Sections

ഫുഡ് ബിസിനസിന് fssai ലൈസന്‍സ് വേണം എന്നാല്‍ ഇനിയും സംശയം ബാക്കിയുണ്ടല്ലേ?

Saturday, Dec 18, 2021
Reported By Admin
food

ഫുഡ് സേഫ്റ്റി ലൈസന്‍സും രജിസ്‌ട്രേഷനും ആര്‍ക്ക്? എന്തിന്? സംശയങ്ങള്‍ തീര്‍ക്കാം


കോവിഡ് ലോക്ഡൗണ്‍ കാലഘട്ടത്തിലാണ് വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യ വസ്തുക്കളുടെ വില്‍പന വര്‍ധിച്ചത്. അത് ഏറെയും കേക്കിന്റെ വില്‍പനയായിരുന്നു. എന്നാല്‍ ഇത്തരം വില്‍പന കേന്ദ്രങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഫുഡ് ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിരുന്നു. വീടുകള്‍ കേന്ദ്രീകരിച്ചുള്ള കേക്ക്, ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണവും വില്‍പ്പനയും നിയമാനുസൃതമാക്കണമെന്ന് കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് വകുപ്പ് അറിയിച്ചത്. എന്നാല്‍ ഇപ്പോഴും പലര്‍ക്കുള്ളിലും അവശേഷിക്കുന്ന സംശയമാണ് ഫുഡ് സേഫ്റ്റി ലൈസന്‍സും രജിസ്‌ട്രേഷനും ആര്‍ക്ക്? എന്തിന്? സംശയങ്ങള്‍ തീര്‍ക്കാം.

ഗുണഭോക്താക്കളിലെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ആണ് എഫ്എസ്എസ്എഐയുടെ രജിസ്‌ട്രേഷനും ലൈസന്‍സും വഴി ഉദ്ദേശിക്കുന്നത്. വലിയ ഹോട്ടലുകള്‍ മുതല്‍ ഹോം ബേക്കേര്‍സ് വരെ ഇതിലുള്‍പ്പെടും. ആധുനിക കാലത്ത് പായ്ക്കറ്റുകളിലെ fssai നമ്പര്‍ നോക്കി ഭക്ഷണം വാങ്ങുന്ന ശീലത്തിലേക്കാണ് പോക്കെന്നിരിക്കെ ഇതൊഴിവാക്കിയൊരു ഭാവി ഇല്ലെന്ന് വിദഗ്ധര്‍ പറയുന്നു. fssai രജിസ്‌ട്രേഷന്‍ മൂന്നു തരത്തിലുണ്ട്.

fssai സ്‌റ്റേറ്റ് ലൈസന്‍സ്(ഫോം ബി) 

പൊതുവെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സ് ബേക്കറി അടക്കമുള്ള ഭക്ഷണ നിര്‍മ്മാണ വിതരണ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 12 ലക്ഷം മുതല്‍ 20 കോടിവരെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ എടുക്കേണ്ടതാണ്. ഇത്തരം ലൈസന്‍സ് fssai സ്റ്റേറ്റ് ഫുഡ് ലൈസന്‍സ് എന്നപേരില്‍ അറിയപ്പെടുന്നു.

fssai സെന്‍ട്രല്‍ ഫുഡ് ലൈസന്‍സ്(ഫോം ബി) 

സ്റ്റോറേജ് യൂണിറ്റ് ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍, റീട്ടെയിലര്‍മാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഇത് ബാധകമാണ്. ഇനി വാര്‍ഷിക വിറ്റുവരവ് 20 കോടിക്ക് മുകളിലാണെങ്കില്‍ സംരംഭകര്‍ എടുക്കേണ്ടത് fssai സെന്‍ട്രല്‍ ഫുഡ് ലൈസന്‍സ് ആണ്. ഇ-കൊമേഴ്‌സും രാജ്യത്തിന് പുറത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതിനടക്കം ഈ ലൈസന്‍സ് മതിയാകും.

fssai ബേസിക് രജിസ്‌ട്രേഷന്‍(ഫോം എ) 

എന്നാല്‍ സാധാരണ ഹോം ബേക്കിംഗ്, ചെറുകിട ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകള്‍ അടക്കം 12 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറിയൊരു പ്രദേശത്ത് മാത്രം പ്രവര്‍ത്തിക്കുന്ന ബിസിനസുള്ളവര്‍ fssai-യില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും അവര്‍ക്ക് ലൈസന്‍സ് വാങ്ങേണ്ട ആവശ്യം വരുന്നില്ല.

