Sections

സര്‍ക്കാരിന്റെ വിശ്വാസത്തില്‍ ധൈര്യമായി നിക്ഷേപിക്കാം

Friday, Jan 21, 2022
Reported By admin
business

നിക്ഷേപം നടത്തി 7 വര്‍ഷം വരെ പിന്‍വലിക്കാന്‍ അനുവദിക്കുന്നില്ല. 6 മാസം കൂടുമ്പോഴാണ് പലിശ നല്‍കുന്നതെങ്കിലും പലിശയ്ക്ക് ആദായനികുതിയും  ഉണ്ടാകും

 

സുരക്ഷിതമായ രീതിയില്‍ നമ്മുടെ സമ്പത്ത് നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ പരിധിയിലുള്ള പദ്ധതികളെ ആകും പലപ്പോഴും നമ്മള്‍ ആശ്രയിക്കുക.എന്നാല്‍ ഒട്ടും ഭീതിയില്ലാത്ത രീതിയില്‍ പണം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തന്നെ നേരിട്ടു വന്നാലോ ?.ജനങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളാണ് എഫ്ആര്‍എസ്ബി.അതായത് ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍.

കടം വാങ്ങുന്നത് സര്‍ക്കാര്‍ ആയതിനാല്‍ മുതലും പലിശയും മുടങ്ങുമെന്ന പേടിയില്ലാതെ നിക്ഷേപം നടത്താം. ഒരുപക്ഷേ പൊതുജനങ്ങള്‍ക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷിതത്വമുള്ള അവസരമാണ് എഫ്ആര്‍എസ്ബി.
1000 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്ന എഫ്ആര്‍എസ്ബിയില്‍ ഇപ്പോള്‍ 7.15% വാര്‍ഷിക നിരക്കില്‍ പലിശ ലഭിക്കുന്നു. 

നിക്ഷേപം നടത്തി 7 വര്‍ഷം വരെ പിന്‍വലിക്കാന്‍ അനുവദിക്കുന്നില്ല. 6 മാസം കൂടുമ്പോഴാണ് പലിശ നല്‍കുന്നതെങ്കിലും പലിശയ്ക്ക് ആദായനികുതിയും  ഉണ്ടാകും. കടപ്പത്രങ്ങള്‍ റദ്ദ് ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുന്നതുവരെ നിക്ഷേപ കാലാവധിയുണ്ടാകും.

വ്യക്തികള്‍ക്കു സ്വന്തം പേരിലും കൂട്ടായ പേരുകളിലും ബോണ്ടുകള്‍ വാങ്ങാം. അച്ഛന്‍, അമ്മ, മറ്റ് രക്ഷകര്‍ത്താക്കള്‍ എന്നിവരുടെ പേരിലും കുട്ടികള്‍ക്കു വേണ്ടി നിക്ഷേപം നടത്താം. പ്രവാസികള്‍ക്ക് ബോണ്ട് വാങ്ങാനാകില്ല.ഫ്ളോട്ടിങ് നിരക്കില്‍ പലിശ നിര്‍ണയിക്കുന്നതിനാല്‍ നിരക്ക് മാറിക്കൊണ്ടിരിക്കും. ഓരോ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും തൊട്ടടുത്ത 6 മാസത്തേക്കു ലഭിക്കുന്ന പലിശ നിരക്ക് പ്രഖ്യാപിക്കും. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കു നല്‍കുന്ന നിരക്കില്‍നിന്ന് 35 ബേസിസ് പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന നിരക്കിലായിരിക്കും ബോണ്ടുകള്‍ക്ക് നല്‍കുന്ന പലിശ. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന് ഇപ്പോള്‍ നല്‍കുന്ന 6.8 ശതമാനത്തിനു മുകളില്‍ 0.35 ശതമാനം ചേര്‍ത്ത് 7.15 ശതമാനമാണ് 2020 ഡിസംബര്‍ 31 വരെയുള്ള പലിശ.

വര്‍ഷത്തില്‍ രണ്ട് തവണ, അതായത് ജനുവരി ഒന്നാം തീയതിയും ജൂലൈ ഒന്നാം തീയതിയുമാണ് പലിശ വിതരണം ചെയ്യുക. പലിശ മുതലിനോടു കൂട്ടിച്ചേര്‍ത്ത് പലിശയ്ക്കു പലിശ നല്‍കുന്ന രീതിയില്ല. എന്നാല്‍ ഓരോ 6 മാസം കൂടുമ്പോഴും ലഭിക്കുന്ന പലിശ തുക 1000 രൂപയുടെ ഗുണിതങ്ങളായി വീണ്ടും ബോണ്ടുകള്‍ വാങ്ങാം. പുതുതായി നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് വീണ്ടും 7 വര്‍ഷത്തെ കാലാവധിയുണ്ടാകും.

എല്ലാ പൊതുമേഖലാ ബാങ്കുകളിലും ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിലും നിന്ന് കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിക്കുന്ന ബോണ്ടുകള്‍ വാങ്ങാം. ബോണ്ടുകള്‍ പേപ്പര്‍ രൂപത്തിലല്ലാതെ ഇലക്ട്രോണിക് രൂപത്തില്‍ ബോണ്ട് ലെഡ്ജര്‍ അക്കൗണ്ടുകളായാണ് ലഭിക്കുക. ബോണ്ട് ലെഡ്ജര്‍ അക്കൗണ്ടുകളുടെ ഹോള്‍ഡിങ് സര്‍ട്ടിഫിക്കറ്റുകള്‍ ഉടമയ്ക്കു ലഭിക്കും.

ബോണ്ടുകള്‍ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. ഇക്കാരണത്താല്‍ വില്‍ക്കാന്‍ സാധ്യമല്ല. കൂടാതെ ബോണ്ടുകള്‍ പണയപ്പെടുത്തിയോ ജാമ്യമായി നല്‍കിയോ വായ്പകള്‍ എടുക്കാനും അനുവാദമില്ല. ബോണ്ട് ലെഡ്ജര്‍ അക്കൗണ്ട് തുടങ്ങിയിട്ടുള്ളവര്‍ മരണമടഞ്ഞാല്‍ നോമിനിയ്ക്കോ അനന്തരാവകാശികള്‍ക്കോ പേര് മാറ്റി നല്‍കും.

ബോണ്ടുകളില്‍ പലിശ നിരക്ക് പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു പോലെയാണെങ്കിലും നിക്ഷേപ കാലാവധിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുണ്ട്. 60നു മുകളില്‍ പ്രായമുള്ളവര്‍ക്ക് നിക്ഷേപം 7 കൊല്ലം തികയുന്നതിനുമുന്‍പു പിന്‍വലിച്ചെടുക്കാന്‍ അനുവദിക്കുന്നുണ്ട്.

ഏതു പ്രായക്കാരുടേയും മിച്ച സമ്പാദ്യ നിക്ഷേപങ്ങളില്‍ ഒരു നിശ്ചിത ശതമാനം തുക നിശ്ചയമായും എഫ്ആര്‍എസ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കാം.പ്രായം കൂടുന്നതനുസരിച്ച് ബോണ്ടുകളിലെ നിക്ഷേപ അനുപാതം ഉയര്‍ത്താം. വിപണിയിലും സ്ഥാപനങ്ങളിലും എന്തൊക്കെ തകര്‍ച്ച സംഭവിച്ചാലും ബോണ്ടുകളിലെ പണവും ലഭിക്കാനുള്ള പലിശയും സുരക്ഷിതമായിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.