Sections

കഴിക്കാം വിഷരഹിത മത്സ്യം: പെരിന്തൽമണ്ണയിൽ മത്സ്യ ഫെഡിന്റെ ഫിഷ് മാർട്ട് പ്രവർത്തനം തുടങ്ങി

Tuesday, Aug 15, 2023
Reported By Admin
Matsyafed

വിഷരഹിത മത്സ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മത്സ്യ ഫെഡിന്റെ നേതൃത്വത്തിലുള്ള ഹൈടെക് ഫിഷ്മാർട്ട് പെരിന്തൽമണ്ണയിൽ പ്രവർത്തനം തുടങ്ങി. പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ കായിക, വഖഫ്, ഹജ്ജ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ ഫിഷ്മാർട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി. ഷാജി മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയർമാൻ പി. ഷാജിക്ക് മത്സ്യം നൽകി നജീബ് കാന്തപുരം എം.എൽ.എ ആദ്യവിൽപ്പന നിർവഹിച്ചു.

ചടങ്ങിൽ മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ എം.എസ് ഇർഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ എ. നസീറ, നഗരസഭാ കൗൺസിലർ സക്കീർ ഹുസൈൻ, സെക്രട്ടറി മിത്രൻ, ഫിഷറീസ് അസി. രജിസ്ട്രാർ എം. സുനിൽ കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് ഭരണ സമിതി അംഗം പി.പി സൈതലവി സ്വാഗതവും ജില്ലാ മാനേജർ ഇ. മനോജ് നന്ദിയും പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി, ഏറ്റവും ഗുണമേന്മയുള്ളതും രാസവസ്തു വിമുക്തവുമായ മത്സ്യം ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള 'ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ഫിഷ് മാർട്ട്' പദ്ധതിയുടെ ഭാഗമായാണ് പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്സിൽ ഫിഷ്മാർട്ട് പ്രവർത്തനം തുടങ്ങിയത്. മലപ്പുറം ജില്ലയിലെ വിവിധ ഹാർബറുകൾ, ഫിഷ് ലാന്റിങ് സെന്ററുകൾ എന്നിവിടങ്ങളിലെ മത്സ്യ തൊഴിലാളികളിൽ നിന്നാണ് ഫിഷ് മാർട്ടിലേക്ക് മത്സ്യം ശേഖരിക്കുക. മത്സ്യ വിൽപ്പനയോടൊപ്പം മത്സ്യങ്ങളുടെ വിവിധ മൂല്യ വർധിത ഉൽപ്പന്നങ്ങളും ഇവിടെ നിന്ന് പൊതുജനങ്ങൾക്ക് വാങ്ങാനാവും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.