ആധാര്‍, പാന്‍ കാര്‍ഡ് അടക്കം ഏതെങ്കിലും ഐഡന്റിറ്റി കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയ്ക്കും ഒപ്പം രജിസ്‌ട്രേഷന് അപേക്ഷിക്കാം. ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ നിന്നോ ഗവണ്‍മെന്റ് ഡോക്ടര്‍മാരില്‍ നിന്നോ ഒരു ഹെല്‍ത്ത് കാര്‍ഡ് കൂടി അത്യാവശ്യമായി സൂക്ഷിക്കേണ്ടതാണ്. അപേക്ഷകന് മറ്റൊരാളിലേക്ക് പകരുന്ന രോഗങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പിക്കാനാണിത്.

ഒരു സ്ഥലത്ത് ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നിലേറെ നടക്കുന്നു എങ്കില്‍ ഉദാഹരണത്തിന് ഹോട്ടലും റീപായ്ക്കിംഗും പോലുള്ള ബിസിനസുകള്‍ ഒരിടത്ത് ചെയ്യുന്നെങ്കില്‍ ഒരൊറ്റ ലൈസന്‍സ് മതിയാകും. കാരണം fssai ലൈസന്‍സ് എപ്പോഴും ലൊക്കേഷനെ അടിസ്ഥാ നമാക്കിയുള്ളതാണ്.മള്‍ട്ടിപ്പിള്‍ ലൈസന്‍സ് എടുക്കാനുള്ള വഴിയുമില്ല.

ഏറ്റവും പുതിയ നിയമം അനുസരിച്ച് fssai നമ്പര്‍ നിങ്ങളുടെ ഉത്പന്നത്തിലും പായ്ക്കറ്റിലും ഹോട്ടല്‍ പോലുള്ള സ്ഥാപനം ആണെങ്കില്‍ നെയിം ബോര്‍ഡിലും ബില്ലിലും അടക്കം നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ fssai രജിസ്‌ട്രേഷന്‍ expired ആകുന്നതിന് മുന്‍പ് പുതുക്കാന്‍ ശ്രദ്ധിക്കുക. തീയതി കഴിഞ്ഞ് കാലഹരണപ്പെട്ടാല്‍ പിന്നെ വീണ്ടും പുതിയ അപേക്ഷ നല്‍കി പുതിയ fssai രജിസ്‌ട്രേഷനും നമ്പറും സ്വീകരിക്കേണ്ടി വരും. 

രജിസ്‌ട്രേഷന്‍ എടുത്ത് കൃത്യം 11-ാം മാസത്തിനു മുന്‍പ് തന്നെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ മറക്കരുത്. ഡേറ്റ് കഴിയുന്ന ഓരോ ദിവസവും 100 രൂപ വെച്ച് പിഴയൊടുക്കേണ്ടി വരും. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ ഭക്ഷ്യമേഖലയിലെ സംരംഭം പൂര്‍ണമായി നിങ്ങള്‍ അവസാനിപ്പിക്കുന്ന സാഹചര്യമുണ്ടായാല്‍ നിങ്ങളുടെ പക്കലുള്ള fssai രജിസ്‌ട്രേഷനും ലൈസന്‍സും ക്യാന്‍സലേഷനിലൂടെ സറണ്ടര്‍ ചെയ്യേണ്ടതുണ്ട്.

എപ്പോഴും fssai രജിസ്‌ട്രേഷന്‍ എടുത്തതിന് ശേഷം മാത്രം ബിസിനസ് ആരംഭിക്കുക അത് ചെറുതായാലും വലുതായാലും. ഇടയ്ക്ക് എപ്പോഴെങ്കിലും രജിസ്‌ട്രേഷന്‍ മുടങ്ങുകയോ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയോ ചെയ്താല്‍ ബിസിനസ് ചെയ്യാനുള്ള അനുവാദം വിലക്കപ്പെട്ടു എന്ന തിരിച്ചറിയുക. fssai രജിസ്‌ട്രേഷന്‍ ഉള്ളിടത്തോളം കാലമെ നിങ്ങള്‍ക്ക് ബിസിനസ് ചെയ്യാന്‍ സാധിക്കു. അറിവില്ലായ്മ കാരണം ഇവയോടൊക്കെ വിമുഖത കാണിച്ചാല്‍ ബിസിനസ് ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ തന്നെ വന്നേക്കാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.