളർച്ചാ മേഖലയാണ് വ്യോമയാനമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പ് സെക്യൂരിറ്റി സൊലൂഷൻസ് ബിസിനസ് മേധാവി പുഷ്കർ ഗോഖലെ പറഞ്ഞു. ആധുനികവും നിയന്ത്രണ മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതവുമായ സുരക്ഷാ സംവിധാനങ്ങൾക്കായി രാജ്യത്തെ വിമാനത്താവളങ്ങൾ വൻ തോതിലാണ് നിക്ഷേപം നടത്തുന്നത്. കൊച്ചി വിമാനത്താവളവുമായുള്ള തങ്ങളുടെ പങ്കാളിത്തം ഉന്നത ശേഷിയുള്ള സുരക്ഷാ സാങ്കേതികവിദ്യാ മേഖലയിലെ തങ്ങളുടെ മേധാവിത്തമാണു സൂചിപ്പിക്കുന്നത്. സ്മാർട്ട് ആയ വാഹന പരിശോധനകൾ, ഓട്ടോമേറ്റഡ് അക്സസ് സംവിധാനങ്ങൾ, അത്യൂധുനിക നിയന്ത്രണ സംവിധാനങ്ങൾ എന്നിവയിൽ ഡിമാൻഡ് വർധിക്കുന്നത് തങ്ങൾ നിരീക്ഷിച്ചു വരികയാണ്. രാജ്യത്തെ സുപ്രധാന വിമാനത്താവളങ്ങളിലെ സാന്നിധ്യം വർധിച്ചു വരുന്നത് തങ്ങളുടെ സംവിധാനങ്ങളിലെ വിശ്വാസ്യത വർധിക്കുന്നതിൻറെ സാക്ഷ്യപത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർണായക അടിസ്ഥാന സൗകര്യ മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾക്കായുള്ള കരാറുകൾ കരസ്ഥമാക്കി കഴിഞ്ഞ വർഷം സെക്യൂരിറ്റി സൊലൂഷൻസ് ബിസിനസ് ശക്തമായ വളർച്ചയാണ് കൈവരിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ചത്രപതി ശിവജി മഹാരാജ അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം, ചൗധരി ചരൺസിങ് അന്താരാഷ്ട്ര വിമാനത്താവളം, രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, അല്ലൂരി സിതാരമ രാജു അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ ഇടങ്ങൾ ഇതിലുൾപ്പെടുന്നു. സിയാലിലെ വിന്യാസം പൂർത്തിയായാൽ കൂടുതൽ ശക്തമായ വിമാനത്താവള സുരക്ഷ, വാഹന പരിശോധന, നിയന്ത്രണ സംവിധാനങ്ങളുടെ കൂടുതൽ ശക്തമായ പാലനം എന്നിവ ഉറപ്പാക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.